ദേശമംഗലം വറവട്ടൂർ കളവർക്കോട് കാർത്തിക ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 74 വയസ്സുകാരിയെ കിണറ്റില്‍ വീണ നിലയില്‍ നിന്ന് പോലീസും ഫയർഫോഴ്സും സംയുക്തമായി രക്ഷപ്പെടുത്തി.മെതിയേടത്ത് അല്ലി എന്ന പാഞ്ചാലി എന്ന വയോധികയ്ക്കാണ് അപകടം സംഭവിച്ചത്. ഇന്ന് വൈകുന്നേരം 7:30 ഓടെയായിരുന്നു സംഭവം.വീട്ടിലുള്ളവർ അടുത്തുള്ള ക്ഷേത്രത്തില്‍ ദർശനം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കിണറ്റില്‍ നിന്ന് എന്തോ ശബ്ദം കേട്ടത്. അവർ ഉടൻ തന്നെ കിണറ്റിനരികില്‍ ചെന്ന് നോക്കിയപ്പോള്‍, പാഞ്ചാലി കിണറ്റിലെ വാട്ടർ പൈപ്പില്‍ പിടിച്ചു തൂങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ വീട്ടുകാർ ചെറുതുരുത്തി പോലീസിനെ വിവരമറിയിച്ചു. ചെറുതുരുത്തി പോലീസിന്റെ നിർദ്ദേശപ്രകാരം ഷൊർണൂർ ഫയർഫോഴ്സ് യൂണിറ്റും സംഭവസ്ഥലത്തേക്ക് തിരിച്ചു.ചെറുതുരുത്തി എസ്.ഐ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഷൊർണൂർ ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി ഉടൻ തന്നെ രക്ഷാപ്രവർത്തനം തുടങ്ങി. സീനിയർ പോലീസ് ഓഫീസർമാരായ വിനീത് മോൻ, ഗിരീഷ്, പ്രമോദ്, അനൂപ് എന്നിവർ പോലീസ് സംഘത്തിലുണ്ടായിരുന്നു. ഷൊർണൂർ ഫയർഫോഴ്സ് സീനിയർ ഓഫീസർമാരായ രാജേഷ് കുമാർ, ശിവപ്രസാദ്, അഭിലാഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയത്.രക്ഷപ്പെടുത്തിയ പാഞ്ചാലിയെ, പരിക്കുകളോടെ ഉടൻ തന്നെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിന്റെയും ഫയർഫോഴ്സിന്റെയും അവസരോചിതവും ഏകോപിതവുമായ ഇടപെടല്‍ മൂലമാണ് വയോധികയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ