എന്താണ് നിപ വൈറസ്? രോഗലക്ഷണങ്ങള്‍ എന്തെല്ലാം? അറിയാം മുന്‍കരുതലുകളും







കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശമാണ് ആരോഗ്യ വകുപ്പ് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ നിപ രോഗ ലക്ഷണങ്ങള്‍ , സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയെ കുറിച്ച് വിശദമായി അറിയാം


നിപ വൈറസ്


ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.


രോഗലക്ഷണങ്ങള്‍


അണുബാധയുണ്ടായാല്‍ അഞ്ച് മുതല്‍ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.


രോഗ സ്ഥിരീകരണം


തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നും ആര്‍.ടി.പി.സി.ആര്‍. (റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍) ഉപയോഗിച്ച് വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. അസുഖം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാന്‍ സാധിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കലകളില്‍ നിന്നെടുക്കുന്ന സാമ്പിളുകളില്‍ ഇമ്യൂണോ ഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരികരിക്കാന്‍ സാധിക്കും.


സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍


അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍.

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിന്റെ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. ഇതിനുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുളള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. വവ്വാലൂകള്‍ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ് ഫലങ്ങള്‍ ഒഴിവാക്കുക.


രോഗം ബാധിച്ച വ്യക്തിയില്‍ നിന്നും രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍ രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക. വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price