പ്രഭാത വാർത്തകൾ
2024 | നവംബർ 11 | തിങ്കൾ
1200 | തുലാം 26 | ചതയം
1446 | ജ. അവ്വൽ | 08.
➖➖➖➖➖➖➖➖
◾ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വര്‍ഗീയത അഴിച്ചു വിടുകയാണെന്നും എന്നാല്‍ ന്യൂനപക്ഷത്തെ സംരക്ഷിക്കുന്ന നിലപാടാണ് ഇടത് പക്ഷത്തിന്റേതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വര്‍ഗീയ ലഹളകള്‍, ആക്രമണങ്ങള്‍ എന്നിവ നടക്കുന്നുവെന്നും വ്യത്യസ്തമായി നില്‍ക്കുന്നത് കേരളം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ രാജ്യത്ത് ക്രമസമാധാനം ഏറ്റവും മികച്ചത് കേരളത്തിലാണെന്നും കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെയാണ് നടപടികള്‍ എടുക്കുന്നതെന്നും ചേലക്കര മണ്ഡലത്തിലെ പൊതുയോഗത്തില്‍ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു.
◾ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി സീപ്ലെയിന്‍ യാഥാര്‍ഥ്യമാകുന്നു. കരയിലും വെള്ളത്തിലുമിറങ്ങുന്ന വിമാനം പരീക്ഷണ പറക്കലിന്റെ ഭാഗമായി കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ ലാന്‍ഡ് ചെയ്തു. ഇന്നാണ് പദ്ധതിയുടെ ഉദ്ഘാടനം. വിമാനത്തിന്റെ ഫ്ലാഗ് ഓഫ് ചടങ്ങില്‍ മന്ത്രി പി രാജീവ് അധ്യക്ഷനാകും. ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് യോഗം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അദ്ദേഹം മൂന്നാര്‍ മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള വിമാനം ഫ്ലാഗ് ഓഫ് ചെയ്യും. റോഡ് മാര്‍ഗം യാത്ര ചെയ്യാതെ കൊച്ചിയില്‍ നിന്നും കോഴിക്കോട് നിന്നുമൊക്കെ നേരിട്ടു പറന്നിറങ്ങാമെന്നതു വിദേശ വിനോദ സഞ്ചാരികളെ ഇടുക്കിയിലേക്ക് വലിയ തോതില്‍ ആകര്‍ഷിക്കുമെന്നാണു കണക്കു കൂട്ടുന്നതെന്നു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
◾ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തലിന്റെ പ്രചാരണ വീഡിയോ വന്നത് സിപിഎമ്മിന്റെ ഔദ്യോഗിക എഫ്ബി പേജില്‍ തന്നെയാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു . എന്നാല്‍ അക്കൗണ്ട് ഹാക്ക് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും എസ്പിക്ക് പരാതി നല്‍കുമെന്നും ഉദയഭാനു വിശദീകരിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യാജ കാര്‍ഡ് ഉണ്ടാക്കി യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റായ ആളാണെന്നും സ്വന്തം വീടിരിക്കുന്ന വാര്‍ഡില്‍ പോലും രാഹുല്‍ നിന്നാല്‍ ജയിക്കില്ലെന്നും ജില്ലാ സെക്രട്ടറി പരിഹസിച്ചു.
◾ സിപിഎമ്മിന്റെ ഔദ്യോഗിക എഫ്ബി പേജില്‍ തന്റെ വീഡിയോ പോസ്റ്റ് ചെയ്ത് പിന്തുണയ്ക്കുന്നതിന് എല്ലാ കാലത്തും സിപിഎം പ്രവര്‍ത്തകരോട് നന്ദിയുണ്ടാവുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പത്തനംതിട്ട ജില്ലാ സെക്രട്ടറി ആദ്യം പറഞ്ഞത് വീഡിയോ വന്ന എഫ് ബി പേജ് വ്യാജമാണെന്നാണ്. എന്നാല്‍ ഇപ്പോള്‍ ആ എഫ് ബി പേജ് ഔദ്യോഗിക പേജാണെന്നും ഹാക്ക് ചെയ്തതാണെന്നും പറയുന്നു. ജില്ലാ സെക്രട്ടറി ആദ്യം ഒരിടത്ത് ഉറച്ച് നില്‍ക്കണമെന്നും സത്യമറിയാന്‍ ഒരു സൈബര്‍ കേസ് നല്‍കി അന്വേഷിച്ചാല്‍ പോരെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.
◾ കോണ്‍ഗ്രസും സിപിഎമ്മും ആയിട്ടുള്ള അന്തര്‍ധാര ഉച്ചസ്ഥായിയില്‍ നില്‍ക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് പത്തനംതിട്ട സിപിഎമ്മിന്റെ പേജില്‍ വന്ന രാഹുലിനെ വിജയിപ്പിക്കണമെന്ന പോസ്റ്റെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇന്‍ഡ്യ മുന്നണി ഇവിടെ യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്നും പരസ്പരം സഹായിച്ചു കൊണ്ടാണ് ഇവര്‍ എല്ലാകാലത്തും മത്സരിക്കുന്നതെന്നും ഇത്തവണ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി തന്നെ അത് പ്രകടമാക്കിയത് ഏതായാലും നന്നായി എന്നും അദ്ദേഹം പറഞ്ഞു.
◾ പാലക്കാട്ട് കള്ളപ്പണ ആരോപണം വീണ്ടും സജീവമാക്കി സിപിഎം. ശക്തമായ അന്വേഷണം വേണമെന്നും ബോംബുകള്‍ ഇനിയും പൊട്ടുമെന്നും ദിവ്യയുടെ പേര് പറഞ്ഞ് വോട്ട് പിടിക്കാമെന്ന് ആരും കരുതേണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കള്ളപ്പണ പരാതിയില്‍ ശക്തമായ അന്വേഷണം വേണമെന്നും കേസ് രജിസ്റ്റര്‍ ചെയ്തോ ഇല്ലയോ എന്നൊന്നും നോക്കേണ്ടെന്നും കോണ്‍ഗ്രസും ബിജെപിയും കള്ളപ്പണം ഉപയോഗിക്കുന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു.
◾ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ പരസ്യ വിമര്‍ശനം തുടരുമെന്നാവര്‍ത്തിച്ച് എന്‍ പ്രശാന്ത് ഐഎഎസ്. പബ്ലിക് സ്‌ക്രൂട്ടിനി ഉണ്ടെങ്കില്‍ മാത്രമേ ന്യായമായത് നടക്കൂ എന്ന സമകാലിക ഗതികേട് കൊണ്ടാണ് റിസ്‌ക് എടുത്ത് വിസില്‍ ബ്ലോവര്‍ ആവുന്നതെന്നും ഭരണഘടനയുടെ 311-ാം അനുച്ഛേദത്തിന്റെ സുരക്ഷയുള്ള ഒരു ഐഎഎസ്‌കാരനെങ്കിലും ധൈര്യപൂര്‍വ്വം ഒരു വിസില്‍ ബ്ലോവര്‍ ആയേ പറ്റൂ എന്നും എന്‍ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
◾ കെ ഗോപാലകൃ്ഷണന്‍ ഐഎഎസിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറി. മല്ലു ഹിന്ദു വാട്സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഹാക്കിംഗ് എന്ന ഗോപാലകൃഷ്ണന്റെ വാദം തള്ളിയാണ് മുഖ്യമന്ത്രിക്കുള്ള ശുപാര്‍ശ. അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരായ പരസ്യ അധിക്ഷേപത്തില്‍ എന്‍ പ്രശാന്തിനെതിരായ നടപടിയും മുഖ്യമന്ത്രിക്ക് വിട്ടിരിക്കുകയാണ്. ഗോപാലകൃഷ്ണനെതിരെ താക്കീതോ ശാസനയോ വരാം. ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്‍ തന്നെയെന്ന് ഉറപ്പിക്കാന്‍ വകുപ്പ് തല അന്വേഷണവും വന്നേക്കാം.
◾ എന്‍.പ്രശാന്ത് ഐ എ എസിനെതിരെ സിപിഎം നേതാവും മുന്‍ തുറമുഖ വകുപ്പ് മന്ത്രിയുമായിരുന്ന ജെ മേഴ്സിക്കുട്ടിയമ്മ. താന്‍ മന്ത്രിയായിരുന്ന സമയത്ത് ആഴക്കടല്‍ ട്രോളറുകള്‍ക്ക് ഫിഷറീസ് വകുപ്പ് അനുമതി നല്‍കിയത് സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ എന്‍ പ്രശാന്ത് ആണെന്നാണ് മേഴ്സികുട്ടിയമ്മയുടെ ആരോപണം. തിരക്കഥയ്ക്ക് പിന്നിലെ ലക്ഷ്യം തീരദേശമണ്ഡലങ്ങള്‍ ആകെ യുഡിഎഫിന് ഉറപ്പാക്കുക എന്നതായിരുന്നുവെന്നും മേഴ്സിക്കുട്ടിയമ്മ ഫേസ്ബുക്കില്‍ കുറിച്ചു.
◾ കേരളത്തിലെ അമൂല്യമായ മത്സ്യസമ്പത്ത് ഒരു അമേരിക്കന്‍ കമ്പനിക്ക് കൊള്ളയടിക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കുന്നതായിരുന്നു ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയെന്നും അത് നടക്കാതെപോയതിലുള്ള മോഹഭംഗമാണ് മേഴ്സിക്കുട്ടിയമ്മയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ തെളിയുന്നതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. എന്‍. പ്രശാന്ത് ഏതെങ്കിലും തരത്തില്‍ ഗൂഢാലോചന നടത്തിയെങ്കില്‍ എന്തുകൊണ്ട് ഇതുവരെ അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും ആ സംഭവത്തിനു ശേഷവും കേരളം ഭരിക്കുന്നത് മേഴ്സിക്കുട്ടിയമ്മയുടെ പാര്‍ട്ടിതന്നെ അല്ലേയെന്നും അദ്ദേഹം ചോദിച്ചു.
◾ എന്‍ പ്രശാന്ത് ഐ എ എസ് കോഴിക്കോട് കളക്ടറായിരിക്കെ ഫണ്ട് മാറ്റി കാര്‍ വാങ്ങിയെന്നും ഇതിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കിയ അഡീഷണല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്നും ആരോപണം. മുന്‍ ധനമന്ത്രിയായ ഡോ. ടിഎം തോമസ് ഐസക്കിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. ഗോപകുമാറാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ എന്‍ പ്രശാന്തിനെതിരെ ആരോപണം ഉന്നയിച്ചത്.
◾ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎമ്മിനെ കുഴിച്ചു മൂടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പൂരം കലക്കി ബിജെപിയെ ജയിപ്പിച്ചതിന്റെ ജാള്യതയിലാണ് മുഖ്യമന്ത്രി യുഡിഎഫിനെ കുറ്റപ്പെടുത്തുന്നതെന്നും പാലക്കാട്ടെ പെട്ടി വലിച്ചെറിഞ്ഞ് സിപിഎം ഓടിയെന്നും സതീശന്‍ പരിഹസിച്ചു. പാലക്കാട് 10,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നും , ഉപതെരഞ്ഞെടുപ്പില്‍ ചേലക്കര പിടിക്കുമെന്നും വിഡി സതീശന്‍ അവകാശപ്പെട്ടു.
◾ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ കോണ്‍ഗ്രസ് കള്ളപ്പണത്തിന് പുറമെ മദ്യവും ഒഴുക്കുകയാണെന്ന് മന്ത്രി എംബി രാജേഷ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കള്ളപ്പണവും മദ്യവും ഒഴുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും 1306 ലിറ്റര്‍ സ്പിരറ്റാണ് ഇന്നലെ ചിറ്റൂരിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതെന്നും, ദിവസവും മൂന്നുനേരം വാര്‍ത്താസമ്മേളനം നടത്തുന്ന വിഡി സതീശന് ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലേയെന്നും മന്ത്രി ചോദിച്ചു.
◾ റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിക്കും വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് മുനമ്പം ഭൂസംരക്ഷണ സമിതി. മുനമ്പത്തെ മത്സ്യത്തൊഴിലാളി സേനയാണ് ഇന്നലത്തെ സമരം നയിച്ചത്. മഹാപ്രളയ സമയത്തെ സേവനത്തിന് ആദരമേറ്റുവാങ്ങിയ മുനമ്പത്തെ മത്സ്യത്തൊഴിലാളി സേന തൂക്കുകയറുകളും വള്ളവുമായാണ് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനെത്തിയത്.
◾ മുനമ്പം ഭൂപ്രശ്നത്തില്‍പ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സീറോ മലബാര്‍ സഭയുടെ എല്ലാ പള്ളികളിലും കുര്‍ബാനയ്ക്ക് ശേഷം ഐക്യദാര്‍ഢ്യ സദസ്സും പ്രതിജ്ഞയും നടന്നു. ചൊവ്വാഴ്ച വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിഷേധ സദസും സംഘടിപ്പിക്കും.
◾ നീതി നിഷേധിക്കപ്പെട്ടവരുടെ സമരമാണ് മുനമ്പത്ത് നടക്കുന്നതെന്നും വഖഫ് നിയമ കേരളത്തില്‍ ഉണ്ടാക്കുന്ന ആശങ്ക വലുതാണെന്നും സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ പറഞ്ഞു. മുനമ്പം സമരത്തിന് വര്‍ഗീയ നിറം നല്‍കാന്‍ ഇടത് മന്ത്രി തന്നെ ശ്രമിക്കുകയാണെന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചു.
◾ മുനമ്പത്ത് കുടിയൊഴിപ്പിക്കലിന് കമ്യൂണിസ്റ്റ് പാര്‍ട്ടി കൂട്ടുനില്‍ക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. വര്‍ഗീയ ധ്രുവീകരണത്തിനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം മുനമ്പം വര്‍ഗീയമാക്കാന്‍ ശ്രമിച്ചത് ഇന്ത്യ സഖ്യമാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ആരോപിച്ചു. സമരം വ്യാപിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പറഞ്ഞു.
◾ കേരളത്തിലാകെ ചോരപ്പുഴ ഒഴുക്കാനുള്ള സാഹചര്യമൊരുക്കുന്നതാണ് വഖഫ് നിയമമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് ആരോപിച്ചു. മുനമ്പം ഒരു ഫസ്റ്റ് ഡോസ് ആണെന്നും വഖഫ് നിയമമനുസരിച്ച് ഏത് സ്ഥലത്തും നിന്നും കുടിയിറക്കാമെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി കിരാതം എന്ന് ഉദ്ദേശിച്ചത് വഖഫ് നിയമത്തെ ആയിരിക്കുമെന്നും കൃഷ്ണദാസ് വയനാട്ടില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
◾ പാലക്കാട് വഖഫ് ഭൂമിയില്ലെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. മറിച്ചുള്ള പ്രചാരണങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ഒരു കേന്ദ്ര മന്ത്രിക്ക് ചേരാത്ത പ്രസ്താവനയാണ് സുരേഷ് ഗോപി നടത്തിയതെന്നും മന്ത്രി പറഞ്ഞു. അതേസമയം മുനമ്പം പ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും അവിടെ കുടിയൊഴിപ്പിക്കല്‍ ഒരിക്കലും ഉണ്ടാകില്ലെന്നും അത്തരം ആരോപണങ്ങള്‍ തെറ്റാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തുവെന്നും നികുതി സ്വീകരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയത് സര്‍ക്കാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ മുനമ്പം വഖഫ് വിഷയത്തില്‍ വിവിവാദപരാമര്‍ശം നടത്തിയ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി. ഗോപാലകൃഷ്ണനെതിരേ പോലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്. എന്‍.ഡി.എ പൊതുയോഗത്തിനിടെ വാവര് സ്വാമിയെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.സി. മീഡിയ പാനലിസ്റ്റ് വി.ആര്‍. അനൂപ് ആണ് കമ്പളക്കാട് പോലീസില്‍ പരാതി നല്‍കിയത്.
◾ പാലക്കാട് നൂറണിയിലും കല്‍പ്പാത്തിയിലും എല്ലാം വഖഫിന്റെ ഭീഷണിയുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിനടുത്ത് 600 ഓളം വീടുകളെ ബാധിക്കുന്ന തരത്തില്‍ വഖഫ് ഭീഷണി ഉയര്‍ന്നുവന്നിരിക്കുകയാണെന്നും എന്‍ഡിഎ യും സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറും ഇരകള്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഈ വിഷയത്തില്‍ നിന്നും ഒളിച്ചോടുകയാണെന്നും അവര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
◾ മലപ്പുറം തിരൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ നാട് വിട്ട സംഭവത്തില്‍ ബ്ലാക്ക് മെയിലിംഗ് വ്യക്തമായതോടെ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പിടിയിലായ മൂന്നുപേര്‍ക്ക് പുറമെ മറ്റാര്‍ക്കെങ്കിലും കേസില്‍ പങ്കുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. മലപ്പുറം രണ്ടത്താണി സ്വദേശികളായ ഷഫീഖ് ,ഫൈസല്‍ വെട്ടിച്ചിറ സ്വദേശി അജ്മല്‍ എന്നിവരാണ് പിടിയിലായത്.
◾ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നും വാങ്ങിയില്ലെന്നും രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ നിജസ്ഥിതി അറിയേണ്ടതുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വ്യക്തമാക്കി. ദിവ്യക്കെതിരെ സ്വീകരിച്ചത് പാര്‍ട്ടി നടപടി മാത്രമാണെന്നും പാര്‍ട്ടി നടപടി അംഗീകരിക്കുന്ന ഒരു സഖാവ് എങ്ങനെയാണ് കറിവേപ്പില പോലെ തന്നെ വലിച്ചെറിഞ്ഞുവെന്ന് പറയുന്നതെന്നും ജയരാജന്‍ ചോദിച്ചു.
◾ സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ സമാപനം സമ്മേളനം ഇന്ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ലയിലെ 17 വേദികളില്‍ അരങ്ങേറുന്ന കേരള സ്‌കൂള്‍ കായികമേളയ്ക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് തിരശീല വീഴുന്നത്. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.
◾ സ്‌കൂള്‍ കായിക മേളയുടെ സമാപനം കണക്കിലെടുത്ത് എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള സ്‌കൂളുകള്‍ക്ക് ഇന്ന് അവധി. കേരള സിലബസ് പ്രകാരമുള്ള പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
◾ സപ്ലൈകോയ്ക്ക് വേണ്ടി എന്‍ എഫ് എസ് എയുടെ ഭാഗമായി നടക്കുന്ന വാതില്‍പടി വിതരണം മുടങ്ങില്ലെന്ന് സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. വാതില്‍പ്പടി വിതരണം നടത്തിയ ഇനത്തില്‍ സപ്ലൈകോ നല്‍കാനുള്ള ബില്‍ കുടിശികയെ തുടര്‍ന്ന് ട്രാന്‍സ്പോര്‍ട്ടിങ് കരാറുകാര്‍ സമരത്തിലേക്ക് നീങ്ങുകയാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ കുടിശ്ശിക തുകയുടെ ആദ്യ ഗഡു നല്‍കുമെന്ന് സപ്ലൈകോ അറിയിച്ചതിനെ തുടര്‍ന്ന് കരാറുകാര്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ധാരണയായിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
◾ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ വാര്‍ഷികാഘോഷത്തിനിടെ കൂട്ടത്തല്ലെന്ന് റിപ്പോര്‍ട്ടുകള്‍. കളമശേരിയിലെ ഹാളില്‍ നടന്ന പരിപാടിയില്‍ നാടകാവതരണത്തെ ചൊല്ലിയുളള തര്‍ക്കമാണ് യുവ അഭിഭാഷകര്‍ തമ്മിലുളള ഏറ്റുമുട്ടലില്‍ കലാശിച്ചതെന്ന് പറയപ്പെടുന്നു. സംഭവത്തില്‍ പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസ് എടുത്തിട്ടില്ല.
◾ കാര്‍ റാലിയുമായി വഴി തടഞ്ഞ് നഗരമധ്യത്തില്‍ പിറന്നാള്‍ ആഘോഷം നടത്തിയ യുവാവിനെപോലിസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഷിയാസിന്റെ പിറന്നാളാണ് സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ ആഘോഷിച്ചത്. ഇരുപതോളം കാറുകളുമായി അന്‍പതില്‍ അധികം യുവാക്കളാണ് പിറന്നാള്‍ ആഘോഷത്തിന് പങ്കെടുത്തത്. കമ്മട്ടിപ്പാടം എന്ന ഇടത് പ്രവര്‍ത്തകരുടെ ക്ലബ്ബാണ് ഒരു മണിക്കൂര്‍ നീണ്ട ആഘോഷം സംഘടിപ്പിച്ചത്. വാഹനഗതാഗതം തടസ്സപ്പെടുത്തിയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചും പൊതുനിരത്തില്‍ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചതിനാണ് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
◾ കൊല്ലം തെന്മലയില്‍ രാത്രി പെണ്‍സുഹൃത്തിന്റെ വീട്ടില്‍ എത്തിയ ഇടമണ്‍ സ്വദേശി നിഷാദിന് നേരെ ക്രൂരമായ സദാചാര ആക്രമണം നടത്തി അഞ്ചംഗ സംഘം. നിഷാദിനെ നഗ്നനാക്കി വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
◾ ഗുരുവായൂരിലെ ശാന്തിമഠം വില്ല തട്ടിപ്പില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ശാന്തിമഠം ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് മാനേജിങ് പാര്‍ട്ണര്‍ നോര്‍ത്ത് പറവൂര്‍ തെക്കേ നാലുവഴി ശാന്തിമഠം വീട്ടില്‍ രഞ്ജിഷയാണ് അറസ്റ്റിലായത്. ഗുരുവായൂരില്‍ ശാന്തിമഠം വില്ല പ്രൊജക്റ്റ് എന്ന പേരില്‍ വില്ലകള്‍ നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 35 ലധികം കേസുകളില്‍ പ്രതിയാണ് രഞ്ജിഷ.
◾ കേരളത്തില്‍ 5 ദിവസം ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യത. നവംബര്‍ 14 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
◾ തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. തമിഴ് സിനിമയിലൂടെ തിളങ്ങിയ ഗണേഷ് മലയാളത്തിലും ഹിന്ദിയിലും മറ്റു വിവിധ ഭാഷകളിലും ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയ നിരവധി മലയാള സിനിമകളില്‍ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
◾ ബാബ സിദ്ദിഖി വധക്കേസിലെ പ്രധാന പ്രതിയും ഷൂട്ടര്‍മാരില്‍ ഒരാളുമായ ശിവകുമാര്‍ ഗൗതത്തെ ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഇയാള്‍ നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ ആദായ നികുതിയുടെ കാര്യത്തില്‍ ആര്‍ക്കും ഇളവില്ലെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെയെന്നും സുപ്രീം കോടതി. അധ്യാപക ജോലി ചെയ്യുന്ന കന്യാസ്ത്രീകളും വൈദികരും ശമ്പളം വാങ്ങുന്നുണ്ടെങ്കില്‍ ആദായനികുതി ഈടാക്കണമെന്ന് ഉത്തരവിട്ടുകൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.
◾ ഖത്തറിലെ ഹമാസ് ഓഫീസ് പൂട്ടാന്‍ നിര്‍ദേശിച്ചെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ഖത്തര്‍ വിദേശകാര്യ വക്താവ്. ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടെന്നും ഖത്തറിലെ ഹമാസ് ഓഫീസ് പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ദോഹയിലെ ഹമാസ് ഓഫീസ് സംബന്ധിച്ച വാര്‍ത്തകളും കൃത്യമല്ലെന്ന് ഖത്തര്‍ വിദേശകാര്യ വക്താവ് ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു.
◾ അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്ത്. അരിസോണയിലെ അന്തിമ ഫലം കൂടി വന്നതോടെ, ട്രംപിന് മൊത്തം 312 ഇലക്ടറല്‍ വോട്ടുകളായി. കമല ഹാരിസനാകട്ടെ 226 ഇലക്ട്രല്‍ വോട്ടുകള്‍ മാത്രമാണ് മൊത്തത്തില്‍ നേടാനായത്.
◾ കാറുകളുമായി വരികയായിരുന്ന കണ്ടെയ്‌നര്‍ ട്രക്കിന് തീപിടിച്ചു. എട്ട് കാറുകള്‍ കത്തിനശിച്ചു. ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഹൈദരാബാദ് - മുംബൈ ഹൈവേയിലാണ് സംഭവം നടന്നത്. കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. കണ്ടെയ്‌നര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ 20 ശതമാനം പൊള്ളലേറ്റ് ചികിത്സയിലാണ്.
◾ നിര്‍ത്തിയിരുന്ന ട്രക്കിലേക്ക് കാര്‍ ഇടിച്ച് കയറി മൂന്ന് സ്ത്രീകള്‍ അടക്കം ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം. ഗ്രേറ്റര്‍ നോയിഡയിലെ എക്സ്പ്രസ് വേയില്‍ ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. ഗ്രേറ്റര്‍ നോയിഡയിലെ സെക്ടര്‍ 146 മെട്രോ സ്റ്റേഷന് സമീപത്തായാണ് അപകടമുണ്ടായത്.
◾ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപജാതികളെ പരസ്പരം മത്സരിപ്പിച്ച് ഒബിസി വിഭാഗത്തെ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുമിച്ചുനിന്നാല്‍ നമ്മള്‍ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. ഝാര്‍ഖണ്ഡിലെ ബൊക്കാരോവില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
◾ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് വയോധികരായ ദമ്പതികള്‍ക്ക് വീല്‍ചെയര്‍ അടക്കമുള്ള സൌകര്യങ്ങള്‍ നല്‍കിയില്ലെന്ന് പരാതി. വിഷയത്തില്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉത്തരവ്. ചണ്ഡിഗഡിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റേതാണ് തീരുമാനം. കാല്‍മുട്ട് മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി ബെംഗളൂരുവിലേക്കുള്ള യാത്രാ മധ്യേയാണ് വയോധികരായ ദമ്പതികള്‍ക്ക് ഇന്‍ഡിഗോ വിമാനക്കമ്പനിയില്‍ നിന്ന് മോശം അനുഭവമുണ്ടായത്.
◾ ജനപ്രിയ പ്രഖ്യാപനങ്ങളുമായി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണികളുടെ പ്രകടനപത്രിക. ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ മഹാവികാസ് അഘാഡി മുന്നോട്ടുവെച്ചപ്പോള്‍ സ്ത്രീകള്‍ക്ക് 2100 രൂപ, വായ്പ എഴുതിത്തള്ളല്‍ തുടങ്ങിയവയാണ് ബിജെപിയുടെ പ്രഖ്യാപനങ്ങള്‍. മുംബൈയില്‍ നടന്ന പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് 'മഹാരാഷ്ട്രനാമ' എന്ന പേരില്‍ മഹാവികാസ് അഘാഡിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്.
◾ ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ജമ്മു കശ്മീരിലെ കിഷ്ത്വറില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടല്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. നായിബ് സുബേദാര്‍ രാകേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് മൂന്ന് ഭീകരരാണ് ഒളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വില്ലേജ് ഡിഫന്‍സ് ഗാര്‍ഡിലെ അംഗങ്ങളായ നാട്ടുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഈ ഭീകരരാണെന്നാണ് സേന പറയുന്നത്.
◾ കൊല്ലപ്പെട്ട ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ അടുത്ത അനുയായിയും കൊടും ക്രിമിനലുമായ ഹര്‍ഷ്ദ്വീപ് ദല്ല കാനഡയില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. കഴിഞ്ഞമാസം മില്‍ട്ടണ്‍ ടൗണിലുണ്ടായ സായുധ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് വിവരം.
◾ മോസ്‌കോയില്‍ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം. ഇന്നലെ 34 ഡ്രോണുകളാണ് മോസ്‌കോയെ ലക്ഷ്യമിട്ട് യുക്രൈന്‍ വിക്ഷേപിച്ചത്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മോസ്‌കോ നഗരത്തിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളില്‍നിന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. 2022-ല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യന്‍ തലസ്ഥാനത്ത് യുക്രൈന്‍ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
◾ ലബനനില്‍ സെപ്റ്റംബറില്‍ നടത്തിയ പേജര്‍ സ്ഫോടനം തന്റെ അറിവോടെയെന്ന് തുറന്നു സമ്മതിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹിസ്ബുല്ല പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് സെപ്റ്റംബറില്‍ നടത്തിയ പേജര്‍ സ്ഫോടനത്തില്‍ 40 പേര്‍ മരിക്കുകയും മൂവായിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
◾ പ്രഥമ സൂപ്പര്‍ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്.സിക്ക്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഫൈനലില്‍ കാലിക്കറ്റ് എഫ്.സി കന്നിക്കിരീടം മോഹിച്ചെത്തിയ കൊച്ചിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് കാലിക്കറ്റ് എഫ്.സി പ്രഥമ സൂപ്പര്‍ ലീഗ് കേരള കിരീടത്തില്‍ മുത്തമിട്ടത്.
◾ ദക്ഷിണാഫ്രിക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് തോല്‍വി. ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിനാണ് ഇന്ത്യയെ തോല്‍പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനേ സാധിച്ചിരുന്നുള്ളൂ. തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികള്‍ നേടിയ സഞ്ജു സാംസണ്‍ ഇന്നലെ പൂജ്യത്തിനാണ് പുറത്തായത്. അഭിഷേക് ശര്‍മയും സൂര്യകുമാര്‍ യാദവും റിങ്കു സിംഗും നിരാശപ്പെടുത്തിയ മത്സരത്തില്‍ 39 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് വേണ്ടി കൂടുതല്‍ റണ്‍സെടുത്തത്. മറുപടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയുടെ പ്രകടനത്തിലൂടെ 87 ന് 6 എന്ന നിലയിലേക്ക് തകര്‍ന്ന ദക്ഷിണാഫ്രിക്കയെ 41 പന്തില്‍ 47 റണ്‍സുമായി പുറത്താവാതെ നിന്ന ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് വിജയത്തിലേക്ക് നയിച്ചത്. ഈ ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-1ന് ഒപ്പമെത്തി.
◾ തുടര്‍ച്ചയായ നാലാം വാരവും ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തില്‍ ഇടിവുണ്ടായി. നവംബര്‍ ഒന്നിന് അവസാനിച്ച വാരത്തില്‍ വിദേശ നാണയ ശേഖരം 260 കോടി ഡോളര്‍ കുറഞ്ഞ് 68,213 കോടി ഡോളറിലെത്തി. മുന്‍വാരം വിദേശ ശേഖരത്തില്‍ 340 കോടി ഡോളറിന്റെ കുറവുണ്ടായിരുന്നു. ഡോളര്‍, യെന്‍, യൂറോ എന്നിവയുടെ അളവിലാണ് വലിയ കുറവുണ്ടായത്. അതേസമയം സ്വര്‍ണ ശേഖരം 120 കോടി ഡോളര്‍ വര്‍ദ്ധനയോടെ 6,975 കോടി ഡോളറായി. നിലവില്‍ വിദേശ നാണയ ശേഖരത്തില്‍ ലോകത്തില്‍ നാലാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ചൈന, ജപ്പാന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയ്ക്കാണ് ഇന്ത്യയേക്കാള്‍ കൂടുതല്‍ വിദേശ നാണയ ശേഖരമുള്ളത്.
◾ സൂപ്പര്‍ഹിറ്റായി മാറിയ ചിന്താമണി കൊലക്കേസിനു ശേഷം വീണ്ടും വക്കീല്‍ വേഷത്തില്‍ സുരേഷ് ഗോപി. 'ജെഎസ്‌കെ അഥവാ ജാനകി വെഴ്സസ് സ്റ്റേറ്റ് ഓഫ് കേരള'യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. വക്കീല്‍ കോട്ടണിഞ്ഞ് നില്‍ക്കുന്ന സുരേഷ് ഗോപിയാണ് പോസ്റ്ററില്‍. അനുപമ പരമേശ്വരനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡേവിഡ് ആബേല്‍ ഡൊണോവന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രവീണ്‍ നാരായണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മാധവ് സുരേഷ്, ശ്രുതി രാമചന്ദന്‍, ദിവ്യാ പിള്ള, അസ്‌കര്‍ അലി, ബൈജു സന്തോഷ്, യദു കൃഷ്ണന്‍, രജത് മേനോന്‍, അഭിഷേക് രവീന്ദ്രന്‍, കോട്ടയം രമേശ്, ജയന്‍ ചേര്‍ത്തല എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
◾ മറ്റൊരു മലയാളഗാനത്തിനും ലഭിക്കാത്ത നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് 'ആടുജീവിതം' എന്ന ചിത്രത്തിലെ ജിതിന്‍ രാജ് ആലപിച്ച 'പെരിയോനേ' എന്ന ഗാനം. എ ആര്‍ റഹ്‌മാന്റെ മലയാളത്തിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കിയ ചിത്രം കൂടിയായിരുന്നു പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനംചെയ്ത ഈ ആടുജീവിതം. ലോക പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരങ്ങള്‍ക്കായുള്ള നാമനിര്‍ദേശ പട്ടികയില്‍ പെരിയോനേയും ഇടംപിടിച്ചിരിക്കുകയാണ്. ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് 'പെരിയോനേ'യും മത്സരിക്കുന്നത്. എ.ആര്‍.റഹ്‌മാനും റഫീഖ് അഹമ്മദും ചേര്‍ന്നാണ് ഗാനം രചിച്ചിരിക്കുന്നത്. നിലവില്‍ ആടുജീവിതം ഓസ്‌കറില്‍ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിദേശത്താണ് സംവിധായകന്‍ ബ്ലെസി.
◾ കഴിഞ്ഞ മാസവും മികച്ച വില്‍പ്പനയാണ് ഹ്യുണ്ടായ് ഇന്ത്യക്ക്. ആഭ്യന്തര വിപണിയില്‍ ആകെ 55,568 പുതിയ ഉപഭോക്താക്കളെ കമ്പനിക്ക് ലഭിച്ചു. ഹ്യൂണ്ടായി ക്രെറ്റയാണ് കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍. കഴിഞ്ഞ മാസം 34 ശതമാനം വാര്‍ഷിക വര്‍ദ്ധനയോടെ മൊത്തം 17,497 യൂണിറ്റ് ഹ്യുണ്ടായ് ക്രെറ്റ എസ്യുവികള്‍ വിറ്റു. രണ്ടാം സ്ഥാനത്ത് ഹ്യുണ്ടായ് വെന്യു ആണ്. എക്സ്റ്റര്‍ മൂന്നാം സ്ഥാനത്താണ്. ഗ്രാന്‍ഡ് ഐ10 നിയോസ് നാലാം സ്ഥാനത്തും ഹ്യൂണ്ടായ് ഐ20 അഞ്ചാം സ്ഥാനത്തുമാണ്. ഹ്യൂണ്ടായ് ഓറ, വെര്‍ണ, അല്‍കാസര്‍, ട്യൂസണ്‍, അയോണിക്ക് 5 എന്നിവയാണ് ആറുമുതല്‍ പത്തു വരെയുള്ള സ്ഥാനങ്ങളില്‍.
0 Comments