രണ്ടു ദിവസങ്ങളിലായി നടന്ന ശാസ്ത്രസമേതം കുട്ടികളുടെ സഹവാസ ക്യാമ്പ് യുദ്ധ വിരുദ്ധപ്രതിജ്ഞയോടെ സമാപിച്ചു. യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളും കുട്ടികളുമാണെന്നും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ലക്ഷ്യം വെക്കുന്നത് പ്രത്യേകിച്ചും കുഞ്ഞുങ്ങളെയാണെന്നും യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും കുട്ടികള്‍ ആവശ്യപ്പെട്ടു. യുദ്ധത്തില്‍ മരിച്ചുവീണ അനേകായിരം മനുഷ്യര്‍ക്ക് കുട്ടികള്‍ ആദരമര്‍പ്പിച്ചു.
സമാപനസമ്മേളനം, കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ കായികകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.എ. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കുള്ള പങ്കാളിത്ത സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്‌കൂള്‍ - പഞ്ചായത്ത് - ഉപജില്ലാ തലങ്ങളില്‍, കഴിഞ്ഞ വര്‍ഷം നടന്ന വിജ്ഞാനോത്സവത്തില്‍ പങ്കെടുത്ത കുട്ടികളില്‍ നിന്നും തെരഞ്ഞെടുത്ത കുട്ടികള്‍ക്കായി ജ്യോതി ശാസ്ത്ര ഒളിമ്പ്യാഡ് സംഘടിപ്പിച്ചിരുന്നു. ഒളിമ്പ്യാര്‍ഡില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള തുടര്‍ പരിപാടിയെന്ന നിലയിലാണ് ദ്വിദിന ശാസ്ത്രക്യാമ്പ് സംഘടിപ്പിച്ചത്.
രണ്ടാം ദിവസത്തെ ക്യാമ്പില്‍ ഡോ. ടി.വി വിമല്‍കുമാര്‍, ഡോ. രഘുനാഥ പിള്ള, ഡോ. കെ. വിദ്യാസാഗര്‍, കെ.കെ. ഹരീഷ്‌കുമാര്‍, ഇ.കെ. മുഹമ്മദ് റഫീഖ് എന്നിവര്‍ ക്ലാസ്സെടുത്തു. വിവിധ സെഷനുകളിലായി ടി.വി. മദനമോഹനന്‍, വി. മനോജ്, എം.വി. മധു, സി.ടി. അജിത്കുമാര്‍, പ്രമോദ് കിള്ളിമംഗലം, പി.എസ്. ഷൈജു, ഇ.എച്ച്. ഫഹ്മിദ, ടി.പി. പുഷ്പാഞ്ജലി, സ്വാതി കെ. സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments