വന്യജീവി വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം സുവോളജിക്കല്‍ പാര്‍ക്കില്‍ നടന്നു




വന്യ മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകുന്നത് തടയാന്‍ ഇതുമായി ബന്ധപ്പെട്ട നിയമ ഭേദഗതി കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വന്യജീവി ആക്രമണം തടയാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെയും വന്യജീവികളുടെയും സംരക്ഷണം ഒരേപോലെ ഉറപ്പുവരുത്തുന്നതിനുള്ള ഫലപ്രദമായ പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. തൃശ്ശൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ 140 കിലോമീറ്ററിലേറെ ദൂരത്തില്‍ ഫെന്‍സിങ് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

പശ്ചിമ ഘട്ടത്തിന്റെ അനന്തസാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തികൊണ്ട് തൃശ്ശൂര്‍ ജില്ലയെ ഹരിത ജില്ലയാക്കി മാറ്റും. അതിരപ്പള്ളി - വാഴച്ചാല്‍ മേഖലകളിലെ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 140 കോടി രൂപ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനോടൊപ്പം വിഭാവനം ചെയ്യുന്ന സഫാരി പാര്‍ക്ക്, ഫോറസ്റ്റ് കോംപ്ലക്‌സ് എന്നിവയും സജീവ പരിഗണനയിലാണ്. സഫാരി പാര്‍ക്കിന്റെ വിശദവിവര റിപ്പോര്‍ട്ട് തയ്യാറായിക്കഴിഞ്ഞതായും മന്ത്രി എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. വനം വകുപ്പ് സെന്‍ട്രല്‍ സര്‍ക്കിള്‍ തൃശ്ശൂരിനായി അനുവദിച്ച വാഹനത്തിന്റെ താക്കോല്‍ദാനം മന്ത്രി എ കെ ശശീന്ദ്രന്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ കെ ആര്‍ അനൂപിന് കൈമാറി. വെറ്ററിനറി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. എം ആര്‍ ശശീന്ദ്രനാഥില്‍ നിന്നും  സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ആര്‍ കീര്‍ത്തി ഉടമ്പടി പ്രമാണം ഏറ്റുവാങ്ങി. പീച്ചി വനം ഡിവിഷന്‍, പീച്ചി വാഴാനി വന്യജീവി സങ്കേതം, ചൂലന്നൂര്‍ മയില്‍ സങ്കേതം, ചിമ്മിനി വന്യജീവി സങ്കേതം എന്നിവയുടെ ലോഗോ പ്രകാശനം മന്ത്രിമാരും എംഎല്‍എമാരും ചേര്‍ന്ന് നിര്‍വഹിച്ചു. ഇന്ത്യന്‍ പക്ഷികളുടെ സ്ഥിതിവിവര റിപ്പോര്‍ട്ട് പ്രകാശനം, മാലിന്യമുക്ത പ്രതിജ്ഞ, വന്യജീവി വാരാഘോഷം പ്രതിജ്ഞ എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു.

ടി എന്‍ പ്രതാപന്‍ എംപി, മേയര്‍ എം കെ വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി. എംഎല്‍എമാരായ ഇ ടി ടൈസണ്‍ മാസ്റ്റര്‍, സനീഷ് കുമാര്‍ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, വനം വന്യജീവി വകുപ്പ്  അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, വൈല്‍ഡ് ലൈഫ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി ജയപ്രസാദ്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഗംഗാ സിംഗ്, കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. എം ആര്‍ ശശീന്ദ്രനാഥ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. പി പുകഴേന്തി, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ കെ ആര്‍ അനൂപ്, കെ ദീപ, ഇന്ദു വിജയന്‍, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ കെ ജെ വര്‍ഗീസ്, ഡയറക്ടര്‍ ആര്‍ കീര്‍ത്തി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ മിനി ഉണ്ണികൃഷ്ണന്‍ (പുത്തൂര്‍), ഇന്ദിരാ മോഹന്‍ (മാടക്കത്തറ), ശ്രീവിദ്യ രാജേഷ് (നടത്തറ), പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്‍, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ജോസഫ് ടാജറ്റ്, കെ വി സജു, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വര്‍ണ്ണാഭമായ ഘോഷയാത്രയും നടന്നു.


Post a Comment

0 Comments