Pudukad News
Pudukad News

തൃശൂർ സ്വദേശിയായ യുവതിയുടെ നാല് മാസം പ്രായമായ കുഞ്ഞിനെ കോയമ്പത്തൂരിൽ ബസിൽ ഉപേക്ഷിച്ച് കടന്നു


തൃശൂർ സ്വദേശിയുടെ നാല് മാസം പ്രായമായ കുഞ്ഞിനെ കോയമ്പത്തൂരിൽ ബസിൽ ഉപേക്ഷിച്ച് അമ്മ കടന്നു. തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി ആണ് കുഞ്ഞിനെ ബസിൽ ഉപേക്ഷിച്ചത്. ബസിൽ കയറിയ ശേഷം കുഞ്ഞിനെ മറ്റൊരാളെ ഏൽപിച്ച് മറ്റൊരു സ്റ്റോപ്പിൽ ഇറങ്ങിപ്പോകുകയായിരുന്നു. തുടർന്ന് പൊലീസുകാർ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിനെ തേടി മലയാളി ആയ അച്ഛൻ എത്തി. തൃശൂർ സ്വദേശിയായ അച്ഛന്‍ കോയമ്പത്തൂരിൽ എത്തിയിട്ടുണ്ടെങ്കിലും കുഞ്ഞിനെ ‌കൈമാറണമെങ്കിൽ അമ്മ കൂടി വേണമെന്ന തമിഴ്നാട് ശിശു സംരക്ഷണ സമിതി നിർദേശിച്ചിരിക്കുകയാണ്. കുടുംബപ്രശ്നങ്ങൾ കാരണമാണ് കുഞ്ഞിനെ യുവതി ഉപേക്ഷിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.  വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. തിരക്കേറിയ സ്വകാര്യ ബസിലേക്ക് കുഞ്ഞുമായി എത്തിയ യുവതി കുഞ്ഞിനെ പിടിക്കാന്‍ മറ്റൊരു സ്ത്രീയോട് ആവശ്യപ്പെടുകയായിരുന്നു. കോയമ്പത്തൂരിലെത്തുമ്പോൾ കുഞ്ഞിനെ തിരികെ വാങ്ങാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കുഞ്ഞിനെ വാങ്ങിയ സ്ത്രീ പിന്നീട്  നോക്കിയപ്പോള്‍ യുവതിയെ കണ്ടില്ല. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്.  കുഞ്ഞിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് വാർത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിഞ്ഞ അച്ഛൻ പൊലീസ് സ്റ്റേഷനിലെത്തി ഇത് തന്റെ കുഞ്ഞാണെന്ന് പറയുകയായിരുന്നു. തൃശൂർ സ്വദേശിയും യുവതിയും തമ്മിൽ പ്രണയിച്ച് വിവാഹിതരായവരാണ്. ബന്ധുക്കൾ പ്രണയത്തെ എതിർത്തിരുന്നു. വിവാഹിതരായ  ഇവർ കോയമ്പത്തൂരിൽ താമസിക്കുകയായിരുന്നു.  വിവാഹം നടന്ന് തൊട്ടുപിന്നാലെ യുവാവിന്റെ അച്ഛൻ മരിച്ചു. മരണത്തിന് കാരണം പെൺകുട്ടിയാണ് എന്ന് പറഞ്ഞ് ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നു. അടുത്തിടെയുണ്ടായ വഴക്കിനെ തുടർന്ന് കഴിഞ്ഞ ദിവസം യുവാവ് തൃശൂരിലേക്ക് തിരികെ പോയിരുന്നു. തുടർന്ന് യുവതി വിഷാദത്തിലേക്ക് പോകുകയും കുഞ്ഞിനെ ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് പൊലീസ് സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നത്. സംഭവത്തിൽ ഇരുവീട്ടുകാരും തമ്മിലുള്ള ചർച്ചക്ക് വഴിയൊരുക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price