കീടനാശിനിക്ക് പകരം ചിലന്തികൾ : കെ.എ.യു. ഹൈസ്‌കൂൾ വിദ്യാർഥിനികൾ ബാലശാസ്ത്ര കോൺഗ്രസിലേക്ക്

 അൽന ഷൻസാദും ആൻ ജിംസണും അധ്യാപിക നജ്മയോടൊപ്പം



നെൽപ്പാടങ്ങളിലെ കീടങ്ങളെ തുരത്താൻ കീടനാശിനിക്ക് പകരം ചിലന്തികളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിദ്യാർഥിനികളുടെ പ്രോജക്ട് ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കെ.എ.യു. സ്കൂളിലെ ഹൈസ്കൂൾ വിദ്യാർഥികളായ അൽന ഷൻസാദ്, ആൻ ജിംസൺ എന്നിവർ സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിച്ച പ്രോജക്ടിനാണ് അംഗീകാരം.

നെൽകൃഷിയെ ബാധിക്കുന്ന പ്രധാന കീടങ്ങളെ ആഹരിക്കുന്ന ചിലന്തികളെ കണ്ടെത്തി അവയെ പാടശേഖരങ്ങളിൽവിട്ട്‌ കീടനിയന്ത്രണം എങ്ങനെ നടത്താം എന്നതായിരുന്നു ഇവരുടെ പ്രോജക്ട്. ജില്ലയിലെ വിവിധ കോൾപ്പാടങ്ങളും സ്കൂളിന് സമീപത്തെ പാടശേഖരവും ആണ് ഇവർ പഠനത്തിനായി തിരഞ്ഞെടുത്തത്. ചിലന്തികളെ പ്രത്യേകമായി തയ്യാറാക്കിയ കൂട്ടിൽ വളർത്തി വളർച്ച പ്രാപിക്കുമ്പോൾ പാടങ്ങളിലേക്ക് ഇറക്കിവിടുന്ന രീതിയാണ് ചെയ്തിട്ടുള്ളത്. അധ്യാപിക നജ്മയുടെയും പൂർവവിദ്യാർഥി ബിനീഷിന്റെയും നേതൃത്വത്തിലാണ് പഠനം നടത്തിയത്.

10 തവണ കെ.എ.യു. ഹൈസ്കൂളിൽനിന്ന് ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് പ്രോജക്ടുകൾ തിരഞ്ഞെടുത്തിട്ടുണ്ട്. ഇത്തവണ സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിച്ച 116 പ്രോജക്ടുകളിൽനിന്ന് 16 എണ്ണമാണ് ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് തിരഞ്ഞെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price