തെരഞ്ഞെടുപ്പു ഫലം വിപണി പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതോ പോലെയല്ല വന്നത്. അതു വ്യക്തമായതോടെ വിപണി ഇടിഞ്ഞു. എക്‌സിറ്റ് പോളില്‍ കുതിച്ചു കയറിയ സൂചികകള്‍ ആ നേട്ടമെല്ലാം ഇന്നു രാവിലെ നഷ്ടപ്പെടുത്തി. കുറഞ്ഞ ഭൂരിപക്ഷത്തിലാകും എന്‍.ഡി.എ ഭരണം നിലനിര്‍ത്തുക എന്നതു വിപണിയുടെ കണക്കു കൂട്ടലില്‍ ഉണ്ടായിരുന്നില്ല.
ലീഡ് നില മാറി മറിയുന്നതനുസരിച്ച് വിപണി സൂചികകള്‍ ചാഞ്ചാടുകയാണ്. മുഴുവന്‍ ഫലങ്ങളും അറിയുന്നതു വരെ ഈ ചാഞ്ചാട്ടം തുടരും. ഹിന്ദി ഹൃദയഭൂമിയിലും മഹാരാഷ്ട്രയിലും പഞ്ചാബിലും ഇന്ത്യാ സഖ്യം ഭരണപക്ഷത്തെ വിറപ്പിച്ചു. ഇതിന്റെ ദീര്‍ഘകാല പ്രത്യാഘാതം വിലയിരുത്തേണ്ടതുണ്ട്. അതു മനസിലാക്കി വിപണി വരും ദിവസങ്ങളില്‍ പ്രതികരിക്കും. ചാഞ്ചാട്ടം വരും ദിവസങ്ങളിലും തുടരും എന്നു കണക്കാക്കാം.
രാവിലെ 23,179.50ല്‍ ഓപ്പണ്‍ ചെയ്ത നിഫ്റ്റി 22,000 വരെ ഇടിഞ്ഞു. അഞ്ച് ശതമാനത്തിലധികമാണ് നിഫ്റ്റിയുടെ വീഴ്ച്. 1200 പോയിന്റാണ് ഒറ്റ ദിവസം നഷ്ടമായത്. പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന വീഴ്ചയാണ് ഇത്. ഇടയ്ക്ക് 22,800 നു മുകളിലെത്തിയെങ്കിലും ഇടിവിലേക്ക് വീഴുകയായിരുന്നു.
സെന്‍സെക്‌സ് 76,285.78ല്‍ തുടങ്ങിയിട്ട് 72,337 വരെ ഇടിഞ്ഞു. ഒരുവേള 74,675ലേക്കു കയറിയെങ്കിലും നേട്ടം നിലനിറുത്താനായില്ല. നിലവില്‍ സൂചികകള്‍ നാല് ശതമാനത്തിലധികം ഇടിഞ്ഞാണ് നില്‍ക്കുന്നത്.
ആര്‍ക്കും ശക്തമായ ഭരണത്തിനു തക്ക ഭൂരിപക്ഷം കിട്ടില്ല എന്നാണു വോട്ടെണ്ണല്‍ രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ മനസിലാകുന്നത്. അതു തന്നെയാണ് വിപണിയെ വിഷമിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രേ മോദി ഇടയ്ക്കു പിന്നിലായതും വിപണിയെ വിഷമിപ്പിക്കുന്നു. കരുത്തോടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനും ഭരണം സുഗമമാക്കാനും തക്ക നേതൃശേഷി കാണിക്കാന്‍ ഇനി അദ്ദേഹത്തിനു കഴിയുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.
വീണുടഞ്ഞ് അദാനി ഓഹരികള്‍
ഇന്നലെ എക്‌സിറ്റ്‌പോള്‍ ഫലത്തില്‍ കുതിച്ചുയര്‍ന്ന അദാനി ഓഹരികള്‍ ഇന്ന് തകര്‍ച്ചയിലായി. ഗ്രൂപ്പിലെ മിക്ക ഓഹരികളും ഇന്നലെ 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടിരുന്നു. എന്നാല്‍ ആ നേട്ടമെല്ലാം ഫലപ്രഖ്യാപനത്തില്‍ ഒഴുകി പോയി. രാവിലത്തെ വ്യാപാരത്തിനിടെ അദാനി ടോട്ടല്‍ ഗ്യാസ് 18.5 ശതമാനം ഇടിഞ്ഞു. അദാനി ഗ്രീന്‍ എനര്‍ജി 18.3 ശതമാനം, അദാനി എനര്‍ജി സൊല്യൂഷന്‍സ് 14.2 ശതമാനം, അദാനി പവര്‍ 13.6 ശതമാനം, അദാനി എന്റര്‍പ്രൈസസും അദാനി വില്‍മറും 10 ശതമാനം വീതം എന്നിങ്ങനെയാണ് നഷ്ടം രേഖപ്പെടുത്തിയത്. അദാനി പോര്‍ട്‌സിന്റെ ഇടിവ് 9.8 ശതമാനമാണ്.
0 Comments