Pudukad News
Pudukad News

സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പോലീസ്


സഹകരണ കൊള്ളയ്ക്കെതിരെ കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തിയതിന് നടനും മുൻ എം.പിയുമായ സുരേഷ് ​ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്. ഈ മാസം 2 നായിരുന്നു സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിച്ച ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്ത പദയാത്രയുടെ സമാപനം സമ്മേളനം എം.ടി രമേശാണ് ഉദ്ഘാടനം ചെയ്തത്. കരുവന്നൂരിലെ ആദ്യ പരാതിക്കാരൻ സുരേഷിനെയും തട്ടിപ്പിന് ഇരകളായി മരിച്ചവരുടെ ബന്ധുക്കളെയും പദയാത്രയിൽ ആദരിച്ചിരുന്നു. കരുവന്നൂർ മുതൽ തൃശൂർ വരെയുള്ള 18 കിലോമീറ്റർ ദൂരത്തിലും പാതയോരങ്ങളിൽ നൂറുകണക്കിനാളുകളാണ് പദയാത്രയില്‍ അഭിവാദ്യമർപ്പിക്കാനെത്തിയത്.
സുരേഷ് ഗോപി ഉള്‍പ്പടെ 500 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഗതാഗത തടസം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസാണ് കേസെടുത്തത്. സുരേഷ് ഗോപിയെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.കെ അനീഷ് കുമാറാണ് രണ്ടാം പ്രതി, നേതാക്കളായ അഡ്വ.ബി. ഗോപാലകൃഷ്ണന്‍, കെ.ആര്‍ ഹരി, എ. നാഗേഷ് എന്നിവര്‍  ഉള്‍പ്പടെ 500 പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. ഗതാഗത തടസ്സം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അതേസമയം തീർത്തും സമാധാനപരമായി നടന്നൊരു പദയാത്രയ്ക്കെതിരെ കേസ് എടുക്കുന്നത് ചരിത്രത്തിൽ ആദ്യത്തെ സംഭവമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് കെ.കെ അനീഷ് കുമാര്‍  പറഞ്ഞു. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയിട്ടും രാജ്യത്തൊരിടത്തും ഒരു പോലീസും കേസ് എടുത്തിട്ടില്ല.സിപിഎം പാർട്ടി സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടികൾ മൂലം വലിയ ഗതാഗത തടസ്സമുണ്ടായിട്ടും ഒരു കേസും ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഈ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അനീഷ്കുകുമാര്‍ ആരോപിച്ചു. തട്ടിപ്പിനിരയായ പാവപ്പെട്ട സഹകാരികൾക്ക് വേണ്ടി ഇനിയാരും രംഗത്ത് വരാതിരിക്കാനുള്ള ഭയപ്പെടുത്തലാണ് കേസിന് പിന്നില്‍. പോലീസ് അറസ്റ്റ് ചെയ്താൽ സുരേഷ് ഗോപിയോടൊപ്പം പദയാത്രയിൽ പങ്കെടുത്ത ആയിരങ്ങളും  ജയിലിൽ പോകാൻ തയ്യാറാണ്. എന്തൊക്കെ പ്രതികാര നടപടികൾ സ്വീകരിച്ചാലും സമരത്തിൽ നിന്ന് പിന്മാറില്ലെന്നും, സഹകാരികൾക്ക് പണം തിരിച്ച് കിട്ടുന്നത് വരെ സമരം തുടരുമെന്ന് അനീഷ്കുമാർ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price