മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം നാടിന് സമർപ്പിച്ചു







നിത്യ ജീവിതത്തിൽ സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന പഞ്ചായത്ത്‌ ഓഫീസ്‌ നവീകരിക്കുന്നതിലൂടെ ആധുനിക സംവിധാനങ്ങൾ ജനങ്ങൾക്ക് നൽകാൻ മുരിയാട് ഗ്രാമപഞ്ചായത്തിന് സാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.  മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മുരിയാട് ഗ്രാമപഞ്ചായത്തിന് എഴുപതാം പിറന്നാൾ സമ്മാനമായി ആധുനിക ഇൻഫ്രാസ്ട്രക്ച്ചറോട്കൂടി നവീകരിച്ച ഓഫീസ് കെട്ടിടമാണ് മന്ത്രി നാടിന് സമർപ്പിച്ചത്.


പഞ്ചായത്തിന്റെ തനത് പ്രവർത്തികളായ ഡിജി മുരിയാട്, മൊബൈൽ ആപ്പ് തുടങ്ങിയ ആധുനിക സേവനങ്ങൾ നൽകുന്നതിനോടൊപ്പം ആധുനിക സൗകര്യങ്ങൾ കൂടി ജനങ്ങൾക്ക് നൽകുകയാണ് നവീകരണ പ്രവർത്തനത്തിലൂടെ മുരിയാട് ഗ്രാമപഞ്ചായത്ത്.  കാർഷിക പ്രാധാന്യമുള്ള മുരിയാട് ഗ്രാമപഞ്ചായത്ത് ടൂറിസം മേഖലയിൽ കൂടി കടന്ന് ചെല്ലുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

മൊബൈൽ ആപ്ലിക്കേഷൻ, സേവാഗ്രാം ഗ്രാമ കേന്ദ്രങ്ങൾ,  ഐഎൽജി എംഎസ്, കുടുംബശ്രീ ഡിജിറ്റൽ ഹെൽപ്പ് ഡെസ്ക്, ഡിജി മുരിയാട് തുടങ്ങിയ സംവിധാനങ്ങളിലൂടെ ഭരണസംവിധാനങ്ങൾ ആധുനിക കാലഘട്ടത്തിന് അനുസൃതമായി ക്രമീകരിക്കുന്നതിനായി നടത്തുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പഞ്ചായത്ത് ഓഫീസ് ആധുനിക സംവിധാനങ്ങളോടെ നവീകരിച്ചത്.


 2022 -23, 2023-24 എന്നീ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി ധനകാര്യ കമ്മീഷൻ ഗ്രാൻഡ് വകയിരുത്തിയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.


മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അരുൺ രംഗൻ, 

പഞ്ചായത്ത് സെക്രട്ടറി റെജി പോൾ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ഭരണസമിതി അംഗങ്ങൾ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments