ദേശീയപാതയിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്ന ചിറങ്ങരയിൽ നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞു.
സുരക്ഷാ മുന്നൊരുക്കമില്ല എന്ന പ്രദേശവാസികളുടെ ആവർത്തിച്ചുള്ള പരാതികള്‍ ശരിവയ്ക്കുന്നതായിരുന്നു ചിറങ്ങര ജംഗ്ഷനില്‍ സംഭവിച്ചത്. ഒരു സ്പാനിലുള്ള അടിപ്പാതയുടെ ഇരുഭാഗവും മണ്ണിട്ട് നികത്തുന്നതിനു മുന്നോടിയായി പ്രികാസ്റ്റ് കോണ്‍ക്രീറ്റ് റീടെയ്ൻ വാള്‍ നിർമിക്കുന്നതിനായി എടുത്ത കുഴിയിലേക്കാണ് കാർ മറിഞ്ഞത്. ചാലക്കുടി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം. സംരക്ഷണഭിത്തി നിർമിക്കുന്നതിനായി എടുത്ത കുഴിക്കും വാഹനങ്ങള്‍ കടന്നുപോകുന്ന സമാന്തര റോഡിനും ഇടയില്‍ സുരക്ഷാ റിബണ്‍ മാത്രമാണ് അപകടസൂചന നല്‍കുന്നത്.
പ്രദേശത്തെ വെളിച്ചക്കുറവും അപകടത്തിനു വഴിവയ്ക്കുമെന്ന് പലവട്ടം എൻഎച്ച്‌എഐ, നിർമാണ കമ്പനി, കളക്ടർ അടക്കമുള്ളവരെ അറിയിച്ചിട്ടും സുരക്ഷാക്രമീകരണങ്ങളൊരുക്കാൻ നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കാർ താഴ്ചയിലേക്ക് പതിച്ചെങ്കിലും യാത്രികർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു എന്നതുമാത്രമാണ് ഒരു ആശ്വാസം.