കോടാലി ശ്രീധരനെ 11-ന് ചാലക്കുടി കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്
ചാലക്കുടി : കൊരട്ടിയിൽ കഴിഞ്ഞ ജനുവരി 19-ന് പോലീസിന്റെ പിടിയിലായ കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധര(60)നെ ചാലക്കുടി കോടതിയിൽ തിരികെ ഹാജരാക്കാൻ ഉത്തരവ്. ചാലക്കുടി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന്റേതാണ് ഉത്തരവ്. പോലീസിനുനേരെ തോക്കു ചൂണ്ടിയതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.

ചാലക്കുടി കോടതിയിൽ ഹാജരാക്കി വിയ്യൂർ ജയിലിൽ റിമാൻഡ് ചെയ്ത ശ്രീധരനെ മൂന്നാഴ്ച മുൻപ് പ്രൊഡക്ഷൻ വാറന്റുമായെത്തിയെ ആന്ധ്രാപ്രദേശ് പോലീസ് കൊണ്ടുപോയിരുന്നു. റാപ്‌തോട് സ്റ്റേഷനിലെ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനാണ് കൊണ്ടുപോയത്. അവിടെ അനന്ത്പുർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഇതിനെ ചോദ്യംചെയ്ത് ശ്രീധരന്റെ അഭിഭാഷകൻ ജയൻ കുറ്റിച്ചാക്കു നൽകിയ ഹർജി പരിഗണിച്ചാണ് ചാലക്കുടി കോടതി ഉത്തരവിട്ടിട്ടുള്ളത്. പ്രൊഡക്ഷൻ വാറന്റിൽ സംസ്ഥാനത്തിനകത്തായാലും പുറത്തായാലും കുറ്റവാളിയെ കൊണ്ടുപോയാൽ അനുവദിച്ച കോടതിയിൽ ഹാജരാക്കണമെന്നും ആ കോടതി റിമാൻഡ്‌ നിശ്ചയിച്ച ജയിലിൽ റിമാൻഡ്‌ ചെയ്യണമെന്നുമുള്ള വാദമാണ് കോടതി അംഗീകരിച്ചത്.

Post a Comment

0 Comments