പ്രഭാത വാർത്തകൾ 2024 | സെപ്റ്റംബർ 17 | ചൊവ്വ

പ്രഭാത വാർത്തകൾ 
2024 | സെപ്റ്റംബർ 17 | ചൊവ്വ 
1200 | കന്നി 1 | ചതയം
1446 l റ: അവ്വൽ 13
   
◾  ഗാസയിലെയും മ്യാന്‍മാറിലെയും ഇന്ത്യയിലെയും മുസ്ലിങ്ങള്‍ ദുരിതത്തിലാണെന്ന ഇറാന്‍ പരമോന്നതനേതാവ് ആയത്തൊള്ള അലി ഖമേനിയുടെ പരാമര്‍ശത്തിനെതിരേ ഇന്ത്യ. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അസ്വീകാര്യമായ പ്രസ്താവനയാണിതെന്നും പ്രസ്താവന അപലപനീയമാണെന്നും വിശേഷിപ്പിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയം, സ്വന്തം നാട്ടിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ഖമേനി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജെയ്സ്വാള്‍ സോഷ്യല്‍ മീഡിയയിലൂടെയും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പങ്കുവെച്ചു.

◾  വയനാട് ദുരന്തത്തില്‍ ചെലവഴിച്ച തുകയെന്ന പേരില്‍ പുറത്തുവന്ന കണക്ക് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ദുരന്തവുമായി ബന്ധപ്പെട്ട് അധിക സഹായം തേടി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തിലെ വിവരങ്ങളാണിതെന്നും കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുന്ന സമീപനമാണ് വസ്തുത വിരുദ്ധമായ ഇത്തരം വാര്‍ത്തകള്‍ എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

◾  വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ മൃതദേഹം മറവ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് ഒരു രൂപ പോലും ചെലവായിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന് പിഎംഎ സലാം. ചെലവാക്കിയ പണത്തിന്റെ കണക്ക് എങ്ങനെയാണ് എസ്റ്റിമേറ്റാവുകയെന്ന് ചോദിച്ച അദ്ദേഹം മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയെന്നത് മരിച്ചവരുടെ കുടുംബത്തെ അപമാനിക്കുന്നതാണെന്നും പറഞ്ഞു.

◾  വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചെലവായ യഥാര്‍ത്ഥ തുകയുടെ കണക്ക് പുറത്തുവിടണമെന്ന് കെ സുധാകരന്‍. ഇത് ഇടതുസര്‍ക്കാരിന്റെ പുതിയ കൊള്ളയാണെന്നും പുറത്തുവന്ന ചെലവ് കണക്കുകള്‍ അവിശ്വസനീയമെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ കണക്ക് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക് നീങ്ങും എന്നും അദ്ദേഹം വ്യക്തമാക്കി.

◾  എന്ത് കൊടുത്താലും പകരമാകാത്ത സേവന മാതൃക തീര്‍ത്ത സന്നദ്ധ പ്രവര്‍ത്തകരെ വീണ്ടുമിങ്ങനെ അപഹസിക്കുന്നതെന്തിന് എന്ന ചോദ്യമാണ് വയനാട് ദുരന്തത്തില്‍ സര്‍ക്കാരിന്റേത് എന്ന രീതിയില്‍ ചിലവഴിച്ച തുകകളുടെ കണക്ക് വിവരങ്ങള്‍ കണ്ടപ്പോള്‍ മനസ്സിലേക്ക് വന്നതെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കേരളം ഒരുമിച്ച് നിന്ന് അതിജീവിച്ച ഒരു ദുരന്തത്തിന്റെ ഔദ്യോഗിക ചിലവ് കണക്കുകള്‍ അവ്യക്തമാകരുതെന്നും അതിന്റെ വസ്തുതകള്‍ കൃത്യമായും വ്യക്തമായും അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

◾  ദുരന്തത്തെ അഴിമതി നടത്താനുള്ള അവസരമാക്കി മാറ്റുന്ന പതിവ് ഇക്കുറിയും പിണറായി സര്‍ക്കാര്‍ തെറ്റിച്ചില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എല്ലാവരും കൈമെയ് മറന്ന് ദുരന്ത ഭൂമിയില്‍ ദുരന്തബാധിതരെ സഹായിച്ചപ്പോള്‍ എങ്ങനെയൊക്കെ പണം അടിച്ചുമാറ്റാം എന്നായിരുന്നു സര്‍ക്കാര്‍ ചിന്തിച്ചത് എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും വ്യക്തമായി കഴിഞ്ഞുവെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

◾  വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിക്കൂ എന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാമെന്നും സുരേഷ്ഗോപി പ്രതികരിച്ചു.

◾  സ്വകാര്യ  ടിവി ചാനലിനെതിരെ ഡബ്ല്യുസിസി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ ചാനല്‍ പുറത്തു വിട്ടത് കോടതി വിധി ലംഘിച്ചു കൊണ്ടാണെന്ന് പരാതിയില്‍ പറയുന്നു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണെന്നും അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന വാര്‍ത്ത ആക്രമണം തടയണമെന്നും പരാതിയില്‍ ഡബ്ല്യുസിസി ആവശ്യപ്പെട്ടു.

◾  മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 24കാരന്റെ റൂട്ട് മാപ്പ്  ആരോഗ്യ വകുപ്പ്പുറത്തിറക്കി. സെപ്റ്റംബര്‍ നാലു മുതല്‍  ഒമ്പതുവരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്. റൂട്ട് മാപ്പില്‍ പറഞ്ഞിട്ടുള്ള സ്ഥലങ്ങളില്‍ ഈ സമയങ്ങളില്‍ സന്ദര്‍ശം നടത്തിയവര്‍ നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണം എന്നും അറിയിച്ചിട്ടുണ്ട്.

◾  നിപയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളതായി മന്ത്രി വീണാ ജോര്‍ജ് . ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.മരിച്ച വ്യക്തിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ 66 ടീമുകളായി ഫീല്‍ഡ് സര്‍വെ ആരംഭിച്ചു.കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ട്യൂഷന്‍ സെന്ററുകളും അങ്കണവാടികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

◾  പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഹമ്മദ് ഷിയാസ്. അന്‍വര്‍ വീണ്ടും തനിക്കെതിരെ വ്യക്തി അധിക്ഷേപം നടത്തുകയാണെന്നും അന്‍വര്‍ നാവിനു എല്ലില്ലാത്ത വ്യക്തിയാണെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് ഷിയാസ് ആരോപിച്ചു. ഇന്ന് അന്‍വര്‍ ഉയര്‍ത്തിയ ആരോപണം യാതൊരു അടിസ്ഥാനവും ഇല്ലാത്തതാണ് എന്നും പറഞ്ഞു.

◾  ഇ-സിം സംവിധാനത്തിലേയ്ക്ക് മാറുന്ന   ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്. ഇ-സിമ്മിലേയ്ക്ക് മാറുന്നവരെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘം സജീവമാണെന്നും, ഇവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.

◾  കൊല്ലം മൈനാഗപ്പളളിയില്‍ കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തില്‍ പ്രതികളായ അജ്മലിനേയും ഡോക്ടര്‍ ശ്രീക്കുട്ടിയേയും റിമാന്‍ഡ് ചെയത് ജയിലിലടച്ചു. ഇരുവര്‍ക്കുമെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഞായറാഴ്ചയുണ്ടായ അപകടത്തില്‍ ഡോ. ശ്രീക്കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. അപകടത്തെ തുടര്‍ന്ന്  ഒളിവില്‍ പോയ അജ്മലിനെ  ശാസ്താംകോട്ട പൊലീസ് ഇന്നലെയാണ് പിടികൂടിയത്.

◾  അമിത വേഗത്തില്‍ എത്തിയ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് പുതുപ്പാടിയില്‍  പ്രബീഷ് - റീന ദമ്പതികളുടെ മകന്‍ അനന്‍ പ്രബീഷ് (9) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഈങ്ങാപ്പുഴ എംജിഎം ഹയര്‍ സെക്കന്ററി സ്‌കൂളിനടുത്തു വെച്ചാണ് അപകടമുണ്ടായത്.

◾  എറണാകുളം ജില്ലയിലെ നേര്യമംഗലം റാണിക്കല്ലില്‍ ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. പാലക്കാട് സ്വദേശികളായ അഫ്സല്‍ (22) അന്‍ഷാദ് (18) എന്നിവരാണ് മരിച്ചത്.

◾  തിരുവനന്തപുരം കഴക്കൂട്ടത്ത് അമ്മൂമ്മയുടെ കൈയിലിരുന്ന ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാനും ആക്രമിക്കാനും ശ്രമിച്ച അതിഥി തൊഴിലാളി പിടിയില്‍. കുഞ്ഞിനും കുഞ്ഞിന്റെ അമ്മൂമ്മയ്ക്കും പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾  ബിജെപി നേതൃത്വം നല്‍കുന്ന മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍, റെയില്‍, റോഡ്, തുറമുഖം, വിമാനത്താവളം, മെട്രോ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.  അഹമ്മദാബാദില്‍ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഫ്ലാഗ് ഓഫും നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾  രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്ന് ശിവസേന എംഎല്‍എ സഞ്ജയ് ഗെയ്ക് വാദ്. സംവരണത്തെ കുറിച്ച് രാഹുല്‍ ഗാന്ധി അമേരിക്കയില്‍ നടത്തിയ പരാമര്‍ശത്തിന് എതിരെയാണ് ശിവസേന എംഎല്‍എ രംഗത്തെത്തിയത്. ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കുന്നതിനെ കുറിച്ച് വിദേശത്തായിരുന്നപ്പോള്‍ രാഹുല്‍ ഗാന്ധി പറഞ്ഞെന്നാണ് ഗെയ്ക്വാദ് പറയുന്നത്.

◾  മെട്രോ നഗരങ്ങളായ മുംബൈയേയും ബെംഗളൂരുവിനേയും ബന്ധിപ്പിച്ചുകൊണ്ട് 14 വരിയുള്ള പുതിയ റോഡ് വരുന്നു. കേന്ദ്ര ഉപരിത ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

◾  മണിപ്പൂരിലെ ക്രമസമാധാന നില പരിഗണിച്ച് ഇന്റര്‍നെറ്റ് സേവനങ്ങളുടെ നിരോധനം അഞ്ചുദിവസത്തേക്ക് കൂടി നീട്ടി. ഇംഫാല്‍ വെസ്റ്റ് ബിഷ്ണുപ്പൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ 15 വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സംഘര്‍ഷ സാധ്യത നിലനിന്നിരുന്ന മേഖലകളില്‍ നേരത്തെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു ഇതിലും ഇളവ് അനുവദിച്ചിട്ടുണ്ട്.

◾  ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് രാജിക്കത്ത് നല്‍കും. ഇന്ന് ചേരുന്ന യോഗത്തില്‍ എംഎല്‍എമാര്‍ ഒരോരുത്തരോടും കെജ്രിവാള്‍ അഭിപ്രായം തേടുമെന്നും ഇത് പ്രകാരം ഇന്ന് തന്നെ അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന് തീരുമാനിക്കുമെന്നും സൗരഭ് ഭരദ്വാജ് അറിയിച്ചു. അതേസമയം കെജ്രിവാള്‍ ആവശ്യപ്പെട്ടതു പോലെ ദില്ലിയില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

◾  ബംഗാളിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടര്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് സുരക്ഷ ഉറപ്പുവരുത്തുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം തുടരുന്ന ഡോക്ടര്‍മാരുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി ചര്‍ച്ച നടത്തി.  ഡോക്ടര്‍മാരുടെ നാലില്‍ മൂന്ന് ആവശ്യങ്ങളും അംഗീകരിച്ചു എന്ന് ചര്‍ച്ചയ്ക്ക് ശേഷം മമതാ ബാനര്‍ജി അറിയിച്ചു. ഡോക്ടര്‍മാര്‍ എത്രയും വേഗം ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും മമത അഭ്യര്‍ത്ഥിച്ചു.

◾  ജമ്മുകശ്മീര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. ദോഡ, അനന്ത്നാഗ് , പുല്‍വാമ, കുല്‍ഗാം, ഷോപ്പിയാന്‍ ജില്ലകളിലായി 24 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പോളിംഗ് നടക്കുന്നത്.

◾  ലോക്സഭയില്‍ സീറ്റ് നില മെച്ചപ്പെടുത്തി പ്രതിപക്ഷ നേതൃ സ്ഥാനമടക്കം നേടിയ കോണ്‍ഗ്രസിന് നാല് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റികളുടെ അധ്യക്ഷ പദവി കൂടി നല്‍കാന്‍ ധാരണയായി. വിദേശകാര്യം, ഗ്രാമവികസനം, കൃഷി എന്നീ ലോക്സഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അദ്ധ്യക്ഷ സ്ഥാനമാകും കോണ്‍ഗ്രസിന് ലഭിക്കുക. രാജ്യസഭയില്‍ നിന്ന് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനവും കോണ്‍ഗ്രസിന് കിട്ടും.

◾  യു.എസ്സിന്റെ ഒരു ആളില്ലാ ചാര വിമാനം കൂടി വെടിവെച്ചിട്ടതായി യെമനിലെ ഹൂത്തികള്‍. അമേരിക്കന്‍ നിര്‍മ്മിത എം.ക്യു-9 റീപ്പര്‍ ഡ്രോണാണ് ഹൂത്തികള്‍ തകര്‍ത്തത്. സര്‍ഫസ്-ടു-എയര്‍ മിസൈല്‍ ഉപയോഗിച്ചായിരുന്നു ആക്രമണം എന്നാണ് ദൃശ്യങ്ങളില്‍നിന്ന് മനസിലാകുന്നത്.

◾  ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമിയില്‍ ദക്ഷിണകൊറിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.

◾  യു.പി.ഐ വഴിയുള്ള ഇടപാടുകളുടെ പരിധി ഉയര്‍ത്തി. ആദ്യ ഘട്ടത്തില്‍ ചില പ്രത്യേക കാറ്റഗറികളിലുള്ള ഇടപാടുകളിലാകും ഈ ഇളവ് ലഭിക്കുക. നികുതി പേയ്‌മെന്റുകള്‍, ആശുപത്രി ബില്ലുകള്‍, വിദ്യാഭ്യാസ സംബന്ധമായ സര്‍വീസുകള്‍, ഐ.പി.ഒ എന്നിവയ്ക്കാണ് 5 ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ ചെയ്യാന്‍ സാധിക്കുക. ബാങ്കുകളും യു.പി.ഐ ആപ്പുകളും പുതിയ പുതിയ പരിധിയിലേക്ക് മാറാന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍.പി.സി.ഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇടപാട്ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യു.പി.ഐ ഇടപാട് നടത്താന്‍ കഴിയുന്ന യു.പി.ഐ സര്‍ക്കിള്‍ എന്ന പുതിയ ഫീച്ചറും എന്‍.പി.സി.ഐ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഒരു യു.പി.ഐ ഉപയോക്താവിന്റെ അക്കൗണ്ട് ഉപയോഗിച്ച് അദ്ദേഹത്തിന്റെ അനുമതിയുടെയോ അല്ലെങ്കില്‍ അല്ലെങ്കില്‍ മറ്റൊരാളെ ചുമതലപ്പെടുത്തിയോ ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്ന ഫീച്ചറാണിത്. 

◾  'കഥ ഇന്നുവരെ' യുടെ ടീസര്‍ പുറത്തിറങ്ങി. ഒട്ടേറെ പ്രണയ നിമിഷങ്ങളുള്ള, ഹൃദയസ്പര്‍ശിയായ ഒരു ചിത്രമായിരിക്കും കഥ ഇന്നുവരെ എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാര്‍ഡ് ജേതാവായ വിഷ്ണു മോഹന്‍ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയാണ് ബിജു മേനോന്റെ നായികയായി എത്തുന്നത്. ആദ്യമായിട്ടാണ് മേതില്‍ ദേവിക ഒരു സിനിമയില്‍ അഭിനയിക്കുന്നത്. സെപ്റ്റംബര്‍ 20നാണ് ചിത്രം തീയേറ്ററുകളിലെത്തുക. നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, അനു മോഹന്‍, സിദ്ധിഖ്, രഞ്ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

◾  തമിഴ് സൂപ്പര്‍താരം സൂര്യ ബോളിവുഡിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് ഫ്രാഞ്ചൈസിയായ ധൂമിന്റെ ഭാഗമാകാനാണ് താരം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ വില്ലന്‍ വേഷത്തിലേക്കാണ് താരത്തെ പരിഗണിക്കുന്നത്. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നതായാണ് വാര്‍ത്തകള്‍. കഴിഞ്ഞ കുറച്ചു മാസങ്ങളായി ധൂം 4നെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശക്തമാകുന്നുണ്ട്. എന്നാല്‍ ഇത് സംന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. എന്നാല്‍ വൈകാതെ യഷ് രാജ് ഫിലിംസ് ഇതുസബന്ധിച്ച് പ്രഖ്യാപനം നടത്തും എന്നാണ് കരുതുന്നത്. സൂര്യ പ്രധാന വേഷത്തിലെത്തിയ സുരറൈ പോട്രിന്റെ ഹിന്ദി റീമേക്കായ സര്‍ഫീരയില്‍ അതിഥി വേഷത്തില്‍ സൂര്യ എത്തിയിരുന്നു. എന്നാല്‍ ധൂമിലൂടെ ഗംഭീര തുടക്കമാകും സംവിധായകന്‍ രാകേഷ് ഓംപ്രകാശ് മെഹ്‌റ സൂര്യയ്ക്ക് നല്‍കുക. 2013ലാണ് ധൂമിന്റെ മൂന്നാമത്തെ ഭാഗം റിലീസ് ചെയ്തത്.

◾  യമഹ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുതിയ കാര്‍ബണ്‍ ഫൈബര്‍ പാറ്റേണ്‍ ഗ്രാഫിക് സഹിതം സ്‌പോര്‍ട് ബൈക്കായ യമഹ ആര്‍15എം പുറത്തിറക്കി. പ്രശസ്തമായ ആര്‍1 ബൈക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 155 സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ബൈക്കിലുള്ളത്. യമഹയുടെ റേസിംഗ് ഡിഎന്‍എ ഉപയോഗിച്ച് സൂപ്പര്‍സ്പോര്‍ട്ടി ലൈനായിട്ടാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കാര്‍ബണ്‍ ഫൈബര്‍ പാറ്റേണുള്ള യമഹ ആര്‍15എം ബൈക്കിന്റെ വില 2,08,300 രൂപയാണ്. അതേസമയം മെറ്റാലിക് ഗ്രേയില്‍ നവീകരിച്ചതിന് 1,98,300 രൂപയാണ് എക്സ്-ഷോറൂം വില. 155 സിസി ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനിലാണ് ബൈക്ക് വരുന്നത്. എഞ്ചിന്‍ 13.5ബിഎച്പി കരുത്തും 14.2എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. ഈ എഞ്ചിന്‍ 6-സ്പീഡ് ട്രാന്‍സ്മിഷന്‍ ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഒരു പ്രത്യേക ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം ഈ ബൈക്കില്‍ നല്‍കിയിട്ടുണ്ട്. സംവിധാനം വീല്‍ സ്പിന്‍ സാധ്യത കുറയ്ക്കുന്നതായി കമ്പനി പറയുന്നു.

Post a Comment

0 Comments