Pudukad News
Pudukad News

പുനര്‍ പണയ വായ്പ അവസാനിപ്പിക്കാൻ റിസര്‍വ് ബാങ്ക്; പണയത്തിലിരിക്കുന്ന സ്വര്‍ണം എടുത്ത് ഇനി പണയം വെക്കാനാകില്ല


സ്വർണവായ്പകളില്‍ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരു സ്ഥാപനത്തില്‍ പണയപ്പെടുത്തുന്ന സ്വർണം മറ്റൊരിടത്ത് വീണ്ടും പണയപ്പെടുത്തുന്ന റീപ്ലെഡ്‌ജിങ് (പുനർപണയ വായ്പ) രീതി അവസാനിപ്പിക്കാൻ റിസർവ് ബാങ്ക്.ഉപഭോക്താക്കള്‍ വായ്പകള്‍ക്ക് ഈടായി നല്‍കുന്ന സ്വർണം മറ്റൊരു ബാങ്കിലോ ബാങ്കിതര ധനകാര്യ സ്ഥാപനത്തിലോ കുറഞ്ഞ പലിശയില്‍ പണയപ്പെടുത്തി ധനസമാഹരണം നടത്തുന്നതാണ് റീപ്ലെഡ്‌ജിങ്. സ്വർണത്തിനു വില കുത്തനെ ഉയർന്ന സാഹചര്യത്തില്‍ അനൗദ്യോഗിക വായ്പാ ശൃംഖലയില്‍ ഇത്തരം വായ്പകള്‍ കൂടുതല്‍ പ്രചാരം നേടിയിരുന്നു.

സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളും കൊള്ളപ്പലിശക്കാരും ഈ രീതി ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍ ഉപഭോക്താക്കള്‍ സ്വർണം പണയപ്പെടുത്തിയാല്‍ അവർ ഉയർന്ന പലിശയ്ക്കു പണം നല്‍കും. അതിനുശേഷം ഇതേ സ്വർണം കുറഞ്ഞ പലിശയില്‍ ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ പണയപ്പെടുത്തും. പലിശയിലെ വ്യത്യാസമാണ് ഇവർക്ക് ലാഭമായി കിട്ടുക. ചെലവില്ലാതെ ധനസമാഹരണം നടക്കുമെന്നതും നേട്ടമാണ്.

പല സ്ഥാപനങ്ങളും ഇത്തരത്തില്‍ പുനർപണയ വായ്പകള്‍ എടുക്കാറുണ്ട്. ഉപഭോക്താക്കള്‍ നല്‍കുന്ന സ്വർണം അതേരീതിയില്‍ പാക്കുചെയ്താണ് പുനർപണയത്തിനായി നല്‍കുക. പല വായ്പകളാണെന്നതിനാല്‍ ഒരേ സ്ഥാപനത്തിന് എത്ര തുകയുടെ മൊത്തം വായ്പകളുണ്ടെന്ന് കണ്ടെത്തുക എളുപ്പമല്ല. ഇത്തരത്തില്‍ പല ബാങ്കുകളിലായി ഒരേ സ്ഥാപനത്തിന് വായ്പകളുണ്ടാകാം. ഗ്രാമ -അർധ നഗര മേഖലകളിലെ അസംഘടിത മേഖലയില്‍നിന്നുള്ള സ്ഥാപനങ്ങളാണ് കൂടുതലും ഇത്തരം വായ്പകള്‍ക്ക് എത്താറുള്ളത്.

ആർബിഐയുടെ 2025 ജൂണിലെ സ്വർണപ്പണയ വായ്പയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളില്‍ ഇത്തരം വായ്പകള്‍ നിർത്തുന്നതിന് ചട്ടം കൊണ്ടുവന്നിട്ടുണ്ട്. ഒരു വായ്പാ സ്ഥാപനം സ്വർണം അല്ലെങ്കില്‍ വെള്ളി പുനർപണയത്തിലൂടെ വീണ്ടും വായ്പ ലഭിക്കാനായി ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2026 ഏപ്രില്‍ ഒന്നിനാണ് ഈ നിയമം പ്രാബല്യത്തിലാവുക.

സുരക്ഷിതമായ വായ്പയെന്ന നിലയില്‍ ബാങ്കുകള്‍ക്ക് സ്വർണപ്പണയ വായ്പകളില്‍ താത്പര്യം കൂടുതലാണ്. സാധാരണയായി സ്ഥാപനങ്ങള്‍ക്കുമാത്രമാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സ്വർണത്തിലെ പുനർപണയ വായ്പകള്‍ നല്‍കിയിരുന്നത്.

എന്നാല്‍, കൊള്ളപ്പലിശക്കാരായ വ്യക്തികള്‍ ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ സ്വർണത്തിന്റെ യഥാർഥ ഉടമകള്‍തന്നെ സ്വർണപ്പണയത്തിലൂടെ വായ്പ തരപ്പെടുത്തിയാല്‍ മതിയെന്നാണ് ആർബിഐ പറയുന്നത്‌. ഏപ്രിലിലാണ് നിയമം പ്രാബല്യത്തിലാവുകയെങ്കിലും ഇതിനകം പല ബാങ്കുകളും പുനർപണയ വായ്പകള്‍ ഒഴിവാക്കിത്തുടങ്ങിയതായാണ് ബാങ്ക്‌ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

2025 സെപ്റ്റംബർവരെയുള്ള കണക്കനുസരിച്ച്‌ 3.2 ലക്ഷം കോടി രൂപയുടെ സ്വർണപ്പണയ വായ്പകളാണ് ബാങ്കുകളില്‍ നിലവിലുള്ളത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price