വിരല്‍ത്തുമ്ബില്‍ സേവനം; തദ്ദേശസ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ കെ -സ്മാര്‍ട്ടില്‍


തദ്ദേശസ്ഥാപനങ്ങളിലെ തട്ടിപ്പുകള്‍ അവസാനിപ്പിച്ച്‌ വിരല്‍ത്തുമ്ബില്‍ സേവനം ലഭ്യമാക്കാന്‍ പുതുവര്‍ഷദിനം മുതല്‍ സംസ്ഥാനത്ത് 'കെ- സ്മാര്‍ട്ട്'.

തദ്ദേശവകുപ്പിന്റെ വിവിധ സേവനങ്ങള്‍ സുതാര്യമായും അതിവേഗത്തിലും ഉറപ്പാക്കുന്ന സംവിധാനമാണ് കെ -സ്മാര്‍ട്ട്. ഇന്ന് മുതല്‍ സേവനം ലഭ്യമാകും.

തുടക്കത്തില്‍ കോര്‍പ്പറേഷനുകളിലും നഗരസഭകളിലുമാണ് ഈ ഓണ്‍ലൈന്‍ സേവനം ലഭിക്കുക. ഏപ്രില്‍ ഒന്നുമുതല്‍ മുഴുവന്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ആദ്യ ഘട്ടത്തില്‍ എണ്‍പതോളം സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ കോര്‍പറേഷനുകളിലും നഗരസഭകളിലും ലഭ്യമാക്കും. വെബ്‌പോര്‍ട്ടലിനു പുറമേ, മൊബൈല്‍ ആപ്ലിക്കേഷനായും കെ- സ്മാര്‍ട്ട് ലഭിക്കും. കെ- സ്മാര്‍ട്ട് ആപ്പിലൂടെ അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും അവയുടെ നിലവിലെ സ്ഥിതി അറിയാനുമാകും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും രസീത് അപേക്ഷകന്റെ വാട്സ്‌ആപ്പിലും ഇ-മെയിലിലും ലഭ്യമാക്കും.

സുരക്ഷിതവും ന്യൂതനവുമായ സംവിധാനമാണ് കെ- സ്മാര്‍ട്ട് എന്ന പേരില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐകെഎം) തയാറാക്കിയ സോഫ്റ്റ്വെയര്‍. നിലവില്‍ തദ്ദേശസ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന 26 സോഫ്റ്റുവെയറുകള്‍ കെ- സ്മാര്‍ട്ടില്‍ ലയിക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് ജനുവരി ഒന്നു മുതല്‍ നടപ്പാക്കുന്നതെങ്കിലും ഭാവിയില്‍ കെ- സ്മാര്‍ട്ട് തന്നെയാകും സേവനങ്ങള്‍ക്കായി ഉപയോഗിക്കുക.


Post a Comment

0 Comments