തിരുവാതിരക്കളിയുടെ ആചാര്യ സാവിത്രി ടീച്ചറുടെ വിയോഗത്തിന് പത്താണ്ട്; പൂങ്കുന്നത്തിൻ്റെ സ്മൃതിവന്ദനം 27 ന്


തിരുവാതിരക്കളിയുടെ ആചാര്യയും നൃത്ത സംഗീത നാടക രൂപമായ ബാലെയുടെ ആദ്യ സ്ത്രീ സംവിധായികയുമായ നൃത്താധ്യാപിക സാവിത്രി ടീച്ചറുടെ വിയോഗത്തിന് പത്ത് വർഷം. 27ന് പൂങ്കുന്നം പൗരാവലിയുടെ നേതൃത്വത്തിൽ ടീച്ചറുടെ ഓർമദിനാചരണം ‘സ്മൃതിവന്ദനം’ പരിപാടി നടക്കും. തൃശൂർ വിവേകോദയം ഹയർസെക്കൻഡറി സ്കൂളിൽ വൈകീട്ട് 4.30ന് ആണ് പരിപാടി. സാവിത്രി ടീച്ചറുടെ ജീവിതം അടയാളപ്പെടുത്തി ചലച്ചിത്ര പ്രവർത്തകൻ കെ.ജയപ്രകാശ് കേശവൻ കഥയും സംവിധാനവും നിർവഹിച്ച ‘അംഗഹാരം’ ഡോക്യുമെന്ററി കലാകേരളത്തിന് സമർപ്പണം മന്ത്രി ഡോ.ആർ.ബിന്ദുവും സാവിത്രി ടീച്ചറുടെ പേരിൽ സുന്ദരനൃത്തകലാലയവുമായി സഹകരിച്ച് നടപ്പിലാക്കുന്ന സൗജന്യ നൃത്ത പരിശീലന പദ്ധതിയുടെ ഉത്ഘാടനം തൃശൂർ കളക്ടർ വി.ആർ.കൃഷ്ണതേജയും നിർവഹിക്കും. ശ്രീ പുഷ്പക ബ്രാഹ്മണസേവാസംഘത്തിന്റെയും ഡാൻസ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെയും സഹകരണത്തോടെയാണ് അനുസ്മരണ പരിപാടി. പെരുവനം കുട്ടൻമാരാർ ചെയർമാനും ഡോ.ടി.എ. സുന്ദർമേനോൻ വർക്കിങ് ചെയർമാനും അഡ്വ.ആശിഷ് മൂത്തേടത്ത് ജനറൽ കൺവീനറുമായി വിപുലമായ സംഘാടക സമിതിയാണ് പ്രവർത്തിക്കുന്നത്. ആദ്യകാലങ്ങളിൽ തറവാട്ട് മുറ്റങ്ങളിൽ ഒതുങ്ങിയിരുന്ന തിരുവാതിരക്കളിയെ അരങ്ങിലേക്കെത്തിച്ച് ജനകീയമാക്കിയതിൽ സാവിത്രി ടീച്ചറുടെയടക്കം ശ്രമമായിരുന്നു. ഉൽസവ പറമ്പുകളിലെ ഒരുകാലഘട്ടത്തിലെ നൃത്തസംഗീത നാടക കലാരൂപമായ ബാലെയുടെ ആദ്യ സ്ത്രീസംവിധായിക കൂടിയാണ് സാവിത്രി ടീച്ചർ. ഗുരുനാഥന്റെ പേരിൽ സ്ഥാപിച്ച സുന്ദര നൃത്തകലാ നിലയത്തിൽ ഫീസ് മാനദണ്ഡമില്ലാതെ കലാപരിശീലനം നൽകി, നൃത്തകലാരൂപങ്ങളെ സ്ത്രീശാക്തീകരണത്തിനുള്ള മാർഗങ്ങൾ കൂടിയാക്കിയായിട്ടായിരുന്നു സാവിത്രി ടീച്ചറുടെ വഴി. 2014 ജനുവരി 26നാണ് സാവിത്രി ടീച്ചർ വിട പറഞ്ഞത്.

Post a Comment

0 Comments