കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം: കഴകം ജോലിക്കില്ലെന്ന് ബാലു


കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം വിവാദമായ പശ്ചാത്തലത്തില്‍ കഴകം ജോലിക്കില്ലെന്ന് ആര്യനാട് സ്വദേശി ബാലു.വർക്കിങ് അറേജുമെന്‍റിന്‍റെ ഭാഗമായുള്ള ഓഫിസ് അറ്റണ്ടന്‍റ് ആയി ജോലി തുടരാം. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വത്തിന് കത്ത് നല്‍കും. തന്ത്രിമാരുടെ എതിർപ്പിനെ തുടർന്നാണ് സ്ഥലം മാറ്റിയതെന്നും ബാലു മാധ്യമങ്ങളോട് പറഞ്ഞു.ജാതി വിവേചനത്തിനെതിരെ എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്നലെ രൂക്ഷ വിമർശനം നടത്തിയിരുന്നു. തന്ത്രിമാരെ നിലക്ക് നിർത്താൻ സർക്കാറിന് കഴിയണമെന്നും തന്ത്രിമാരാണ് സർവാധികാരികളെന്ന അഹങ്കാരം പാടില്ലെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.ചാതുർ‌വർണ്ണ്യ വ്യവസ്ഥ മനസില്‍വച്ച്‌ കൊണ്ട് നടക്കുന്ന സവർണ തമ്ബുരാക്കന്മാരെ നിലക്ക് നിർത്താൻ ഹിന്ദുസമൂഹം ഒന്നാകെ ഉണർന്നു പ്രവർത്തിക്കണം. മതവിദ്വേഷമുണ്ടാക്കാൻ പ്രവർത്തിക്കുന്ന ദുഷ്ടശക്തികള്‍ക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടിരുന്നു.ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്‍റ് ബോർഡ് വഴി കഴകം തസ്തികയില്‍ നിയമിച്ച ആര്യനാട് സ്വദേശി ബാലുവിനെയാണ് ജോലിയില്‍ നിന്ന് മാറ്റിനിർത്തിയത്. ഇതിന് പിന്നാലെ ജോലിയില്‍ നിന്ന് മാറ്റി നിർത്തിയ നടപടി ജാതി വിവേചനമാണെന്ന പരാതി ഉയർന്നു. ഈഴവനായത് കൊണ്ട് കഴകം ചെയ്യേണ്ട എന്ന് പറഞ്ഞ് തന്ത്രി മാറ്റി നിർത്തിയതെന്നാണ് ആക്ഷേപം.ബാലുവിനെ തന്ത്രിമാരുടെയും വാര്യർ സമാജത്തിന്‍റെയും എതിർപ്പിനെ തുടർന്നാണ് ഓഫിസ് ജോലിയിലേക്ക് മാറ്റിയതെന്നാണ് പരാതി. എന്നാല്‍, സ്ഥലം മാറ്റിയത് താല്‍കാലികമാണെന്നും ഉത്സവം സുഗമമായി നടക്കുന്നതിന് വേണ്ടിയാണെന്നും ദേവസ്വം ബോർഡ് അംഗം അഡ്വ. കെ.ജി. അജയകുമാർ വിശദീകരിച്ചത്. സ്ഥലംമാറ്റത്തെ തുടർന്ന് ബാലു അവധിയില്‍ പ്രവേശിച്ചു.ഫെബ്രുവരി 24നാണ് ആര്യനാട് സ്വദേശിയും ബിരുദധാരിയുമായ ബാലു കഴകം തസ്തികകയില്‍ ജോലിയില്‍ പ്രവേശിച്ചത്. തീരുമാനത്തിനെതിരെ ആറ് തന്ത്രിമാര്‍ ദേവസ്വത്തിന് കത്ത് നല്‍കിയിരുന്നു. ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം നടക്കുമ്ബോള്‍ കഴകം ചെയ്യാൻ ഈഴവൻ വേണ്ടെന്നായിരുന്നു തന്ത്രിമാരുടെയും വാര്യർ സമാജത്തിന്‍റെയും നിലപാട്.പാരമ്പര്യ അവകാശികളെ മാറ്റി ഈഴവ സമുദായത്തില്‍ നിന്നുള്ളയാളെ കഴകം ജോലിക്ക് നിയോഗിച്ചതാണ് തന്ത്രിമാരെയും വാര്യർ സമാജത്തെയും പ്രകോപിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസിന്‍റെ വിധി വരുന്നത് വരെ കഴകം ജോലിയില്‍ നിന്ന് ബാലുവിനെ മാറ്റാനാണ് നീക്കം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍