അശ്ലീല വീഡിയോ കാണുന്നു, വിളിക്കുന്നത് 'ഡിവൈഎസ്പി'; പുതിയ തട്ടിപ്പിനെതിരെ കരുതിയിരിക്കണമെന്ന് പോലീസ്







കൊച്ചി: അടുത്തിടെ തൃശൂര്‍ സ്വദേശിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് വിദേശത്തു നിന്ന് ഒരു ഫോണ്‍ കോള്‍ വന്നു. സൈബര്‍ ഡിവൈഎസ്പി എന്ന് പരിചയപ്പെടുത്തിയ ആള്‍, യുവതി അശ്ലീല വീഡിയോ കാണുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും നിങ്ങളുടെ ഫോണ്‍ പോലീസ് നിരീക്ഷണത്തിലാണെന്നും അറിയിക്കുന്നു.
നിങ്ങളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നു പറഞ്ഞ് അയാള്‍ ഫോണ്‍ കട്ടു ചെയ്തു.

രണ്ടു ദിവസത്തിനുശേഷം വീണ്ടും കോള്‍ എത്തി. കേസില്‍ നിന്ന് ഒഴിവാക്കാനായി പണം നല്‍കണമെന്നായിരുന്നു പിന്നീട് ആവശ്യപ്പെട്ടത്. എന്നാല്‍ താന്‍ അശ്ലീല വീഡിയോ കാണുന്നില്ലെന്ന ഉത്തമ ബോധ്യമുള്ളതിനാല്‍ യുവതി ആ തട്ടിപ്പില്‍ കുടുങ്ങിയില്ല. അവര്‍ ഇക്കാര്യം സൈബര്‍ സെല്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു.

കൊച്ചിയിലെ മറ്റൊരു വീട്ടമ്മയ്ക്കും സമാനരീതിയിലുളള ഫോണ്‍കോളെത്തി. ഇതുകേട്ട് ഭയന്നുപോയ വീട്ടമ്മയെ തുടര്‍ന്നുള്ള ദിവസങ്ങളിലും സംഘം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു. പരിചയക്കാരിയായ വനിത പോലീസ് ഉദ്യോഗസ്ഥയുടെ ഇടപെടലിലൂടെയാണ് താന്‍ തട്ടിപ്പിന് ഇരയാകുന്നുവെന്ന കാര്യം വീട്ടമ്മ അറിഞ്ഞതു തന്നെ.

ഇത്തരത്തിലുള്ള തട്ടിപ്പു സംഘങ്ങളുടെ ഇരകളാകുന്നുവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. പണം നഷ്ടമായ പലരും നാണക്കേടു കൊണ്ട് പലപ്പോഴും പരാതിപ്പെടാന്‍ തയാറാകില്ലെന്നു പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. വലിയ തുക നഷ്ടമാകുമ്‌ബോഴാണ് ചിലപ്പോള്‍ പരാതി നല്‍കുന്നത്. സ്ത്രീകളാണ് പലപ്പോഴും ഇത്തരം തട്ടിപ്പു സംഘങ്ങളുടെ ഇരകളാകുന്നത്.

അപരിചിത വിദേശ നമ്ബറുകളിലെ കോളുകള്‍ വേണ്ട

അപരിചിതമായ വിദേശ നമ്ബറുകളിലെ കോളുകളോട് പ്രതികരിക്കരുതെന്നാണ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. അപരിചിതമായ രാജ്യാന്തര വാട്സ്ആപ്പ് കോളുകള്‍ ഉള്‍പ്പെടെ എല്ലാത്തരം സൈബര്‍ തട്ടിപ്പിനെതിരേയും ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. സംശയാസ്പദമായ സംഭവങ്ങള്‍ ഉണ്ടായാല്‍ പോലീസില്‍ പരാതിപ്പെടാന്‍ മടിക്കരുത്.

1930 ല്‍ പരാതിപ്പെടാം

ഓണ്‍ലൈന്‍ സാമ്ബത്തികത്തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്ബറില്‍ പോലീസില്‍ വിവരം അറിയിക്കണം. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.

Post a Comment

0 Comments