തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവും മോഷ്ടാവുമായ ബാലമുരുകൻ പൊലീസ് കസ്റ്റഡിയില്‍ നിന്നു കടന്നു കളഞ്ഞു.വിയ്യൂർ ജയിലിനു സമീപത്തു നിന്നു തമിഴ്നാട് പൊലീസിനെ വെട്ടിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം. തമിഴ്നാട്ടില്‍ തെളിവെടുപ്പിനു ശേഷം വിയ്യൂരിലേക്ക് കൊണ്ടു വരികയായിരുന്നു. ശുചിമുറിയില്‍ പോകണമെന്നു പറഞ്ഞപ്പോള്‍ പുറത്തിറക്കിയപ്പോഴാണ് കടന്നു കളഞ്ഞത്.പുറത്തിറങ്ങിയതിനു പിന്നാലെ ഒപ്പമുണ്ടായിരുന്ന 3 പൊലീസുകാരെ തള്ളിമാറ്റി ഇയാള്‍ ഓടുകയായിരുന്നു. ജയില്‍ മതിലിനോടു ചേർന്നു പച്ചക്കറികള്‍ കൃഷി ചെയ്യുന്ന സ്ഥലത്തേക്കാണ് ബാലമുരുകൻ ഓടിയത്. തൃശൂർ നഗരത്തില്‍ ഇയാള്‍ക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ വർഷവും വിയ്യൂർ ജയലിനു മുന്നില്‍ നിന്നു ഇയാള്‍ രക്ഷപ്പെട്ടിരുന്നു.കേരളത്തിലേയും തമിഴ്നാട്ടിലേയും കൊലപാതകം, മോഷണം ഉള്‍പ്പെടെ 53 കേസുകളില്‍ പ്രതിയാണ് ബാലമുരുകൻ. 2023 സെപ്റ്റംബർ 24 മുതല്‍ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു ഇയാള്‍. പൊലീസിനെ ആക്രമിച്ച് നേരത്തേയും ജയില്‍ ചാടിയിട്ടുണ്ട്.33 വയസിനിടെ അഞ്ചോളം കൊലക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. വേഷം മാറുന്നതില്‍ വിദഗ്ധനാണെന്നു പൊലീസ് പറയുന്നു. ഒരു സ്ഥലത്തു ലുങ്കിയാണ് വേഷമെങ്കില്‍ മറ്റൊരിടത്ത് ജീൻസും കൂളിങ് ഗ്ലാസും ധരിച്ചായിരിക്കും എത്തുക.തമിഴ്നാട്ടിലെ തെങ്കാശി ജില്ലയില്‍ കടയം രാമനദി ഗ്രാമത്തിലാണ് ഇയാള്‍ ജനിച്ചത്. വർഷങ്ങളോളം തമിഴ്നാട്ടില്‍ ഗുണ്ടാ സംഘത്തലവനായി. ഇയാള്‍ക്കായി തമിഴ്നാട് പൊലീസ് അന്വേഷണം ശക്തമാക്കിയതിനെ തുടർന്നു കേരളത്തിലേക്ക് കടന്നു. മറയൂരില്‍ മോഷണത്തിനിടെയാണ് പിടിയിലായത്. തനിക്കെതിരെ സാക്ഷി പറഞ്ഞ സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ കേസും ഇയാളുടെ പേരിലുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ