ദലിത് യുവതിയുടെ ആത്മഹത്യ, മുൻ കാമുകൻ അറസ്റ്റിൽ.

 ഇരിങ്ങാലക്കുട : മാളയിൽ ദലിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ചെങ്ങമനാട് അടുവാശ്ശേരി സ്വദേശി വെളിയത്ത് വീട്ടിൽ ഷിതിനെ( 34 വയസ്സ്) തൃശൂർ റൂറൽ മേധാവി ശ്രീമതി.ഐശ്വര്യ ഡോങ്ങ്ഗ്രേ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ ഷൈജു അറസ്റ്റു ചെയ്തു. എസ്.സി/എസ്.ടി. നിയമപ്രകാരവും ആത്മഹത്യ പ്രേരണാ കുറ്റവും പ്രകാരമാണ് അറസ്റ്റ്.
  2023 ഫെബ്രുവരിയിലാണ് കേസ്സിനാസ്പദമായ സംഭവം. പെൺകുട്ടിയുമായി പത്തു വർഷത്തോളം പ്രണയത്തിലായിരുന്ന ഷിതിൻ വിവാഹ വാഗ്ദാനം നൽകി പലവട്ടം ശാരീരിക പീഡനത്തിനും ഇരയാക്കിയിരുന്നു. വർഷങ്ങളോളം മോഹിപ്പിച്ച് കൊണ്ടു നടന്ന ശേഷം പിന്നീട് പ്രണയ ബന്ധത്തിൽ നിന്ന് ഒഴിവാകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ച ഇയാൾ വേറെ വിവാഹം കഴിക്കാനും ശ്രമിച്ചു. എന്നാൽ പെൺകുട്ടി ഇത് എതിർത്തതോടെ ഇയാൾക്ക് ശത്രുതയായി. പെൺകുട്ടിയുടെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും ദലിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി ആയതിനാലുമാണ് വിവാഹത്തിൽ നിന്നു പിൻമാറാനുള്ള കാരണമായി ഇയാൾ പറഞ്ഞിരുന്നതെത്രേ.
  പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നതും, ഉയർന്ന ജോലിയുണ്ടായിരുന്നതുമായ പെൺകുട്ടി ഇയാളുടെ നിരന്തരമുള്ള ശാരീരികവും മാനസ്സികവുമായ പീഡനം മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. കൂലിവേലക്കാരായ മാതാപിതാക്കളുടെ സ്വപ്നമായിരുന്ന മകളുടെ വേർപാട് അവരുടെ കുടുംബത്തിനു് വലിയ ആഘാതമായി. ആത്മഹത്യ കുറിപ്പിൽ ശാരീരികവും മനസ്സികവുമായി പ്രതിയിൽ നിന്നുണ്ടായ പീഡനങ്ങളുടെ വ്യക്തമായ സൂചനകളുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച നെടുംമ്പാശ്ശേരിയിൽ നിന്നാണ് ഷിതിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. വിശദമായ അന്വേഷണം നടത്തി കൃത്യമായ തെളിവുകൾ ശേഖരിച്ച ശേഷമായിരുന്നു ഡി.വൈ.എസ്.പി യും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. മാള ഇൻസ്പെക്ടർ സജിൻ ശശി, എസ്.ഐ. നീൽ ഹെക്ടർ ഫെർണാണ്ടസ്, എ.എസ്.ഐ. എം.സുമൽ സീനിയർ സി.പി.ഒ മാരായ ഇ.എസ്.ജീവൻ , ജിബിൻ ജോസഫ്, സി.പി.ഒ കെ.എസ്.ഉമേഷ്, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

0 Comments