പ്രഭാത വാർത്തകൾ2024 | ഓഗസ്റ്റ് 4 | ഞായർ| MORNING NEWS TODAY

പ്രഭാത വാർത്തകൾ
2024 | ഓഗസ്റ്റ് 4 | ഞായർ| 
1199 | കർക്കടകം 20 | പുണർതം 
1446 | മുഹർറം | 28.

◾ വയനാട്ടില്‍ ഇന്നലെ വരെ സ്ഥിരീകരിച്ചത് 365 മരണം. ഇന്നലെ അവസാനിപ്പിച്ച തിരച്ചില്‍ ഇന്നും തുടരും. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലായിരിക്കും തിരച്ചില്‍. യന്ത്രസാമഗ്രികള്‍ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള തിരച്ചിലാണ് ഇന്നലെ നടന്നത്. ഇന്നലത്തെ തിരച്ചിലില്‍ മലപ്പുറം മുണ്ടേരിയിലെ ചാലിയാറില്‍നിന്ന് മൂന്ന് മൃതദേഹങ്ങളും 13 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. ചാലിയാറിലെ തിരച്ചില്‍ നാളത്തോടെ അവസാനിപ്പിക്കും. ദൗത്യം അവസാനഘട്ടത്തിലാണെന്ന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

◾ വയനാട് ഉരുള്‍പൊട്ടലില്‍ 2.5 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി മൃഗസംരക്ഷണ വകുപ്പ് വിലയിരുത്തി. ജീവന്‍ നഷ്ടപ്പെട്ട വളര്‍ത്തു മൃഗങ്ങളുടെയും ഉരുള്‍പൊട്ടലില്‍ നാശം സംഭവിച്ച തൊഴുത്തുകള്‍, കറവ യന്ത്രങ്ങള്‍, പുല്‍കൃഷി എന്നിവയുടെ അടിസ്ഥാനത്തിലാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 26 പശുക്കളും ഏഴു കിടാരികളും 310 കോഴികളും ചത്തു. ഏഴു കന്നുകാലി ഷെഡുകള്‍ നശിച്ചു. ഒഴുക്കില്‍ പെട്ടും മണ്ണിനടിയില്‍ പെട്ടും 107 കന്നുകാലികളെ കാണാതായിട്ടുണ്ട്. ഇതിനുപുറമെ നിരവധി വളര്‍ത്തുമൃഗങ്ങളെയും കാണാതായിട്ടുണ്ട്.

◾ മുണ്ടക്കൈ - ചൂരല്‍മല ദുരിതബാധിത പ്രദേശങ്ങളില്‍ ഡ്രോണ്‍ സര്‍വേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉരുള്‍പൊട്ടലില്‍ പ്രദേശങ്ങളില്‍ അടിഞ്ഞുകൂടിയ മണ്‍കൂനകളുടെ ഉയര്‍ച്ച വ്യത്യാസം മനസ്സിലാക്കി പരിശോധന ശക്തമാക്കും.

◾ മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ സേവനം ചെയ്യാന്‍ എത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. സന്നദ്ധ പ്രവര്‍ത്തകരുടെ സുരക്ഷ ഉള്‍പ്പെടെ മുന്‍നിര്‍ത്തിയും മറ്റു കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുമാണ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. സംഘങ്ങളായി വരുന്ന സന്നദ്ധ സേവകര്‍ ടീം ലീഡറുടെ പേരും വിലാസവും രജിസ്റ്റര്‍ ചെയ്താല്‍ മതിയാകുമെന്നും വയനാട് ജില്ലാ ഭരണകൂടം അറിയിച്ചു.

◾ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്ത് ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയില്‍ അതിക്രമിച്ച് കടക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ഇവിടങ്ങളിലെ വീടുകളിലോ പ്രദേശങ്ങളിലോ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരിലോ അല്ലാതയോ പൊലീസിന്റെ അനുവാദമില്ലാതെ രാത്രികാലങ്ങളില്‍ ആരും പ്രവേശിക്കാന്‍ പാടില്ല. അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ ഒരു ഫയര്‍ഫോഴ്സ് ടീമും ചൂരല്‍ മലയില്‍ തുടരും. ബെയ്ലി പാലത്തിന് കരസേനയുടെ കാവലും ഉണ്ടാകും.

◾ ദുരന്ത സ്ഥലത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവില്‍ സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമിലോ മറ്റു കണ്‍ട്രോള്‍ റൂമിലോ ഏല്‍പിക്കണമെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍. ഇവ സൂക്ഷിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വസ്തുക്കള്‍ പൊലീസിന് കൈമാറി രസീത് കൈപറ്റണം എന്നും അദ്ദേഹം അറിയിച്ചു.

◾ വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളിലെ ARD 44, 46 എന്നീ റേഷന്‍കടകളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഓഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം പൂര്‍ണ്ണമായും സൗജന്യമായി നല്‍കുന്നതാണെന്ന് മന്ത്രി ജി.ആര്‍. അനില്‍. ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചുരല്‍മല എന്നിവിടങ്ങളിലെ നീല, വെള്ള കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും കൂടി പൂര്‍ണ്ണമായും സൗജന്യമായി റേഷന്‍ വിഹിതം നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്

◾ വയനാട് ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ആശ്വാസ ധനസഹായം നല്‍കുന്നതിന് നാലു കോടി രൂപ അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയില്‍ നിന്നാണ് ജില്ലാ കളക്ടര്‍ക്ക് നാല് കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്.

◾ ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ വയനാട് ദുരന്തത്തെക്കുറിച്ച് സംസാരിച്ചതായി കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൂടുതല്‍ സഹായമെത്തിക്കാനാണ് ശ്രമം നടത്തുന്നത്. താന്‍ പോകുന്ന ഇടങ്ങളിലൊക്കെ വയനാടിനെ സഹായിക്കാന്‍ പറയുമെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ സിഎംഡിആര്‍എഫിനെതിരായ പ്രചാരണത്തെക്കുറിച്ച് അറിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

◾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാനുള്ള ക്യു ആര്‍ കോഡ് സംവിധാനം പിന്‍വലിച്ചു. തട്ടിപ്പുകള്‍ക്കുള്ള സാധ്യത ഒഴിവാക്കാനാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പകരം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള യുപിഐ ഐഡി വഴി പണം അയക്കാം.

◾ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ ഡിഎന്‍എ സാമ്പിളെടുക്കുന്നതിന് മാനസികാരോഗ്യ പിന്തുണയ്ക്കുള്ള പ്രോട്ടോകോള്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കിയതായി മന്ത്രി വീണാ ജോര്‍ജ്. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങള്‍ മാത്രം ലഭിച്ചവയുടെയും സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.

◾ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉള്ളുരുകുന്നവര്‍ക്ക് ആശ്വാസമേകി സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍. ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്കും അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറാത്തവര്‍ക്കും സാമൂഹ്യ -മാനസിക പിന്തുണ നല്‍കുകയാണ് ഇവരുടെ ലക്ഷ്യം. ദുരന്തമേഖലയിലെ 17 ക്യാമ്പുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൗണ്‍സിലിങ്ങ് സെന്ററുകള്‍ സജീവമാണ്.

◾ വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ബാധിച്ചവരുടെ ഇന്‍ഷുറന്‍സ് ക്ലെയിം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പണം നല്‍കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. എല്‍ഐസി, നാഷണല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ അഷുറന്‍സ്, ഓറിയെന്റല്‍ ഇന്‍ഷുറസ്, യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് അടക്കമുള്ള കമ്പനികള്‍ക്കാണ് നിര്‍ദ്ദേശം.

◾ മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് ഒരു കോടി രൂപ അനുവദിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി . സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിച്ച് നല്‍കുന്ന വിവിധ പദ്ധതികള്‍ക്കായാണ് തുക ചെലവഴിക്കുന്നത്.

◾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ അപവാദ പ്രചരണം നടത്തിയെന്ന പരാതിയില്‍ കളമശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ്, വിടാക്കുഴ എന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന വിടാക്കുഴ ഷിജു ജബ്ബാറാണ് അറസ്റ്റിലായത്.

◾ കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്ന് പുനരാരംഭിക്കും. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഗംഗാവലി നദിയിലെ അടിയൊഴുക്കിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ദൗത്യമാണ് ഇന്ന് മുതല്‍ വീണ്ടും ആരംഭിക്കുന്നത്.

◾ കാഞ്ഞങ്ങാട് മുത്തപ്പനാര്‍കാവിന് സമീപം രണ്ടുപേരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മുത്തപ്പനാര്‍കാവിലെ ഗംഗാധരന്‍ (63) മൂവാരികുണ്ടിലെ രാജന്‍ (60) എന്നിവരാണ് മരിച്ചത്.

◾ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്ത പ്രദേശങ്ങളില്‍ അതീവ ജാഗ്രത വേണം. മധ്യകേരളം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെയായി ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നുണ്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ടെന്നും കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

◾ പ്രശസ്ത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി (84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദില്ലി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ക്ലാസിക്കല്‍ നൃത്തരൂപങ്ങളായ ഭരതനാട്യത്തിനും കുച്ചിപ്പുടിക്കും രാജ്യാന്തരതലത്തില്‍ ശ്രദ്ധ നേടിക്കൊടുത്ത നര്‍ത്തകിയായിരുന്ന യാമിനി കൃഷ്ണമൂര്‍ത്തി ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലക്കാരിയാണ്.

◾ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി 1,947 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് 'ഫ്രീഡം സെയില്‍' പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 30 വരെയുള്ള ആഭ്യന്തര - അന്താരാഷ്ട്ര യാത്രകള്‍ക്കായി ഓഗസ്റ്റ് അഞ്ചുവരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

◾ പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് ഗുരുതര പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ഇന്നലെയായിരുന്നു സംഭവം.

◾ ബി.ജെ.പി. നടത്തുന്നത് 'അധികാര ജിഹാദ്' ആണെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറേ. പാനിപ്പത്ത് യുദ്ധത്തില്‍ മറാത്ത സാമ്രാജ്യത്തെ പരാജയപ്പെടുത്തിയ അഫ്ഗാന്‍ ഭരണാധികാരി അഹമ്മദ് ഷാ അബ്ദാലിയുടെ രാഷ്ട്രീയ പിന്‍ഗാമിയാണ് അമിത് ഷായെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ഔറംഗസേബ് ഫാന്‍ ക്ലബ്ബ്' തലവനാണ് ഉദ്ധവ് താക്കറേ എന്ന് അമിത് ഷാ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

◾ കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍ മുങ്ങി. കൊല്‍ക്കത്തയിലും സമീപ ജില്ലകളിലും പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണ് വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയത്.  

◾ ഹിമാചല്‍പ്രദേശില്‍ മേഘവിസ്‌ഫോടനത്തെതുടര്‍ന്നുണ്ടായ പ്രളയത്തില്‍ അമ്പതോളം പേര്‍ മരിച്ചതായി കണക്കാക്കുന്നുവെന്ന് സംസ്ഥാനത്തെ മന്ത്രി വിക്രമാദിത്യ സിങ്. രക്ഷാദൗത്യം പൂര്‍ത്തിയായതിന് ശേഷം മാത്രമേ മരിച്ചവരുടെ എണ്ണം ഔദ്യോഗികമായി പറയാനാകുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

◾ ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് കുടുങ്ങിയ 800ഓളം തീര്‍ത്ഥാടകരെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇതുവരെ 15 മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

◾ ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുടെ വധത്തിനു പിന്നാലെ പശ്ചിമേഷ്യയില്‍ കൂടുതല്‍ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിക്കുമെന്ന് യുഎസിന്റെ പ്രഖ്യാപനം. ഹനിയ വധത്തില്‍ ഇസ്രയേലിനെ നേരിട്ടാക്രമിച്ച് തിരിച്ചടിക്കാന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണ് യുഎസ് നീക്കം. ഇസ്രയേലിനു നേരെയുള്ള എന്ത് ആക്രമണങ്ങളെയും പ്രതിരോധിക്കുമെന്നും യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ അറിയിച്ചു.

◾ ഒളിംപിക്സ് ബാഡ്മിന്റണില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ താരമാവുക എന്ന ലക്ഷ്യത്തോടെ പുരുഷ വിഭാഗം സെമിയില്‍ ചരിത്രനേട്ടം കുറിക്കാന്‍ ലക്ഷ്യ സെന്‍ ഇന്നിറങ്ങും. നിലവിലെ ഒളിംപിക് ചാമ്പ്യന്‍ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സല്‍സന്‍ ആണ് ലക്ഷ്യ സെന്നിന്റെ എതിരാളി. ഇതുവരെ പരസ്പരം ഏറ്റമുട്ടിയ എട്ട് മത്സരങ്ങളില്‍ ഒരു തവണ മാത്രമാണ് ലക്ഷ്യക്ക് വിക്ടറിനെ മറികടക്കാനായത്. ഇന്ത്യന്‍ സമയം ഉച്ചക്ക് 12നാണ് മത്സരം തുടങ്ങുക. സ്പോര്‍ട്സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരത്തിന്റെ തത്സമയ സംപ്രേഷണം കാണാനാകും.

◾ ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന്. ആദ്യത്തെ മത്സരം ടൈയിലാണ് അവസാനിച്ചത്. അതേസമയം ഇന്ന് മത്സരം നടക്കാനിരിക്കുന്ന കൊളോംബോയില്‍ കനത്ത കാറ്റും മഴയുമുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.

◾ മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ടുകളുടെ എണ്ണം പെരുകുന്നതോടെ പിഴ ഇനത്തില്‍ ബാങ്കുകള്‍ വാരുന്നത് കോടിക്കണക്കിന് രൂപ. രാജ്യത്ത് എസ്.ബി.ഐ ഒഴികെയുള്ള ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ ഇനത്തില്‍ സമ്പാദിച്ചത് 2,331 കോടി രൂപയാണ്. കേന്ദ്രധനമന്ത്രാലയത്തിന്റെ ഈ കണക്കില്‍ സ്വകാര്യബാങ്കുകളുടെ വരുമാനം ഉള്‍പ്പെട്ടിട്ടില്ല. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബാങ്കുകള്‍ക്ക് ഈ ഇനത്തില്‍ മാത്രം 25.63 ശതമാനം വരുമാന വളര്‍ച്ചയാണ് ഉണ്ടായത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ബാങ്കുകള്‍ 5,614 കോടി രൂപയുടെ വരുമാനമുണ്ടാക്കി. രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് മിനിമം ബാലന്‍സില്ലാത്തതിന്റെ പേരില്‍ പല രീതിയിലാണ് പിഴ ഈടാക്കുന്നത്. ഓരോ ബാങ്കുകളും നിശ്ചയിക്കുന്ന മിനിമം ബാലന്‍സ് വ്യത്യസ്തമാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബാങ്ക് മാനേജ്‌മെന്റുകള്‍ക്ക് അധികാരമുള്ളതിനാല്‍ നിരക്കില്‍ ഏകീകരണമില്ല. എസ്.ബി.ഐ മാത്രമാണ് മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ പിഴ ഈടാക്കാതിരിക്കുന്നത്. യൂണിയന്‍ ബാങ്ക് ഗ്രാമീണ മേഖലയില്‍ കുറഞ്ഞ ബാലന്‍സ് നൂറു രൂപയും നഗരമേഖലയില്‍ ആയിരം രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. സ്വകാര്യ മേഖലയിലെ ആക്‌സിസ് ബാങ്കില്‍ ആകട്ടെ, 2,500 രൂപ മുതല്‍ 12,000 രൂപ വരെയാണ് കുറഞ്ഞ ബാലന്‍സ്. ഇത്തരത്തില്‍ ഓരോ ബാങ്കുകളും സ്വന്തം നിലയില്‍ നിരക്കുകള്‍ നിശ്ചയിച്ചിട്ടുണ്ട്. അക്കൗണ്ടിലുള്ള പണത്തിന്റെയും കുറഞ്ഞ ബാലന്‍സ് തുകയുടെയും അന്തരത്തിന് മാത്രമേ പിഴ ഈടാക്കാന്‍ പാടുള്ളൂ എന്നും റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമുണ്ട്. പിഴ എത്രയാണെന്ന് ബാങ്കുകള്‍ക്ക് തീരുമാനിക്കാനാകും.  

◾ പരാജയത്തിന്റെ പടു കുഴിയില്‍ നില്‍ക്കുന്ന അക്ഷയ് കുമാറിന്റെ അടുത്ത ചിത്രവും റിലീസിന്. മുദാസ്സര്‍ അസീസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച കോമഡി ഡ്രാമ ചിത്രം 'ഖേല്‍ ഖേല്‍ മേം' ആണ് ആ ചിത്രം. അക്ഷയ് കുമാറിന് തുടര്‍ പരാജയങ്ങളില്‍ ആശ്വാസമാകും ഈ ചിത്രം എന്നാണ് പൊതുവില്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ സംഭവം അത്ര പന്തിയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നാമത് ചിത്രം ഒരു റീമേക്കാണ് എന്നതാണ്. പലരും കഴിഞ്ഞ ദിവസമാണ് 2016 ല്‍ റിലീസ് ചെയ്യപ്പെട്ട ഇറ്റാലിയന്‍ ചിത്രം പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സിന്റെ ഒഫിഷ്യല്‍ റീമേക്ക് ആണ് ഖേല്‍ ഖേല്‍ മേം എന്ന് മനസിലാക്കിയത്. ഏറ്റവും അവസാനം ഇറങ്ങി ബോക്സോഫീസില്‍ വന്‍ പരാജയമായ സര്‍ഫിറയും ഒരു റീമേക്കായിരുന്നു. അതിനാല്‍ തന്നെ ട്രെയിലറിന് അടിയില്‍ പോലും പലയിടത്തും നിരാശ നിറഞ്ഞ കമന്റുകളാണ് വരുന്നത്. പല ഭാഷകളില്‍ ഒഫീഷ്യലായും അണ്‍ ഒഫീഷ്യലായും റീമേക്ക് ചെയ്യപ്പെട്ട് പരിചിതമായ കഥാഗതിയാണ് ചിത്രത്തിന് എന്നത് വലിയ നിരാശയാണ് ബോളിവുഡില്‍ ഉണ്ടാക്കിയിരിക്കുന്നത്.


◾ പൂച്ചകളുടെ വിസര്‍ജ്യത്തില്‍ കാണപ്പെടുന്ന ടോക്സോപ്ലാസ്മ ഗോണ്ടി എന്ന പരാന്നഭോജി (പാരസൈറ്റ്) പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്‌സ് തുടങ്ങിയ ന്യൂറോളജിക്കല്‍ രോഗങ്ങളുടെ ചികിത്സയ്ക്ക് ഫലപ്രദമാകാമെന്ന് പഠനം. അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ്, റെറ്റ് സിന്‍ഡ്രോം തുടങ്ങിയ മിക്ക ന്യൂറോളജിക്കല്‍ രോഗങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള പ്രോട്ടീന്‍ പ്രവര്‍ത്തനതകരാറുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് പരിഹരിക്കുന്നതിന് ടാര്‍ജെറ്റ് പ്രോട്ടീന്‍ രക്ത-മസ്തിഷ്‌ക തടസങ്ങള്‍ കടന്ന് ന്യൂറോണുകള്‍ക്കുള്ളില്‍ കൃത്യമായി എത്തിക്കുക വെല്ലുവിളിയാണ്. ടോക്സോപ്ലാസ്മ ഗോണ്ടിയുടെ വ്യതിയാനം വരുത്തിയ വകഭേദത്തിനെ രോഗചികിത്സാ പ്രോട്ടീനുകള്‍ നേരിട്ട് തലച്ചോറിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് ഗ്ലാസ്‌ഗോ സര്‍വകലാശാലയും ടെല്‍ അവീവ് സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ പറയുന്നു. മനുഷ്യരിലെ മറുപിള്ളയടക്കം ജൈവപരമായ അതിര്‍വരമ്പുകളെ താണ്ടാനുള്ള ശേഷിയുള്ള പാരസൈറ്റാണ് ടോക്‌സോപ്ലാസ്മ ഗോണ്ടി. ഇതിന്റെ ഈ ശേഷി രോഗബാധിതമായ തലച്ചോറിന്റെ കോശങ്ങളില്‍ മരുന്ന് എത്തിക്കാനായി ഉപയോഗിക്കാന്‍ സാധിക്കുമോ എന്നാണ് ഗവേഷകര്‍ പരിശോധിച്ചത്. നേച്ചര്‍ മൈക്രോബയോളജി ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.
➖➖➖➖➖➖➖➖

Post a Comment

0 Comments