ലൂർദ് പള്ളി സന്ദർശിച്ച് വി.എസ്.സുനിൽകുമാർ


തൃശൂർ ലൂർദ്ദ് മാതാവിന്റെ പള്ളി സന്ദർശിച്ച് മുൻമന്ത്രിയും സി.പി.ഐ നേതാവുമായി വി എസ് സുനിൽകുമാർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.  ലൂർദ്ദിൻ്റെ സ്നേഹത്തിന് നന്ദിയെന്ന തലക്കെട്ടോടെയായിരുന്നു കുറിപ്പ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് വി.എസ് സുനിൽകുമാർ എൽ.ഡി.എഫ് സ്ഥാനാർഥിയാകും എന്ന അഭ്യൂഹത്തിനിടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ്. നേരത്തെ നടനും ബി.ജെ.പി നേതാവുമായ സുരേഷ്ഗോപി ലൂർദ് മാതാവിന് സ്വർണകിരീടം സമർപ്പിച്ചത് ഏറെ ചർച്ചയായിരുന്നു.

സുനിൽകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് 

തൃശൂർ എംഎൽഎ ആയിരുന്ന കാലത്തും അതിനു മുമ്പും ഇപ്പോഴും തൃശൂർ ലൂർദ്ദ് മെട്രോപ്പൊളിറ്റൻ കത്തീഡ്രലുമായും ഇടവക ജനങ്ങളുമായും വളരെ അടുത്ത ഹൃദയബന്ധമാണ് പുലർത്തുന്നതെന്നും തൃശൂർ അതിരൂപത ആർച്ച് ബിഷപ്പിന്റെ ആസ്ഥാന ദേവാലയമായ ലൂർദ്ദ് മാതാവിന്റെ പള്ളി ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു ആത്മീയകേന്ദ്രമാണെന്നും സുനിൽകുമാർ വ്യക്തമാക്കി. ഇന്ന് ലൂർദ്ദ് മാതാവിന്റെ ഊട്ടുതിരുന്നാളായിരുന്നു. ഇടവക ജനത്തോടും വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, മറ്റു വൈദിക ശ്രേഷ്ഠർ എന്നിവരോടുമൊപ്പം ഒരു സായാഹ്നം ചെലവഴിക്കാൻ കഴിഞ്ഞതിൻ്റെ ധന്യത നിങ്ങളുമായി പങ്കുവയ്ക്കട്ടെ. സങ്കുചിതചിന്തകൾക്ക് അതീതമായി എല്ലാ മതങ്ങളെയും ആദരിക്കുന്ന, സാഹോദര്യവും സ്നേഹവും കൂടുതൽ വളരാൻ ഇത്തരം കൂടിച്ചേരലുകൾ സഹായിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.

Post a Comment

0 Comments