ചാലക്കുടിയിൽ മാലിന്യം തള്ളിയാൽ പിഴയും പ്രോസിക്യൂഷൻ നടപടിയും: വിവിധ ഇടങ്ങളില്‍ 49 ക്യാമറകള്‍ സ്ഥാപിച്ചു



ചാലക്കുടി : പൊതുനിരത്തുകളിലും ജലാശയങ്ങളിലും മാലിന്യം തള്ളുകയും ഒഴുക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. ഇതു ചെയ്യുന്നവര്‍ക്കെതിരെ ആദ്യ ഘട്ടത്തില്‍ കുറഞ്ഞ പിഴ 2000 രൂപയും ആവര്‍ത്തിച്ചാല്‍ അരലക്ഷം രൂപ വരെ ചുമത്താനും ആവശ്യമെങ്കില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. പൊതുനിരത്തില്‍ മാലിന്യം തള്ളുന്നതു തടയാനായി നഗരസഭ വിവിധ ഇടങ്ങളില്‍ 49 ക്യാമറകള്‍ സ്ഥാപിച്ചു. ഇതിനകം മാലിന്യം നിക്ഷേപിച്ച 54 പേരെ കണ്ടെത്തി, 44 പേര്‍ക്കെതിരെ നടപടിയെടുത്തു പിഴ അടപ്പിച്ചു. 4 പേര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയെടുത്തു. ഈ വര്‍ഷം കെഎസ്ഡബ്ല്യുഎംപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 സ്ഥലങ്ങളില്‍ കൂടി ക്യാമറകള്‍ സ്ഥാപിക്കും. കടകളുടേയും മറ്റു വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാതിരുന്നാലും നടപടിയും പിഴയും ഉണ്ടാകും.

നഗരസഭയുടെ സുവര്‍ണ ജൂബിലി സ്മാരകമായി എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നുള്ള ഒരു കോടി രൂപ ഉപയോഗിച്ചു നിര്‍മിക്കുന്ന ഓഫിസ് അനക്‌സ് കെട്ടിടത്തിന്റെ നിര്‍മാണം തൃപ്തികരമാണെന്നും ഇതു സംബന്ധിച്ച ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കൗണ്‍സില്‍ വിലയിരുത്തി. കെട്ടിടത്തിന്റെ അടിത്തറയുടെ പണിയില്‍ എന്‍ജിനീയര്‍ കണ്ടെത്തിയ ന്യൂനത സംബന്ധിച്ചു നഗരസഭാധ്യക്ഷന്റെ നിര്‍ദേശപ്രകാരം തൃശൂര്‍ എന്‍ജിനീയറിങ് കോളജിലെ വിദഗ്ധരുടെ സംഘം പരിശോധിക്കുകയും കെട്ടിടത്തിന്റെ ബലത്തിനു കുറവില്ലെന്നു റിപ്പോര്‍ട്ട് നല്‍കുകയും നിര്‍മാണം തുടരുന്നതിനു തടസ്സങ്ങളില്ലെന്നു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്ത വിവരം ചെയര്‍മാന്‍ കൗണ്‍സിലിനെ അറിയിച്ചു. 

വിജയരാഘവപുരം കമ്യൂണിറ്റി ഹാളിന്റെ മുന്‍ഭാഗത്തെ സ്ഥലം നഗരസഭ ഏറ്റെടുക്കുന്നതിനു റവന്യു വിഭാഗത്തില്‍ നിന്നു വാലുവേഷന്‍ ലഭിച്ച സാഹചര്യത്തില്‍, തനതു ഫണ്ട് ഉപയോഗിച്ചു ഭൂമി ഏറ്റെടുക്കാനും പട്ടികജാതി ഓഫിസറുടെ ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതു സംബന്ധിച്ച സംസ്ഥാന ആസൂത്രണ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് കത്തു നല്‍കാനും കൗണ്‍സില്‍ തീരുമാനിച്ചു. 2024-25 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടു 28ന് അകം വാര്‍ഡ് സഭകള്‍ ചേരും. 2023 - 24 വാര്‍ഷിക പദ്ധതിയിലെ ഭേദഗതികള്‍ക്കു കൗണ്‍സില്‍ അംഗീകാരം നല്‍കി. വിവിധ പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്കുള്ള 70 ലക്ഷം രൂപയുടെ ടെന്‍ഡറുകള്‍ക്കു കൗണ്‍സില്‍ അംഗീകാരം നല്‍കി. അഗതിരഹിത കേരളം ഗുണഭോക്താക്കള്‍ക്കു മാസംതോറും നല്‍കുന്ന പോഷകാഹാരക്കിറ്റിനു സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്ത സാഹചര്യത്തില്‍ നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നും തുക നല്‍കാന്‍ തീരുമാനിച്ചു. നഗരസഭാധ്യക്ഷന്‍ എബി ജോര്‍ജ് അധ്യക്ഷത വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍