നാടൻപാട്ട് രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു


പ്രശസ്ത നാടൻപാട്ട് രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് (65) അന്തരിച്ചു. തിങ്കളാഴ്ച്ച രാത്രി പതിനൊന്നരയോടെ അറുമുഖനെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചൊവ്വാഴ്ച്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
അറുമുഖൻ വെങ്കിടങ്ങ് എന്നറിയപ്പെടുന്ന എൻ.എസ്. അറുമുഖൻ നടനും ഗായകനുമായ കലാഭവൻ മണി ആലപിച്ചിരുന്ന മിക്ക നാടൻപാട്ടുകളുടെയും രചയിതാവാണ്. ഇരുന്നൂറോളം പാട്ടുകൾ ഇദ്ദേഹം കലാഭവൻ മണിക്കുവേണ്ടി രചിച്ചിട്ടുണ്ട്.നാടൻപാട്ടുകളുടെ മുടിചൂടാമന്നൻ എന്നാണ് അറുമുഖൻ അറിയപ്പെടുന്നത്. 350 ഓളം നാടൻ പാട്ടുകളുടെ രചയിതാവാണ്.മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തക്കു പോകുമ്പോൾ, പകലു മുഴുവൻ പണിയെടുത്ത് , വരിക്കചക്കേടെ , തുടങ്ങിയവയെല്ലാം അറുമുഖന്റെ പാട്ടുകളാണ്.സിനിമയ്ക്ക് വേണ്ടിയും അറുമുഖൻ പാട്ടുകൾ എഴുതിയിട്ടുണ്ട്. 1998 ൽ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ ‘കൊടുങ്ങല്ലൂരമ്പലത്തിൽ’, മീശമാധവനിലെ ‘ഈ എലവത്തൂർ കായലിന്റെ’, ഉടയോൻ എന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ എന്നിവയുടെ വരികൾ എഴുതിയത് അറുമുഖനാണ്.കൂടാതെ ധാരാളം ആൽബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.ഭാര്യ: അമ്മിണി. മക്കൾ: സിനി, സിജു, ഷൈനി, ഷൈൻ, ഷിനോയ്, കണ്ണൻ പാലാഴി, മരുമക്കൾ: വിജയൻ,ഷിമ, ഷാജി, അമ്പിളി, സതി, രമ്യ സംസ്കാരം ഇന്ന് (ചൊവ്വാഴ്ച്ച) വൈകീട്ട് മൂന്നിന് മുല്ലശ്ശേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ.

Post a Comment

0 Comments