ബവ്റിജസ് ഗോഡൗൺ മാറ്റൽ: ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു




ചാലക്കുടി ∙ ബവ്റിജസ് കോർപറേഷന്റെ മദ്യ ഗോഡൗൺ റെയിൽവേ സ്റ്റേഷനു സമീപത്തെ സർക്കാർ വെയർ ഹൗസിൽ നിന്ന‌ു കൊമ്പൊടിഞ്ഞാമാക്കലിലേക്കു മാറ്റാനുള്ള നീക്കത്തിൽ തൊഴിലാളികളും യൂണിയൻ നേതാക്കളും പ്രതിഷേധിച്ച് ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു. റീജനൽ മാനേജർ പി.അനൂപ്, മാനേജർമാരായ പി.കെ.സജീവ്കുമാർ, വി.എ.നവാസ്, ടിഎടി മാനേജർ പ്രദീപ്, ഉദ്യോഗസ്ഥരായ ഡാർവിൻ, ജോണി, ടോമി എന്നിവരെ മുറിയിൽ പൂട്ടിയിട്ടത്. പുറത്തു തൊഴിലാളികൾ മുദ്രാവാക്യം മുഴക്കി കുത്തിയിരിപ്പു നടത്തി. ചർ‍ച്ച ചെയ്ത് അന്തിമ തീരുമാനം ഉണ്ടാക്കമെന്ന ഉറപ്പിൽ രാത്രി 10 ണണിയോടെ സമരം അവസാനിപ്പിച്ചു. 

 തിരുവനന്തപുരത്തു നിന്നാണു തീരുമാനമുണ്ടാകേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. ഗോഡൗൺ മാറ്റാനുള്ള തീരുമാനം പിൻവലിക്കാതെ പിരിഞ്ഞു പോകില്ലെന്നു പ്രഖ്യാപിച്ചായിരന്നു സമരം.സിപിഎം ഏരിയ സെക്രട്ടറി കെ.എസ്.അശോകൻ, ഐഎൻടിയുസി യൂണിറ്റ് പ്രസിഡന്റ് ബിജു എസ്.ചിറയത്ത്, ഇ.എ.ജയതിലകൻ, എ.എം.ഗോപി, തോമസ് മണ്ടി, ഷിബു വർഗീസ്, വി.പി.ഷാജഹാൻ, കെ.കെ.ചന്ദ്രൻ, കെ.ഒ.തോമസ്, എം.എസ്.സദാനന്ദൻ, ഗോഡൗൺ ലീഡർ രതീഷ്, ടി.ഒ.വിൻസന്റ് എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചത്. 

രാത്രി 7 മണിയോടെ ഇൻസ്പെക്ടർ കെ.എസ്. സന്ദീപ്, എസ്ഐ എം.അഫ്സൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി ഇരുകൂട്ടരുമായി ചർച്ച നടത്തി. തീരുമാനമാകാതെ വന്നതോടെ കൂടുതൽ പൊലീസിനെ സ്ഥലത്തെത്തിച്ചു. സ്ഥലപരിമിതി ചൂണ്ടിക്കാട്ടിയാണു ഗോഡൗൺ മാറ്റാൻ ശ്രമിക്കുന്നത്. ഗോഡൗൺ മാറ്റിയാൽ നൂറു കണക്കിനു തൊഴിലാളികൾക്കു തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയാണ് സമരത്തിന് വഴിയൊരുക്കിയതെന്നു തൊഴിലാളികളും യൂണിയൻ നേതൃത്വവും അറിയിച്ചു.

Post a Comment

0 Comments