വെള്ളിക്കുളങ്ങര: കാട്ടുപന്നിയെ ഭയന്ന് കഴിയുകയാണ് മറ്റത്തൂര്‍ പഞ്ചായത്തിലെ അമ്പനോളി പ്രദേശത്തെ വീട്ടമ്മ. ആക്രമണകാരിയ പന്നി രാത്രിയും പകലും ഭേദമില്ലാതെ വീട്ടുമുറ്റത്തും പറമ്പിലും വിഹരിക്കുന്നതാണ് ഇവരുടെ സമാധാനം കെടുത്തുന്നത്. അമ്പനോളി മേവട ഫിലോമിന തോമസിന്റെ വീട്ടുപറമ്പിലാണ് കാട്ടുപന്നി വിഹരിക്കുന്നത്. രണ്ടുദിവസം മുമ്പ് വീട്ടുമുറ്റത്തെത്തി നാശനഷ്ടം വരുത്തിയപ്പോള്‍ ഇവര്‍ വനപാലകരെ വിവരം അറിയിച്ചു.
ഇതേ തുടര്‍ന്ന് വനപാലകര്‍ നിയോഗിച്ച വന്യജീവി സംരക്ഷകന്‍ ഇവിടെയെത്തുകയും പടക്കം പൊട്ടിച്ച് കാട്ടുപന്നിയെ അകറ്റുകയും ചെയ്തു. കാട്ടിലേക്ക് പോയ പന്നി ഇനി വരില്ലെന്ന് പറഞ്ഞ് വന്യജീവി സംരക്ഷകന്‍ സ്ഥലം വിട്ടതിന് പിന്നാലെ വീണ്ടുമെത്തി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. പറമ്പിലുണ്ടായിരുന്ന ചേമ്പ്, ചേന, കപ്പ തുടങ്ങിയവയാണ് വ്യാപകമായി നശിപ്പിച്ചത്.
വീടിന് സമീപം വിഹരിക്കുന്ന കാട്ടുപന്നിയെ ഭയന്ന് പകല്‍ സമയത്ത് പോലും പുറത്തിറങ്ങാന്‍ ഭയമാണെന്ന് ഫിലോമിന പറയുന്നു. പറമ്പില്‍ കൃഷി ചെയ്യുന്ന തൊഴിലാളികളും ഭയത്തിലാണ്.
0 Comments