പ്രഭാത വാർത്തകൾ2024 | ഓഗസ്റ്റ് 25 | ഞായർ| MORNING NEWS TODAY

പ്രഭാത വാർത്തകൾ
2024 | ഓഗസ്റ്റ് 25 | ഞായർ| 
1200 | ചിങ്ങം 9 | ഭരണി 
1446 | സഫർ | 19.
➖➖➖➖➖➖➖➖

◾ ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ തുറന്നു പറച്ചിലിനും പിന്നാലെ കൂടുതല്‍ നടിമാര്‍ പീഢന ആരോപണങ്ങളുമായി രംഗത്തെത്തുന്നു. യുവനടി രേവതി സമ്പത്ത് അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് രംഗത്തെത്തിയിരിക്കുന്നത്. സിദ്ദിഖ് തന്നെ മുറിയില്‍ പൂട്ടിയിട്ട് ശാരീരികമായി ഉപദ്രവിച്ചെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും രേവതി സമ്പത്ത് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ അദ്ദേഹം കാര്യമായി സംസാരിക്കുന്നത് കേട്ടുവെന്നും സ്വയം കണ്ണാടിയില്‍ നോക്കിയാല്‍ അദ്ദേഹത്തിന് ഒരു ക്രിമിനലിനെ കാണാമെന്നും അയാളൊരു ക്രിമിനലാണെന്നും പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും രേവതി പറഞ്ഞു. ജൂനിയര്‍ ആര്‍ടിസ്റ്റുകളായ ജുബിത ആണ്ടിയും സോണിയ മല്‍ഹാറും തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവെച്ചും രംഗത്തെത്തിയിട്ടുണ്ട്.

◾ ഇന്ന് മലയാള സിനിമയില്‍ നടക്കുന്ന എല്ലാ വെളിപ്പെടുത്തലുകള്‍ക്കും നിമിത്തമായത് ആ നടിയുടെ ഒറ്റയാള്‍ പോരാട്ടമാണെന്നാണ് സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്. 'നമ്മള്‍ ഒരിക്കലും മറക്കരുത് ഇതിനെല്ലാം തുടക്കമിട്ടത് ഒരു സ്ത്രീ പോരാടാനുറച്ചതോടെയാണ്' എന്നാണ് ഗീതു ഫേസ്ബുക്കില്‍ കുറിച്ചത്. കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയോഗിച്ചത് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഗീതു നടത്തിയത്.

◾ ബംഗാളി നടി ശ്രീലേഖ മിത്ര ഉയര്‍ത്തിയ ലൈംഗികാരോപണ കൊടുങ്കാറ്റില്‍ അടിതെറ്റി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാജിവക്കുമെന്ന് സൂചന. സി പി ഐ അടക്കമുള്ള ഇടതു കേന്ദ്രങ്ങളില്‍ നിന്നുള്‍പ്പെടെ രാജിയ്ക്കായി സമ്മര്‍ദം ഉയര്‍ന്നതോടെയാണ് രഞ്ജിത്തിന്റെ രാജി അനിവാര്യമായത്. ഇന്ന് രാവിലെയോടെ രഞ്ജിത്തിന്റെ രാജി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

◾ അമ്മ ജനറല്‍ സെക്രട്ടറിയും പ്രശസ്ത നടനുമായ സിദ്ദിഖിനെതിരായ നടി രേവതി സമ്പത്തിന്റെ ആരോപണങ്ങളില്‍ പൊലീസ് കേസെടുത്തേക്കുമെന്ന് സൂചന. സിനിമ മോഹിച്ചെത്തിയ യുവനടിയെ ചെറുപ്രായത്തില്‍ പീഡിപ്പിച്ചെന്ന ആരോപണം അതീവ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് കേസെടുക്കുമെന്ന സൂചനകള്‍ പുറത്തുവന്നത്.

◾ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ പരാതി അന്വേഷിക്കട്ടെയെന്ന് നടന്‍ മുകേഷ്. ആരോപണങ്ങള്‍ ഉയരുമ്പോള്‍ രാജിവച്ചാല്‍ രാഷ്ട്രീയത്തില്‍ ആരെങ്കിലും സ്ഥാനത്തിരിക്കുമോയെന്നും മുകേഷ് ചോദിച്ചു. രാജി വെക്കണോ എന്നത് അവരുടെ ആത്മവിശ്വാസവും അവരുടെ മനസാക്ഷിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സിനിമയില്‍ പവര്‍ ഗ്രൂപ്പ് നിലനില്‍ക്കില്ലെന്നും ആരെയും ഇല്ലാതാക്കാന്‍ കഴിയില്ലെന്നും മുകേഷ് പറഞ്ഞു.

◾ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരുന്ന് ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ ആരോപണത്തെ നേരിടുന്നത് ശരിയല്ലെന്നും രഞ്ജിത്ത് രാജി വെച്ച് ആരോപണത്തെ നേരിടണമെന്നും സംവിധായകന്‍ ഭദ്രന്‍ അഭിപ്രായപ്പെട്ടു. മന്ത്രി സജി ചെറിയാന്‍ അനാവശ്യമായി രഞ്ജിത്തിനെ സംരക്ഷിക്കുമെന്ന തോന്നലുണ്ടാകുമെന്നും ഭദ്രന്‍ ചൂണ്ടിക്കാട്ടി

◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ താരസംഘടനയായ അമ്മ ശക്തമായ നിലപാടെടുക്കണമെന്ന് നടി ഉര്‍വശി. എക്സിക്യുട്ടീവ് കമ്മിറ്റി ഉടന്‍ വിളിക്കണം. നിലപാട് വച്ച് നീട്ടാന്‍ പറ്റില്ലെന്നും പഠിച്ചത് മതിയെന്നും ഉര്‍വശി വ്യക്തമാക്കി. താന്‍ സ്ത്രീകള്‍ക്കൊപ്പമുണ്ടാകുമെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ തങ്ങളുടെ മാനവും ലജ്ജയുമെല്ലാം മാറ്റി വച്ച് കമ്മിഷന് മുമ്പാകെ വന്ന് തുറന്ന് പറഞ്ഞ കാര്യങ്ങളാണെന്നും അതില്‍ നടപടി വേണമെന്നും ഉര്‍വശി ആവശ്യപ്പെട്ടു.

◾ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര ഉയര്‍ത്തിയ ആരോപണങ്ങളില്‍ അന്വേഷണം നടത്തില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. തൊഴില്‍പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയാല്‍ പരിശോധിക്കുമെന്നും എന്നാല്‍ തൊഴില്‍ ലംഘനമുണ്ടായെന്ന് വെറുതേ പറഞ്ഞാല്‍ പോരെന്നും മന്ത്രി പറഞ്ഞു.

◾ സംവിധായകന്‍ രഞ്ജിത്തിനെതിരായ ആരോപണം സത്യമോ അല്ലയോ എന്നറിയില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും നടി ശ്വേത മേനോന്‍. സിനിമയിലെ പവര്‍ഗ്രൂപ്പില്‍ സ്ത്രീകളുമുണ്ടാകാമെന്നും, കരാര്‍ ഒപ്പിട്ട 9 സിനിമകള്‍ തനിക്ക് നഷ്ടമായിട്ടുണ്ടന്നും ശ്വേത പറഞ്ഞു.

◾ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ലൈംഗികാരോപണമുയര്‍ന്നതിന് പിന്നാലെ സംവിധായകന്‍ രഞ്ജിത്ത് താമസിക്കുന്ന വയനാട്ടിലെ റിസോട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറി നില്‍ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

◾ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ഗുരുതരമായ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പദവി രാജിവെച്ച് നിഷ്പക്ഷമായ അന്വേഷണം നേരിടണമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ . സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറിയെന്ന ആരോപണത്തില്‍ അഗ്നിശുദ്ധി വരുത്തേണ്ട ബാധ്യത രഞ്ജിത്തിന് മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു. ഗുരുതരമായ ആരോപണം നേരിടുന്ന വ്യക്തിയെ അദ്ദേഹത്തിന്റെ മഹത്വം ചൂണ്ടിക്കാട്ടി ന്യായീകരിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് ആ പദവിയില്‍ തുടരാന്‍ യോഗ്യതയില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

◾ സംവിധായകന്‍ രഞ്ജിത്തിനെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ദേശീയ വനിത കമ്മീഷന്‍ മുന്‍ അധ്യക്ഷ രേഖാ ശര്‍മ്മ ആവശ്യപ്പെട്ടു. പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കാന്‍ ശ്രീലേഖ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വൈകിയതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് പ്രതീക്ഷയില്ലെന്നും രേഖാ ശര്‍മ്മ പറഞ്ഞു.

◾ ബംഗാളി നടി ദുരനുഭവം തുറന്ന് പറഞ്ഞിട്ടും രഞ്ജിത്ത് ഇപ്പോഴും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുകയാണെന്ന് യൂത്ത് ലീഗ് സംസഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് കുറ്റപ്പെടുത്തി. രഞ്ജിത്ത് ഉടനെ രാജി വെക്കണമെന്നും രഞ്ജിത്തിനെതിരെ  എഫ്ഐആര്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്യണം എന്നും പികെ ഫിറോസ് ആവശ്യപ്പെട്ടു .

◾ വയനാടിന്റെ പുനര്‍ നിര്‍മ്മാണത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചില്‍ സമ്മതപത്രം നല്‍കാത്തവരില്‍ നിന്ന് ശമ്പളം പിടിക്കില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. പിഎഫ് വായ്പയ്ക്ക് അപേക്ഷിക്കാനും തടസമില്ല. എല്ലാ ജീവനക്കാരില്‍ നിന്നും ശമ്പളം പിടിക്കുമെന്ന് അറിയിച്ച് ഐഎംജിയും കെഎസ്ഇബിയും സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇത് വിവാദമായതോടെയാണ് വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.

◾ ആമയിഴഞ്ചാന്‍ തോട് റെയില്‍വേ ടണല്‍ ശുചീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കും. ശുചീകരണത്തിനായി 63 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. റെയില്‍വേയോട് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും തരാന്‍ തയ്യാറായിരുന്നില്ല. തോട്ടില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി തുടങ്ങിയെന്നും നഗരസഭ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

◾ കണ്ണൂരില്‍ നിപ ആശങ്ക ഒഴിഞ്ഞു. രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് പേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് നിപയില്ലെന്ന് സ്ഥിരീകരിച്ചത്.

◾ വളാഞ്ചേരിയിലെ കെഎസ്എഫ്ഇയിലെ മുക്കുപണ്ട പണയം തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കൂടി പിടിയിലായി. പാലക്കാട് സ്വദേശി മുഹമ്മദ് ശരീഫ്, തിരുവേഗപ്പുറ സ്വദേശി കൊരക്കോട്ടില്‍ മുഹമ്മദ് അഷ്റഫ് എന്നിവരാണ് പിടിയിലായത്. കരാര്‍ ജീവനക്കാരനായ അപ്രൈസര്‍ രാജനാണ് നേരത്തെ പിടിയിലായത്. പ്രതികളെ വളാഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുകയാണ്.

◾ തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം കരമന, കൈമനം, ചിറമുക്ക് മേഖലകളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. 32 പേരെയാണ് തെരുവുനായ കടിച്ചത്. ഇവരെയെല്ലാം ഒരു നായ തന്നെയാണ് കടിച്ചതെന്നാണ് വിവരം. പരിക്കേറ്റവര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. നേമം ശാന്തിവിള ആശുപത്രിയിലും 8 പേര്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്.

◾ ഇന്ന് രാവിലെ 7 മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍ക്കും തടസ്സം നേരിട്ടേക്കാമെന്നാണ് കെ എസ് ഇ ബിയുടെ അറിയിപ്പ്. വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കാനായി അതത് സെക്ഷന്‍ ഓഫീസുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും കെ എസ് ഇ ബി അറിയിച്ചു.

◾ സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ വീണ്ടും തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന പശ്ചാത്തലത്തിലാണ് മഴ ശക്തമായി തുടരുന്നതെന്ന് വ്യക്തമാകുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഓഗസ്റ്റ് 28 വരെയുള്ള തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രതയുള്ളത്.

◾ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് സംസ്ഥാന ബി.ജെ.പി. അതേസമയം, തിരഞ്ഞെടുപ്പിന് മുന്നേതന്നെ ബിജെപി ഭയപ്പാടിലായെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഒക്ടോബര്‍ ഒന്നാം തീയതിക്ക് മുന്‍പും പിന്‍പും അവധിദിനങ്ങള്‍ വരുന്നുണ്ടെന്നും ഇത് പോളിങ് ശതമാനത്തെ ബാധിച്ചേക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് ബി.ജെ.പിയുടെ ഹരിയാണ ഘടകം അധ്യക്ഷന്‍, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.

◾ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പുതിയ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. യുപിഎസ് എന്ന പേരില്‍ എല്ലാ ജീവനക്കാര്‍ക്കും മിനിമം പെന്‍ഷന്‍ ഉറപ്പു നല്‍കുന്നതാണ് പുതിയ പദ്ധതി. ജീവനക്കാര്‍ 10 ശതമാനം വിഹിതം നല്‍കണമെന്ന വ്യവസ്ഥ തുടരും. സര്‍ക്കാര്‍ അടയ്ക്കുന്ന വിഹിതം 14ല്‍ നിന്ന് 18.5 ശതമാനം ആയി ഉയര്‍ത്താനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 23 ലക്ഷത്തോളം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്നും 2025 ഏപ്രില്‍ ഒന്നു മുതല്‍ യു.പി.എസ് നിലവില്‍വരുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

◾ ആര്‍.ജി. കര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് അറസ്റ്റിലായ പ്രതി സഞ്ജയ് റോയി. കുറ്റമൊന്നും ചെയ്യാത്ത തന്റെമേല്‍ കുറ്റകൃത്യം അടിച്ചേല്‍പ്പിക്കുകയാണെന്നും നുണപരിശോധനയിലൂടെ ഇക്കാര്യം തെളിയുമെന്നും നുണപരിശോധനയ്ക്ക് എന്തുകൊണ്ടാണ് സമ്മതം നല്‍കുന്നതെന്ന കോടതിയുടെ ചോദ്യത്തിന് മറുപടി പറയവെ ഇയാള്‍ പറഞ്ഞു.

◾ കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. ഡോക്ടര്‍ കൊല്ലപ്പെടുമ്പോള്‍ പ്രിന്‍സിപ്പലായിരുന്ന സന്ദീപ് ഘോഷിന്റെ കാലത്ത് നടന്ന ക്രമക്കേടുകളാണ് സി.ബി.ഐ. അന്വേഷിക്കുക. കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് സി.ബി.ഐ. ഏറ്റെടുത്തത്.

◾ പടിഞ്ഞാറന്‍ ജര്‍മനിയിലെ സൂലിങ്ങന്‍ നഗരത്തില്‍ ലൈവ് ബാന്‍ഡ് സംഗീതപരിപാടിക്കിടെ 3 പേരെ കുത്തിക്കൊലപ്പെടുത്തുകയും 8 പേരെ കുത്തി പരുക്കേല്‍പിക്കുകയും ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. വെള്ളിയാഴ്ച രാത്രി 9.40ന് സൂലിങ്ങന്‍ നഗരത്തിന്റെ 650-ാം വാര്‍ഷികാഘോഷത്തിനിടയിലാണ് അക്രമി ആള്‍ക്കൂട്ടത്തില്‍ കണ്ണില്‍ കണ്ടവരെയെല്ലാം കുത്തിവീഴ്ത്തിയത്. മിക്കവരുടെയും കഴുത്തിലാണ് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ 8 പേരില്‍ 5 പേരുടെ നില ഗുരുതരമാണ്.
➖➖➖➖➖➖➖➖

Post a Comment

0 Comments