സംസ്ഥാനത്ത് നാല് പേർക്ക് നിപ്പ സ്ഥിരീകരിച്ചു;168 പേർ സമ്പർക്കപ്പട്ടികയിൽ


സംസ്ഥാനത്ത് നാലു പേർക്ക് നിപ്പ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മരിച്ച രണ്ടു പേർക്കും ചികിത്സയിലുള്ള രണ്ടു പേർക്കുമാണു രോഗബാധ സ്ഥിരീകരിച്ചത്. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സാംപിൾ പരിശോധനാഫലം കിട്ടിയതിനു പിന്നാലെയാണു നിപ്പയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വീണാ ജോർജ് പങ്കുവച്ചത്. മരിച്ച രണ്ടുപേർക്കും നിപ്പ സ്ഥിരീകരിച്ചതായി നേരത്തേ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചിരുന്നെങ്കിലും സംസ്ഥാനം സ്ഥിരീകരിച്ചിരുന്നില്ല. ആദ്യം മരിച്ചയാളുടെ ചികിത്സയിലുള്ള 9 വയസ്സുള്ള മകനും 24 വയസ്സുള്ള ഭാര്യസഹോദരനുമാണ് നിപ്പ സ്ഥിരീകരിച്ചത്. നാലു വയസ്സുള്ള മകൾ നെഗറ്റീവാണ്. ഭാര്യാ സഹോദരന്റെ പത്തു മാസം പ്രായമുള്ള കുഞ്ഞും നെഗറ്റീവാണ്. നിപ്പ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഉള്ളവരുടെ വിശദാംശങ്ങൾ തേടുന്നുവെന്ന് മന്ത്രി അറിയിച്ചു.168 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളതെന്നാണ് പ്രാഥമിക വിവരം.7 പേരാണ് ആകെ ചികിത്സയിലുള്ളത്. രോഗ ഉറവിട കേന്ദ്രങ്ങളായ രണ്ടിടങ്ങളിൽ നിയന്ത്രണം കർശനമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

Post a Comment

0 Comments