പാലയ്ക്കൽ - ഇരിഞ്ഞാലക്കുട റോഡിന്റെ കോൺക്രീറ്റ് പണികൾ 30 ദിവസത്തിനുള്ളിൽ പൂർത്തിയാകും- ജില്ലാ കളക്ടർ
30 ദിവസത്തിനുള്ളിൽ പാലയ്ക്കൽ - ഇരിഞ്ഞാലക്കുട റോഡിന്റെ മുഴുവൻ കോൺക്രീറ്റ് പണികളും പൂർത്തിയാകുമെന്ന് ജില്ലാ കളക്ടർ കൃഷ്ണ തേജ അറിയിച്ചു. ഇതിന്റെ ആദ്യഘട്ട കോൺക്രീറ്റ് പണികൾ 10 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ജില്ലാ കളക്ടറിന്റെ അധ്യക്ഷതയിൽ കളക്ടറുടെ ചേമ്പറിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ആദ്യഘട്ട ടാറിംഗ് പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് വാഹനങ്ങളുടെ ദിശാവ്യതിയാനം നടത്താമെന്നും കളക്ടർ  അറിയിച്ചു.

തൃശ്ശൂർ - കുന്ദംകുളം റൂട്ടിലെ പുഴയ്ക്കൽ ഭാഗത്ത് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ട്രാഫിക് എസ്.ഐ അറിയിച്ചു. പുഴയ്ക്കൽ മുതൽ അമല ഹോസ്പിറ്റൽ വരെയുള്ള ഗതാഗതകരുക്ക് ഒഴിവാക്കുന്നതിനായി കൂടുതൽ പോലീസിനെ നിയോഗിക്കണമെന്നും യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്തവിധം വാഹനങ്ങൾ മുണ്ടൂർ വഴിയും അമല വഴിയും തിരിച്ച്  വിടണമെന്നും കളക്ടർ നിർദ്ദേശം നൽകി. ചാവക്കാട് - ചേറ്റുവ റോഡിലെ കുഴികൾ നികത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും കളക്ടർ നിർദ്ദേശം നൽകി. പാങ്ങ് - ചാവക്കാട് റോഡിലെ 1.5 കി.മീ റോഡിലെ 620 മീറ്റർ പൂർത്തിയായിട്ടുണ്ടെന്നും സെപ്റ്റംബർ 30 നകം മുഴുവൻ പണിയും പൂർത്തിയാകുമെന്നും കളക്ടർ അറിയിച്ചു. സെപ്റ്റംബർ 15 ന് ബസ്സുടമ തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി യോഗം ചേരുമെന്നും തുടർതീരുമാനങ്ങൾ എടുക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.


 യോഗത്തിൽ തൃശ്ശൂർ ജില്ലാ പോലീസ് മേധാവി അങ്കിത് അശോകൻ, അസിസ്റ്റന്റ് കളക്ടർ കാർത്തിക് പാണിഗ്രാഹി, എ.സി.പി കെ.കെ സജീവ്,  ജോയിന്റ് ആർ.ടി.ഒ കെ. രാജേഷ്,  ട്രാഫിക് പോലീസ് അധികൃതർ, പേരാമംഗലം, നെടുപുഴ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ, ബസ്സുടമ സംഘടനാ നേതാക്കൾ, ബസ്സ് തൊഴിലാളി സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments