സി.എ.എ പിൻവലിക്കില്ലെന്ന് അമിത് ഷാ


സി.എ.എയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും കേന്ദ്രസർക്കാർ തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സി.എ.എ ഭരണഘടനയുടെ ഒരു വ്യവസ്ഥയും ലംഘിക്കുന്നില്ല. പ്രതിപക്ഷ നേതാക്കൾ രാഷ്ട്രീയ പ്രീണനമാണ് നടത്തുന്നത്. ഒരു വിഭാഗമോ വ്യക്തിയോ സി.എ.എയെ ഭയപ്പെടേണ്ടതില്ലെന്നും എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു. എന്തുകൊണ്ടാണ് സി.എ.എയെ എതിർക്കുന്നതെന്ന് വിശദീകരിക്കാൻ രാഹുൽ ഗാന്ധി തയ്യാറാവണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിൽ നമ്മുടെ നിലപാടുകൾ പൊതുസമൂഹത്തിൽ വിശദീകരിക്കേണ്ടതുണ്ട്. സി.എ.എ തന്റെ സർക്കാരിന്റെ തീരുമാനമായതുകൊണ്ട് അത് എങ്ങനെ രാജ്യത്തിന് ഗുണകരമാകുമെന്ന് താൻ വിശദീകരിക്കും. എന്തുകൊണ്ടാണ് എതിർക്കുന്നതെന്ന് രാഹുൽ ഗാന്ധി വിശദീകരിക്കണമെന്നും അമിത് ഷാ പറഞ്ഞു.രാഷ്ട്രീയ നേട്ടം മുന്നിൽ കണ്ടാണ് സി.എ.എ നടപ്പാക്കിയതെന്ന വിമർശനം അമിത് ഷാ തള്ളി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയിൽ തന്നെ സി.എ.എ നടപ്പാക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കിയതാണ്. 2019ൽ പാർലമെന്റിന്റെ ഇരു സഭകളും സി.എ.എ പാസാക്കിയിട്ടുണ്ട്. കോവിഡ് മൂലമാണ് അത് നടപ്പാക്കുന്നത് വൈകിയതെന്നും അദ്ദേഹം പറഞ്ഞു.നിയമങ്ങൾ കൊണ്ടുവരുന്നതിന് സമയവും രാഷ്ട്രീയ നേട്ടമോ നഷ്ടമോ എന്നതും വിഷയമല്ല. വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രീണനമാണ് പ്രതിപക്ഷം നടത്തുന്നത്. സി.എ.എ രാജ്യത്തിന് വേണ്ടിയുള്ള നിയമമാണ്. കഴിഞ്ഞ നാല് വർഷത്തിനിടെ സി.എ.എ നടപ്പാക്കുമെന്ന് താൻ 41 തവണ വ്യക്തമാക്കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price