ഹരിത കര്‍മ്മ സേനയുടെ യൂസര്‍ ഫീ കളക്ഷനില്‍ മിന്നുന്ന വിജയം കരസ്ഥമാക്കി മറ്റത്തൂര്‍ പഞ്ചായത്ത്.

ഹരിത കര്‍മ്മ സേനയുടെ യൂസര്‍ ഫീ കളക്ഷനില്‍ മിന്നുന്ന വിജയം കരസ്ഥമാക്കി മറ്റത്തൂര്‍ പഞ്ചായത്ത്.  ആകെയുള്ള 23 വാര്‍ഡുകളും യൂസര്‍ ഫീ കളക്ഷനില്‍ മികച്ച വിജയമാണ് കഴിഞ്ഞ മാസങ്ങളിലായി കരസ്ഥമാക്കി വരുന്നത്. 

2023 ജനുവരി മുതല്‍ എല്ലാ മാസവും എല്ലാം വാര്‍ഡുകളില്‍ നിന്നും 10,000 രൂപയ്ക്ക് മുകളിലുള്ള യൂസര്‍ ഫീ കളക്ഷന്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ഉറപ്പാക്കുന്നുണ്ട്. 39 ഹരിത കര്‍മ്മസേന അംഗങ്ങളാണ് പഞ്ചായത്തില്‍ ഉള്ളത്. ഒരു ദിവസം ഒരു വാര്‍ഡ് എന്നുള്ള നിലയില്‍ 39 സേനാംഗങ്ങളും പ്രവര്‍ത്തിക്കും. 23 ദിവസം കൊണ്ട് കളക്ഷന്‍ പൂര്‍ത്തീകരിച്ച് തരംതിരിക്കല്‍ ആരംഭിക്കും. ഇത്തരത്തിലുള്ള അടുക്കും ചിട്ടയുമുള്ള പ്രവര്‍ത്തന രീതിയിലൂടെയാണ് യൂസര്‍ ഫീ കളക്ഷനില്‍ മാതൃകാപരമായ മുന്നേറ്റം മറ്റത്തൂരിന് സൃഷ്ടിക്കാനായത്. 

രാമവര്‍മ്മപുരം വിജ്ഞാന്‍ സാഗര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങളില്‍ മികച്ച വരുമാനം കണ്ടെത്തിയവര്‍ക്കുള്ള കളക്ടേഴ്‌സ് ട്രോഫി ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ എന്നിവരില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശ്വതി വിബിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി.

Post a Comment

0 Comments