Pudukad News
Pudukad News

കൈയില്‍ കരുതിയ ബിസ്‌കറ്റുമായി നിന്ന അവരുടെ അടുത്തേയ്ക്ക് അവളിനി എത്തില്ല.ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ പ്രിയപ്പെട്ടവള്‍ അവരെ വിട്ട് പോയി.



ഗുരുവായൂർ: പതിവിലും വിപരീതമായിരുന്നു ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ ഇന്നലെ. പതിവ് യാത്രക്കാരില്‍ പലരും ശോകമൂകമായിരുന്നു.

കൈയില്‍ കരുതിയ ബിസ്‌കറ്റുമായി നിന്ന അവരുടെ അടുത്തേയ്ക്ക് അവളിനി എത്തില്ല. ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ പ്രിയപ്പെട്ടവള്‍ അവരെ വിട്ട് പോയി. റോസി വെറുമൊരു തെരുവുനായയായിരുന്നില്ല അവർക്ക്. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെ അവളുടെ സേവനം അവിടെ ഉണ്ടായിരുന്നു.

12 വർഷം മുൻപു രണ്ടു മാസം പ്രായമുള്ളപ്പോള്‍ അനാഥയായി കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിലെത്തിയ പട്ടിക്കുട്ടി ചുരുങ്ങിയ സമയം കൊണ്ട് മുന്നൂറിലേറെ ജീവനക്കാരുടെ സ്നേഹമാണ് നേടിയെടുത്തത്. അമ്മനായ ചത്തതോടെ ഒറ്റയ്ക്കായ കുഞ്ഞിനെ കെ.എസ്.ആര്‍.ടി.സി. ഗാരേജിലെ ജീവനക്കാരനായ അഞ്ഞൂര്‍ സ്വദേശി സി.എസ്. ഉണ്ണികൃഷ്ണന്‍ എടുത്തുവളര്‍ത്തി. അക്കാലത്തിറങ്ങിയ സെല്ലുലോയ്ഡ് സിനിമയിലെ നായികയുടെ പേരുമിട്ടു.

ഗാരേജ് ജീവനക്കാരുടെ കണ്ണിലുണ്ണിയായി അവള്‍ വളര്‍ന്നു. ബസ്സുകള്‍ ഒഴികെ മറ്റൊരു വാഹനവും ഗാരേജിനുള്ളില്‍ കടക്കാന്‍ റോസി അനുവദിച്ചിരുന്നില്ല. ജീവനക്കാരെ മാത്രമേ ഗാരേജിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കുമായിരുന്നുള്ളൂ. അപരിചതരെ തടഞ്ഞു നിര്‍ത്തും. കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ തിരിച്ചറിഞ്ഞ് റോസി പെരുമാറാറുണ്ടായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു.

രണ്ടുമാസം മുമ്ബാണ് റോസി അസുഖബാധിതയാകുന്നത്. ഡോക്ടറെ കാണിച്ചപ്പോള്‍ റോസിയുടെ ഹൃദയവാല്‍വിന് തകരാര്‍ കണ്ടെത്തി. പക്ഷെ ചികിത്സ വിഫലമാക്കി കൊണ്ട് റോസി യാത്രയായി. സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് ഡിപ്പോ ജീവനക്കാര്‍ റോസിയെ യാത്രയാക്കിയത്. ജഡം വെള്ളത്തുണിയില്‍ പൂക്കള്‍ വിരിച്ചു കിടത്തി ചെരാതുകള്‍ തെളിച്ച്‌ ജീവനക്കാർ അന്ത്യോപചാരം അർപ്പിച്ചു. ഡിപ്പോ പരിസരത്തു തന്നെ കുഴിമാടമൊരുക്കി സംസ്‌കരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price