ഒല്ലൂർ പള്ളി തിരുനാളിൻ്റെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു


ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി തിരുനാളിനോടനുബന്ധിച്ച് വെടിക്കെട്ട് പൊതു പ്രദർശനത്തിനും കതിനെ പൊട്ടിക്കുന്നതിനും ജില്ല ഭരണ കൂടം അനുമതി നിഷേധിച്ചു. ഈ മാസം 23, 24 തിയതികളിലാണ് തിരുന്നാൾ. ചൊവ്വ, വെള്ളി ദിവസങ്ങളിൽ കതിന പൊട്ടിക്കുന്നതിനുള്ള ലൈസൻസിനും എക്സ്പ്ലോസീവ് റൂൾ 9(5) പ്രകാരം 100 കിലോഗ്രാം ഫയർ വർക്ക്സ് പൊട്ടിക്കുന്നതിനുള്ള പ്രത്യേക അനുമതിക്കായും പള്ളി തിരുന്നാൾ കമ്മിറ്റി ഭാരവാഹികൾ നൽകിയ അപേക്ഷ എ.ഡി.എം തള്ളി. പോലീസ്, ഫയർ,റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകളും തൃശൂർ ജില്ലയിൽ അടുത്ത കാലത്തുണ്ടായ വെടിക്കെട്ടപകടങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിച്ചതിൽ പള്ളി അധികാരികളുടെ അപേക്ഷകൾ പരിഗണിക്കുന്നതിന് അനുകൂലമായ ഒരു പരാമർശവും റിപ്പോർട്ടിൽ ഇല്ല. താൽക്കാലികമായിട്ടുപോലും സുരക്ഷാമാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതിനു വേണ്ട ഭൗതിക സാഹചര്യങ്ങൾ നിലവിൽ വെടിക്കെട്ട് നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഇല്ലാത്തതിനാൽ വെടിക്കെട്ട് പ്രദർശനത്തിനും കതിന പൊട്ടിക്കുന്നതിനും ലൈസൻസ് അനുവദിച്ചാൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും വൻഭീഷണിയാണെന്ന് ലഭ്യമായ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാണ്. വെടിക്കെട്ട് സാമഗ്രികൾ കൈകാര്യം ചെയ്യുന്നതിൽ വരുന്ന ചെറിയൊരു പിഴവ് പോലും എത്രമാത്രം മനുഷ്യജീവന് ഹാനികരമാണെന്നും ഇത്തരം അപകടങ്ങളിൽ മരണപ്പെട്ടവരുടെ ബന്ധുക്കളേയും നാട്ടുകാരേയും മാനസികമായി വളരെയേറെ തളർത്തുന്നതാണന്നും അടുത്തകാലത്ത് തൃശൂർ ജില്ലയിലെ കുണ്ടന്നൂർ വരവൂർ എന്നിവിടങ്ങളിൽ നടന്ന വെടിക്കെട്ട് കതിന അപകടങ്ങളിൽ നടത്തിയ വിശദമായ അന്വേഷണത്തിൽ നേരിട്ട് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.  പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ജില്ലാഭരണകൂടത്തിന്റെ പ്രതിനിധി എന്ന നിലയിൽ നിക്ഷിപ്തമായ കർത്തവ്യങ്ങളിൽ പ്രഥമപരിഗണന അർഹിക്കുന്ന ഒന്നാണെന്നുള്ളതിനാൽ അപേക്ഷകൾ പരിഗണിക്കാനാവില്ലെന്നും അനുമതി നൽകാനാവില്ലെന്നും എ.ഡി.എം പള്ളി കമ്മിറ്റിക്ക് നൽകിയ മറുപടി ഉത്തരവിൽ വ്യക്തമാക്കുന്നു. ഉത്തരവിന്റെ പകർപ്പ് പോലീസിനും അഗ്നിരക്ഷാ സേനക്കും റവന്യു വകുപ്പിനും കൈമാറിയിട്ടുണ്ട്.

Post a Comment

0 Comments