2024 | സെപ്റ്റംബർ 20 | വെള്ളി
1200 | കന്നി 4 | അശ്വതി
1446 | റ. അവ്വൽ | 16.
➖➖➖➖➖➖➖➖
◾ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. സംസ്ഥാന പോലീസ് മേധാവി നല്‍കിയ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്. അന്വേഷണസംഘത്തെ ഇന്ന് തീരുമാനിക്കും. അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിര്‍മ്മാണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് എ.ഡി.ജി.പിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരിക. സസ്‌പെന്‍ഷനില്‍ തുടരുന്ന മലപ്പുറം മുന്‍ എസ്.പി. സുജിത്ത് ദാസിനെതിരേയും അന്വേഷണമുണ്ടാകും. എഡിജിപി എം ആര്‍ അജിത്ത് കുമാറിനെ മാറ്റാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടില്‍ അതൃപ്തി പരസ്യമാക്കി ഇന്നലെ സിപിഐ പരസ്യമായി രംഗത്ത് വന്നിരുന്നു. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ വിശദീകരണം പോലും ഇല്ലെന്നിരിക്കെ എഡിജിപിയെ പുറത്താക്കണമെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ സിപിഐ നേതാവ് പ്രകാശ് ബാബു തുറന്നടിച്ചിരുന്നു.
◾ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കളായ പി.ജയരാജനും ടി.വി. രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിയ സി.ബി.ഐ കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊലയാളികളും കൊലപാതകത്തിന് ഗൂഡാലോചന നടത്തിയവരും ഉള്‍പ്പെടെയുള്ള എല്ലാ ക്രിമിനലുകളും ശിക്ഷിക്കപ്പെടണം എന്നും അദ്ദേഹം പറഞ്ഞു.
◾ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പി ജയരാജനെ പുറത്താക്കണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ബല്‍റാം ആവശ്യപ്പെട്ടു. അരിയില്‍ ഷുക്കൂര്‍ എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ജയരാജന് ആ പദവിയിലിരിക്കാന്‍ അര്‍ഹതയില്ലെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
◾ നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്നലെ ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ആകെ 37 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്നലെ പുതുതായി രണ്ടു പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്.
◾ മലപ്പുറത്ത് 7 പേര്‍ക്ക് നിപ രോഗലക്ഷണങ്ങളെന്ന് മന്ത്രി വീണാ ജോര്‍ജ്. സമ്പര്‍ക്ക പട്ടികയില്‍ 267 പേരാണുളളത്. ഇതില്‍ 37 സാമ്പിളുകള്‍ നെഗറ്റീവാണ്. മറ്റുളള സാമ്പിളുകള്‍ ഉടന്‍ പരിശോധനക്ക് അയക്കും. നിപ ഇനി രണ്ടാമതൊരാള്‍ക്കില്ലെന്ന് ഉറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
◾ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് തുടങ്ങിയേക്കും. ഡ്രഡ്ജര്‍ ഇന്ന് രാവിലെ എട്ട് മണിയോടെ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് എത്തിക്കാമെന്നാണ് കണക്കുകൂട്ടല്‍. ഈ ഡ്രഡ്ജര്‍ നിശ്ചിത സ്ഥാനത്ത് ഉറപ്പിക്കാന്‍ 4-5 മണിക്കൂര്‍ വേണ്ടി വരും. നാവികസേനയുടെ ഡൈവര്‍മാരുടെ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം എത്തിയേക്കുമെന്നാണ് വിവരങ്ങള്‍.
◾ കരുവന്നൂര്‍ ബാങ്കില്‍ നിന്നും ബന്ധുക്കളുടെ നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് മാപ്രാണം സ്വദേശി ജോഷി ബാങ്കിന് മുന്നില്‍ മേല്‍വസ്ത്രം ഊരി പ്രതിഷേധിച്ചു. ബന്ധുക്കളുടെ പേരിലുള്ള മുഴുവന്‍ നിക്ഷേപ തുകയായ 60 ലക്ഷത്തോളം രൂപ ഒരുമിച്ച് നല്‍കാന്‍ സാധിക്കില്ലെന്ന് ബാങ്ക് നിലപാട് സ്വീകരിച്ചതോടെയാണ് ജോഷി ബാങ്കിന് മുന്നില്‍ മേല്‍വസ്ത്രം ഊരിഞ്ഞ് മാറ്റി പ്രതിഷേധിച്ചത്.
◾ കഥാകൃത്തിന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സംവിധായകന്‍ വി.കെ പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ ഹൈക്കോടതി വി.കെ പ്രകാശിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
◾ തനിക്കെതിരെ നടി നല്‍കിയ പരാതിയില്‍ പ്രതികരിച്ച് നടന്‍ ജയസൂര്യ. കേസ് കോടതിയിലായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അഭിഭാഷകന്‍ പറയുന്ന ദിവസം മാധ്യമങ്ങളെ കാണുമെന്നും എല്ലാം വഴിയേ മനസ്സിലാകുമെന്നും ജയസൂര്യ പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി അമേരിക്കയിലായിരുന്ന ജയസൂര്യ തിരിച്ചെത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
◾ കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്കിനെതിരെ സമരവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അനധികൃത നിയമനമാരോപിച്ച് ബാങ്കിനെതിരെ സമരവുമായി മുന്നോട്ടു പോവുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് ഭരണത്തിന് കീഴിലുള്ള ബാങ്കിനെ സിപിഎമ്മിന്റെ കയ്യിലെത്തിക്കാന്‍ നീക്കം നടത്തിയെന്നാണ് നിലവിലെ ഭരണ സമിതിക്കെതിരായ ആരോപണം.
◾ വൈദ്യുതി ബില്ല് മലയാളത്തിലാക്കണമെന്ന് റഗുലേറ്ററി കമ്മീഷന്‍ അദാലത്തില്‍ ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ബില്ലുകള്‍ മലയാളത്തില്‍ നല്‍കിത്തുടങ്ങി. ഇംഗ്ലീഷിലെ ബില്ലുകള്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. മീറ്റര്‍ റീഡിംഗ് മെഷീനില്‍ തന്നെ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് ബില്ല് മലയാളത്തിലോ ഇംഗ്ളീഷിലോ നല്‍കും.
◾ വാക്ക് പറഞ്ഞ് പറ്റിച്ചെന്ന പരാതിയില്‍ ടൂര്‍ ഏജന്‍സിക്കെതിരെ നടപടി. ട്രാവല്‍ വിഷന്‍ ഹോളിഡേയ്‌സ് എന്ന സ്ഥാപനത്തിനോട് 75000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാനും 3000 രൂപ കോടതി ചെലവായി നല്‍കാനും എറണാകുളം ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം വിധിച്ചു.
◾ മഞ്ഞ,പിങ്ക് റേഷന്‍ കാര്‍ഡ് ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്ഡേഷന്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 24 വരെ തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്കും, 25 മുതല്‍ ഒക്ടോബര്‍ 1 വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലക്കാര്‍ക്കും ഒക്ടോബര്‍ 3 മുതല്‍ 8 വരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലുള്ളവര്‍ക്കും അപ്‌ഡേഷന്‍ നടത്താം
◾ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീപിടിത്തത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂര്‍ സ്വദേശി സൂരജ് പണിക്കര്‍ (34) ആണ് മരിച്ചത്. മത്തിക്കരെയിലെ എം.എസ് രാമയ്യ മെഡിക്കല്‍ കോളേജില്‍ ഉച്ചയോടെ ആണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തം ഉണ്ടായ ഇടത്ത് നിന്ന് മാറ്റി സൂരജിനെ രക്ഷപ്പെടുത്തുന്നതില്‍ ആശുപത്രിക്ക് വീഴ്ച ഉണ്ടായെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
◾ ആലപ്പുഴയിലെ സുഭദ്ര കൊലപാതകത്തില്‍ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി . ശര്‍മിളയെയും മാത്യൂസിനെയും ഒറ്റയ്ക്കൊറ്റയ്ക്ക് എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. വീടിന് പിറക് വശത്ത് അല്‍പം മാറി ചതുപ്പില്‍ നിന്ന് സുഭദ്ര ഉപയോഗിച്ച തലയണ പൊലീസ് കണ്ടെത്തി. കൊലയ്ക്കിടെ രക്തം പുരണ്ടതിനാല്‍ തലയണ ഉപേക്ഷിച്ചുവെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.
◾ കുഴഞ്ഞുവീണ് മരിച്ച ഏണസ്റ്റ് ആന്‍ഡ് യങ് ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ വീട്ടില്‍ കമ്പനി അധികൃതരെത്തി. അമിതജോലിഭാരം മൂലമാണ് അന്നയുടെ മരണമെന്ന ആരോപണം നിലനില്‍ക്കെയാണ് കമ്പനി അധികൃതര്‍ അന്നയുടെ കൊച്ചിയിലെ വീട്ടിലെത്തിയത്. അന്വേഷണം ആവശ്യപ്പെട്ടെങ്കിലും കമ്പനി ഉറപ്പൊന്നും നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് പശ്ചിമബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ കഴിഞ്ഞ 41 ദിവസമായി തുടരുന്ന പണിമുടക്ക് ഭാഗികമായി പിന്‍വലിച്ചു. ഡോക്ടര്‍മാര്‍ നാളെ മുതല്‍ അത്യാഹിത വിഭാഗങ്ങളില്‍ തിരികെ ഡ്യൂട്ടിക്ക് കയറുമെന്ന് അറിയിച്ചു. അതേസമയം ഒപി ബഹിഷ്‌കരണം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് കൊല്‍ക്കത്തയില്‍ റാലി നടത്തി ഇപ്പോത്തെ സമരം അവസാനിപ്പിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ പ്രളയ സാഹചര്യം കൂടി കണക്കിലെടുത്താണ് കടുത്ത സമരത്തില്‍ നിന്ന് പിന്മാറുന്നതെന്ന് ഡോക്ടര്‍മാരുടെ സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ അറിയിച്ചിട്ടുണ്ട്.
◾ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ ഡോക്ടര്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി. പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സിലിന്റേതാണ് നടപടി. ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ടും സാമ്പത്തിക ക്രമക്കേടുകളിലും സന്ദീപ് ഘോഷിനെ സി.ബി.ഐ. അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് കൗണ്‍സിലിന്റെ നടപടി.
◾ തിരുപ്പതിയില്‍ പ്രസാദമായി നല്‍കുന്ന ലഡു ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പെന്ന്് റിപ്പോര്‍ട്ട്. നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാവുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വൈഎസ്ആര്‍ കോണ്‍ഗ്രസിനെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു രംഗത്തെത്തി.
◾ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ തോമസ് കെ തോമസ് അമേരിക്കയില്‍ നിര്യാതനായി. വാഷിങ്ടണ്‍ ഇന്ത്യന്‍ എംബസിയില്‍ ബുധനാഴ്ച രാത്രിയാണ് മരിച്ചത്. അമേരിക്കയിലെ ഇന്ത്യന്‍ എംബസിയിലെ അറ്റാഷേ ആയിരുന്നു. രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസിന്റെ ഭാര്യാ സഹോദരനാണ് മരിച്ച തോമസ് കെ തോമസ്.
◾ ഒരു കാലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞിരുന്ന ജമ്മു കശ്മീര്‍ ജനതയുടെ കയ്യില്‍ ഇപ്പോള്‍ പുസ്തകങ്ങളും പേനകളുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലെ റെക്കോര്‍ഡ് വോട്ടിംഗ് ശതമാനത്തെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പത്ത് വര്‍ഷത്തിനിടെ ആദ്യമായി നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗാണ് ജമ്മു കശ്മീരില്‍ രേഖപ്പെടുത്തിയത്.
◾ രാഹുല്‍ ഗാന്ധിക്കെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ കര്‍ണാടക പിസിസി ഭാരവാഹികളുടെ പരാതി പ്രകാരം കേന്ദ്രമന്ത്രി റവ്നീത് സിങ് ബിട്ടുവിനെതിരെ കേസെടുത്തു. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ബംഗളൂരു പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രാഹുല്‍ ഒന്നാം നമ്പര്‍ തീവ്രവാദിയാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.
◾ രാജസ്ഥാനിലെ അസിസ്റ്റന്റ് കളക്ടര്‍ മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. ജോധ്പൂരിലെ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ അപാകതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടു.
◾ മോശമായ റോഡുകളുടെ പേരില്‍ ഏജന്‍സികളേയും കരാറുകാരെയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മോശമായി പ്രവര്‍ത്തിക്കുന്നവരുടെ ബാങ്ക് ഗ്യാരണ്ടി കണ്ടുകെട്ടുമെന്നും പുതിയ ടെന്‍ഡറുകള്‍ക്ക് അപേക്ഷിക്കാന്‍ ഇവരെ അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
◾ ജമ്മു കശ്മീരില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഭീകര ഗ്രൂപ്പുകളില്‍ നിന്ന് ഇന്ത്യ വലിയ ഭീഷണിയാണ് നേരിടുന്നതെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കള്ളംപ്പണം വെളുപ്പിക്കുന്നിനുള്ള പ്രധാന സ്രോതസ്സുകള്‍ രാജ്യത്തിനുള്ളില്‍ തന്നെയാണെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത് സാധ്യമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ റെയില്‍പാളത്തിന് കുറുകെ വെച്ച നിലയില്‍ ആറ് മീറ്റര്‍ നീളമുള്ള ഇരുമ്പ് തൂണ്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബിലാസ്പുര്‍ റോഡ് റെയില്‍വേ സ്റ്റേഷനും ഉത്തരാഖണ്ഡിലെ രുദ്രപുര്‍ സിറ്റി റെയില്‍വേ സ്റ്റേഷനും ഇടയിലായാണ് പാളത്തില്‍ ഇരുമ്പ് തൂണ്‍ കണ്ടെത്തിയത്. പാളത്തില്‍നിന്ന് ഇരുമ്പ് തൂണ്‍ നീക്കം ചെയ്തശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നതെന്നും റെയില്‍വേ പ്രസ്താവനയില്‍ അറിയിച്ചു.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ റഷ്യ-യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള തുടര്‍ചര്‍ച്ചകള്‍ നടക്കുമെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. സമവായത്തിന് ശ്രമിക്കുമെന്നും എന്ത് ഫലം ഉണ്ടാകുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
◾ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ഉന്നതരെ വധിക്കാന്‍ ഇറാന്റെ പിന്തുണയോടെ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന ഇസ്രയേലി പൗരന്‍ അറസ്റ്റില്‍. തുര്‍ക്കിയുമായി ബന്ധമുള്ള വ്യവസായിയെയാണ് ഇസ്രയേലി സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.
◾ തങ്ങള്‍ വലിയ തിരിച്ചടി നേരിട്ടുവെന്നും പേജര്‍ ആക്രമണത്തോടെ ഇസ്രയേല്‍ അവരുടെ സകലസീമകളും ലംഘിച്ചിരിക്കുന്നെന്നും ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ല. എല്ലാ നിയമങ്ങള്‍ക്കും ധാര്‍മികതയ്ക്കും അപ്പുറത്തേക്ക് ശത്രു കടന്നിരിക്കുന്നുവെന്നും ഇസ്രയേല്‍ നടപടി യുദ്ധപ്രഖ്യാപനമാണെന്നും നസ്റല്ല കൂട്ടിച്ചേര്‍ത്തു.
◾ കഴിഞ്ഞ ദിവസങ്ങളിലെ സ്‌ഫോടനപരമ്പരയ്ക്കു പിന്നാലെ ദക്ഷിണ ലെബനനില്‍ ഇസ്രയേല്‍ ഇന്നലെ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ല ടെലിവിഷനിലൂടെ അഭിസംബോധന നടത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു ആക്രമണം ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍.
◾ ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തിട്ടുണ്ട്. 144 റണ്‍സെടുക്കുമ്പോഴേക്കും 6 വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യയെ കരകയറ്റിയത് പുറത്താകാതെ നില്‍ക്കുന്ന 102 റണ്‍സെടുത്ത് രവിചന്ദ്രന്‍ അശ്വിനും 86 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും ചേര്‍ന്നായിരുന്നു. മുന്‍നിരയിലെ ആദ്യ നാല് വിക്കറ്റെടുത്ത ബംഗ്ലാദേശ് പേസര്‍ ഹസന്‍ മഹ്‌മൂദാണ് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാഴ്ത്തിയത്.
◾ ഇന്ത്യയിലെ ആദ്യത്തെ ബോയിംഗ് 737 മാക്സ് 9 സ്വന്തമാക്കി മുകേഷ് അംബാനി. ഏകദേശം 1,000 കോടി രൂപയാണ് ഈ അള്‍ട്രാ ലോംഗ് റേഞ്ച് ബിസിനസ് ജെറ്റിന്റെ വില. ഇന്ത്യയില്‍ ഒരു വ്യവസായിയുടെ കൈവശമുളള ഏറ്റവും ചെലവേറിയ സ്വകാര്യ ജെറ്റ് എന്ന നേട്ടവും ഇതോടെ മുകേഷ് അംബാനിയുടെ പേരിലായി. ഈ പുതിയ ജെറ്റിന് പുറമെ മറ്റ് ഒമ്പത് സ്വകാര്യ ജെറ്റുകള്‍ കൂടി റിലയന്‍സ് ഇന്‍ഡസ്ട്രീസിനുണ്ട്. ഒറ്റ പറക്കലില്‍ വിമാനത്തിന് 6,355 നോട്ടിക്കല്‍ മൈല്‍ (11,770 കിലോമീറ്റര്‍) ദൂരം സഞ്ചരിക്കാനാകും. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസല്‍-മള്‍ഹൗസ്-ഫ്രീബര്‍ഗ് യൂറോ എയര്‍പോര്‍ട്ടില്‍ വിപുലമായ ക്യാബിന്‍ പരിഷ്‌ക്കരണങ്ങള്‍ക്കും ഇന്റീരിയര്‍ നവീകരണത്തിനും ശേഷമാണ് ബോയിംഗ് മാക്‌സ് 9 ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെത്തുന്നതിനു മുമ്പായി ബാസല്‍, ജനീവ, ലണ്ടനിലെ ലൂട്ടണ്‍ വിമാനത്താവളങ്ങള്‍ക്കിടയില്‍ ജെറ്റ് ആറ് പരീക്ഷണ പറക്കലുകള്‍ പൂര്‍ത്തിയാക്കി. നിലവില്‍ വിമാനം ഡല്‍ഹി എയര്‍പോര്‍ട്ടിലാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന മുംബൈയിലേക്ക് ജെറ്റ് ഉടന്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ ആന്റണി വര്‍ഗീസ് നായകനായി വന്ന ചിത്രമാണ് 'കൊണ്ടല്‍'. ആക്ഷന് പ്രാധാന്യം നല്‍കിയ കുടുംബ ചിത്രത്തിന് തിയേറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൊണ്ടലിന്റെ മെയ്ക്കിംഗ് വീഡിയോ ഗാനം പുറത്തുവിട്ടു. ചിത്രത്തിന്റെ സംവിധാനം അജിത് മാമ്പള്ളി ആണ്. കടല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്നതാണ് ചിത്രം. കൊണ്ടലിന്റെ പ്രധാന ഒരു ഹൈലൈറ്റെന്ന് പറയുന്നത് കടലില്‍ വെച്ച് ചിത്രീകരിച്ച ആക്ഷന്‍ രംഗങ്ങള്‍ ആണ്. സിനിമയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സിനാണ്. നിര്‍മാതാവ് സോഫിയ പോളാണ്. ആന്റണി വര്‍ഗീസിനൊപ്പം കന്നഡയില്‍ നിന്നുള്ള താരം രാജ് ബി ഷെട്ടിക്ക് പുറമേ ഷബീര്‍ കല്ലറക്കല്‍, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലി, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്മ കുമാരി എന്നിവരും കൊണ്ടലില്‍ ഉണ്ട്.
◾ ഉണ്ണി മുകുന്ദന്‍, നിഖില വിമല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. സ്‌കന്ദ സിനിമാസും കിംഗ്സ്മെന്‍ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം വിനയ് ഗോവിന്ദ് ആണ് സംവിധാനം ചെയ്യുന്നത്. സജീവ് സോമന്‍, സുനില്‍ ജയിന്‍, സാം ജോര്‍ജ്ജ് എന്നിവര്‍ നിര്‍മ്മാണ പങ്കാളികളാവുന്ന ആദ്യസംരഭമാണ് ഈ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക് സ്വന്തമാക്കി എന്നതാണ് അത്. ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ ഒരു ഡോക്ടര്‍ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി.
◾ രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റിവോള്‍ട്ട് മോട്ടോഴ്‌സ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് റിവോള്‍ട്ട് ആര്‍വി1 കമ്മ്യൂട്ടര്‍ സെഗ്മെന്റില്‍ വില്‍പ്പനയ്ക്കായി ഔദ്യോഗികമായി പുറത്തിറക്കി. ആകെ രണ്ട് വേരിയന്റുകളിലായാണ് ഈ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാന വേരിയന്റിന്റെ പ്രാരംഭ എക്സ്-ഷോറൂംവില 84,990 രൂപയാണ്. കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോയിലെ ഏറ്റവും വിലകുറഞ്ഞ ബൈക്കാണിത്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും അംഗീകൃത ഡീലര്‍ഷിപ്പില്‍ നിന്നും വെറും 499 രൂപയ്ക്ക് ബുക്ക് ചെയ്യാം. ആര്‍വി1 അതിന്റെ പ്രീമിയം വേരിയന്റായ ആര്‍വി1+ നൊപ്പം നാല് നിറങ്ങളില്‍ ലഭ്യമാണ്, ഇത് ആര്‍വി1ന് 84,990 രൂപയിലും ആര്‍വി1+ ന് 99,990 രൂപയിലും ആരംഭിക്കുന്നു. രണ്ട് ബൈക്കുകളുടെയും പരമാവധി വേഗത മണിക്കൂറില്‍ 70 കിലോമീറ്ററാണ്.
0 Comments