പുതുക്കാട് റെയില്‍വെ സ്‌റ്റേഷനിലെ ട്രാക്കിലുണ്ടായ തകരാറിനെ തുടര്‍ന്ന് തൃശ്ശൂര്‍ - എറണാകുളം പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വന്ദേഭാരത് ഉൾപ്പെടെ തീവണ്ടികൾ ഒന്നര മണിക്കൂർ വൈകിയാണ് ഓടിയത്.
കന്യാകുമാരി-ബാംഗളൂരു ഐലന്റ് എക്‌സ്പ്രസ്, തിരുവനന്തപുരം - നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ്, തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് മെയില്‍ എന്നീ വണ്ടികളും വൈകി. ചൊവ്വാഴ്ച വൈകീട്ട് ഏഴിനായിരുന്നു സംഭവം.
പുതുക്കാട് റെയില്‍വെ സ്റ്റേഷനില്‍ ട്രാക്കുകൾ തമ്മിൽ കൂടിച്ചേരുന്ന ജങ്ഷനിലെ തകരാറാണ് പ്രശ്നത്തിന് കാരണം. ഇവിടെ നിര്‍ത്തേണ്ട ട്രെയിനുകൾ ലൂപ് ലൈനിലും സ്റ്റോപ്പില്ലാത്തവ നേരെയുള്ള ട്രാക്കിലൂടെ കടന്നു പോവുകയുമാണ് പതിവ്. ഈ ട്രാക്കുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗമായ പോയിൻ്റാണ് തകരാലായത്. പോയിൻ്റ് കൈകാര്യം ചെയ്യുന്നത് അതാതു സ്റ്റേഷനിലാണ്. അതിനനുസരിച്ചാണ് ട്രെയിനുകൾ ട്രാക്ക് മാറുന്നത്.
ഏഴുമണിക്ക് പുതുക്കാട് സ്റ്റോപ്പുള്ള എറണാകുളം- ഷൊർണൂർ മെമു കടന്നു പോയതിനു ശേഷമാണ് ട്രാക്കിൽ തകരാർ സംഭവിച്ചത്.
ഐലന്റ് എക്‌സ്പ്രസ്, നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസുകൾ പുതുക്കാട് സ്റ്റേഷനിലും, തിരുവനന്തപുരം - കാസർഗോഡ് വന്ദേ ഭാരത് എക്സ്പ്രസ് ഇരിങ്ങാലക്കുടയിലും, ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ചാലക്കുടിയിലും നിർത്തിയിട്ടു.
എട്ടരയോടെ ട്രാക്കിലെ തകരാർ പരിഹരിച്ച് ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു.
0 Comments