വായ്പ നൽകിയ 3000 രൂപ തിരിച്ചു ചോദിച്ചതിന് വീട് ആക്രമിച്ച് ഗൃഹനാഥന്റെ കഴുത്തിൽ കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ബന്ധുക്കൾ അടക്കം നാലുപേർ അറസ്റ്റിൽ. അന്തിക്കാട് പുത്തൻപീടിക സ്വദേശികളായ പള്ളത്തിവീട്ടിൽ രാകേഷ്, പുളിക്കൽ വീട്ടിൽ സന്തോഷ്, മകൻ യദുകൃഷ്ണൻ, പുളിക്കൽ വീട്ടിൽ ശിവനന്ദൻ എന്നിവരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തോടയാണ് കേസിനസ്പദമായ സംഭവം. അന്തിക്കാട് സ്വദേശിയായ തണ്ടിയേക്കൽ വീട്ടിൽ നവീനിന്റെ വീട് ആക്രമിച്ച് പരിക്കേൽപ്പിച്ചു എന്നാണ് കേസ്. നവീനിന്റെ ഭാര്യയുടെ ബന്ധുക്കളാണ് പ്രതികളായ സന്തോഷ്, മകൻ യതുകൃഷ്ണൻ, ശിവനന്ദൻ എന്നിവർ. ഇവരുടെ സുഹൃത്താണ് രാഗേഷ്. നവീനിന്റെ ഭാര്യ 3000 രൂപ സന്തോഷിന്റെ ഭാര്യക്ക് വായ്പ കൊടുത്തിരുന്നു എന്നും രണ്ടു ദിവസം മുൻപ് ഈ പണം തിരിച്ചു ചോദിക്കുകയും അതിനെ ചൊല്ലി ഇരുകൂട്ടരും തമ്മിൽ തർക്കം ഉണ്ടായി എന്നും പോലീസ് പറഞ്ഞു. ഇതിനെക്കുറിച്ച് സംസാരിക്കാനാണ് പ്രതികൾ പരാതിക്കാരന്റെ വീട്ടിലെത്തിയതെന്നും ഇതിനിടെ രാഗേഷ് നവീന്റെ കഴുത്തിൽ വെട്ടുകയായിരുന്നു എന്നും പോലീസ് വ്യക്തമാക്കി.പ്രതികളെ റിമാൻ്റ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ