ആദായനികുതി വകുപ്പിന്റെ പരിശോധനയോട് പ്രതികരിച്ച് ഗുരുവായൂർ ദേവസ്വം


ഗുരുവായൂർ ദേവസ്വത്തിൽ ആദായനികുതി വകുപ്പിന്റെ പരിശോധനയോടും വാർത്താകുറിപ്പിനോടും പ്രതികരിച്ച് ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ.
കേന്ദ്ര സർക്കാർ ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയ സ്ഥാപനമാണ് ഗുരുവായൂർ ദേവസ്വമെന്നും ഇതുവരെ ആദായ നികുതി നൽകിയിട്ടില്ലെന്നും ദേവസ്വം ചെയർമാൻ പറഞ്ഞു. ദേവസ്വം ആദായ നികുതി റിട്ടേണും നൽകാറില്ല. ഗുരുവായൂർ ദേവസ്വത്തിൽ ഓഡിറ്റ് നടക്കാറില്ലെന്നതും  ശരിയല്ല. സംസ്ഥാന സർക്കാരിന്റെ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം ദേവസ്വം ഓഫീസിൽ തന്നെ ഓഫീസ് സംവിധാനത്തോടെ പ്രവർത്തിച്ച് കൺകറന്റ് ഓഡിറ്റ് നടത്തുന്നുണ്ടെന്നും ചെയർമാൻ അറിയിച്ചു. തിങ്കളാഴ്ചയാണ് ആദായ നികുതി വകുപ്പ് ദേവസ്വം ആസ്ഥാനത്ത് പരിശോധന നടത്തിയത്. രാവിലെ 10 മണിയോടെ തുടങ്ങിയ പരിശോധന ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അവസാനിച്ചത്. കൊച്ചി ആദായനികുതി വകുപ്പ് ടിഡിഎസ് കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥർ അടക്കം 10 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.നികുതി അടയ്ക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറിയെന്നും വലിയ വീഴ്ചകളുണ്ടെന്നും അവ പരിശോധിച്ചുവരികയാണെന്നും ആദായ നികുതി വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ദേവസ്വം അക്കൗണ്ടിങ് ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും ദേവസ്വത്തിൽ ഓഡിറ്റ് നടക്കുന്നില്ലെന്നും കൃത്യമായ വരവു ചെലവു കണക്കുകൾ സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തിയതായാണ് ആദായനികുതി വകുപ്പിന്റെ വെളിപ്പെടുത്തൽ.തങ്ങൾ അയച്ച നിയമപരമായ നോട്ടീസുകൾക്ക് മറുപടി നൽകാത്തതിനെ തുടർന്നായിരുന്നു സർവേയെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.ദേവസ്വത്തിൽ ഏതെങ്കിലും അക്കൗണ്ടിന് തത്വമോ സമ്പ്രദായമോ കൃത്യമായി പിന്തുടരുന്നില്ലെന്നും 2018-19നുശേഷം നിയമപ്രകാരമുള്ള ഓഡിറ്റ് നടന്നിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു.

Post a Comment

0 Comments