Pudukad News
Pudukad News

നാലു മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ സ്വര്‍ണവില



ബജറ്റില്‍ ഇറക്കുമതി നികുതി വെട്ടിക്കുറച്ചതിനു പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവു തുടരുന്നു. ഇന്ന് (ജൂലൈ 25 വ്യാഴം) നാലു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. പവന് 51,200 രൂപയും ഗ്രാമിന് 6,400 രൂപയുമാണ് ഇന്നത്തെ വില.

ഗ്രാമിന് ഇന്നലത്തേക്കാള്‍ 95 രൂപയാണ് കുറഞ്ഞത്. പവന് 760 രൂപയും താഴ്ന്നു. വിവാഹാവശ്യത്തിനും മറ്റുമായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവരെ സംബന്ധിച്ച് സന്തോഷകരമായ ദിവസങ്ങളാണ് സ്വര്‍ണത്തില്‍ കാത്തിരിക്കുന്നത്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 85 രൂപ കുറഞ്ഞ് 5,310 രൂപയിലെത്തി. വെള്ളി വില മൂന്നു രൂപ കുറഞ്ഞ് ഗ്രാമിന് 89 രൂപയിലാണ് വ്യാപാരം.

പത്തുദിവസത്തിനിടെ വന്‍കുറവ്

10 ദിവസത്തിനിടെ 3,800 രൂപയാണ് പവന് കുറഞ്ഞത്. ജൂലൈ 17ന് സ്വര്‍ണവില പവന് 55,000 രൂപയെന്ന ഈ മാസത്തെ റെക്കോഡ് നിലയിലായിരുന്നു. അവിടെ നിന്നാണ് വില താഴേക്ക് പതിച്ചത്. ജൂലൈ ആരംഭിക്കുമ്പോള്‍ സ്വര്‍ണവില 53,000 രൂപയുമായിരുന്നു.

മെയ് 20ന് രേഖപ്പടുത്തിയ 55,120 രൂപയാണ് സ്വര്‍ണവിലയിലെ റെക്കോഡ്. ഇന്നത്തെ 51,200 രൂപയാണ് ഏപ്രില്‍ രണ്ടിനു ശേഷമുള്ള ഏറ്റവും താഴ്ന്ന വില.

ബജറ്റില്‍ സ്വര്‍ണവില കുറയുമെന്ന അഭ്യൂഹങ്ങള്‍ വന്നു തുടങ്ങിയതു മുതല്‍ ഉപയോക്താക്കള്‍ ജാഗ്രതയിലായിരുന്നു. പലരും സ്വര്‍ണം ബജറ്റിനു ശേഷം വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

പ്രതീക്ഷിച്ചത്ര കുറഞ്ഞില്ല

സ്വര്‍ണവില 50,000 രൂപയ്ക്ക് താഴെയെത്തുമെന്നായിരുന്നു വ്യാപാരികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ അവര്‍ ആവശ്യപ്പെട്ട അത്രയും നികുതി കുറച്ചിട്ടും വിലയില്‍ പ്രതീക്ഷിച്ചത്ര കുറവു ഉണ്ടായിട്ടില്ലെന്നതാണ് സത്യം. വന്‍കിട വ്യാപാരികളില്‍ ചിലരുടെ നിലപാടാണ് സ്വര്‍ണ വില കുറയ്ക്കാത്തതിനു പിന്നിലെന്നാണ് സൂചനകള്‍.

ചെറുകിടക്കാര്‍ പലരും കച്ചവടം കൂടുമെന്നതിനാല്‍ വിലക്കുറവിന് തയാറായെങ്കിലും വന്‍കിടക്കാര്‍ അവര്‍ക്കുണ്ടാകാവുന്ന നഷ്ടം ചൂണ്ടിക്കാട്ടി ഇതിനെ എതിര്‍ത്തു. അടുത്തിടെ സ്വര്‍ണം വാങ്ങിയ പല വ്യാപാരികളും ഉയര്‍ന്ന വിലയിലാണ് ഇത് ശേഖരിച്ചത്. പഴയ സ്റ്റോക്ക് വിറ്റഴിച്ചശേഷം വിലകുറയ്ക്കാന്‍ ധാരണ ആകുമെന്നാണ് ലഭിക്കുന്ന വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price