ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ദേവസ്വം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡു സംഭാവനയായി 15 കോടി രൂപയുടെ ചെക്ക് അദ്ദേഹം ദേവസ്വത്തിന് കൈമാറി.ഞായറാഴ്ച രാവിലെ 7.30-ഓടെ ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ അദ്ദേഹം അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.ശ്രീകൃഷ്ണ കോളേജ് മൈതാനത്താണ് ഹെലികോപ്റ്ററില്‍ അദ്ദേഹം വന്നിറങ്ങിയത്. പിന്നീട് റോഡ് മാര്‍ഗം തെക്കേ നടയില്‍ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തിയ അംബാനിയെ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. ദേവസ്വം ചെയര്‍മാന്‍ പൊന്നാടയണിയിച്ചു. തുടര്‍ന്ന് തെക്കേ നടപ്പന്തലിലൂടെ കിഴക്കേ ഗോപുര കവാടത്തിലെത്തി.ആശുപത്രി നിര്‍മ്മാണത്തിനായി 15 കോടിയുടെ ചെക്ക് അദ്ദേഹം കൈമാറി. ദേവസ്വത്തിന്റെ നിര്‍ദ്ദിഷ്ട മള്‍ട്ടിസ് സ്‌പെഷ്യാലിറ്റി ആശുപത്രിയടെ രൂപരേഖയും ആനകളുടെ പരിചരണത്തിനായി ദേവസ്വം തുടങ്ങാന്‍ ലക്ഷ്യമിടുന്ന ആധുനിക മൃഗാശുപത്രിയുടെ പദ്ധതി രേഖയും ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍, ഭരണ സമിതി അംഗം സി. മനോജ് എന്നിവര്‍ മുകേഷ് അംബാനിക്ക് സമര്‍പ്പിച്ചു. 'എന്ത് സഹായവും നല്‍കാം' എന്ന് മുകേഷ് അംബാനി ദേവസ്വം ചെയര്‍മാന് ഉറപ്പ് നല്‍കി. ഗുജറാത്തില്‍ റിലയന്‍സ് ഉടമസ്ഥതയിലുള്ള വന്‍താര വന്യ ജീവി പരിപാലന കേന്ദ്രത്തിന്റെ പ്രവര്‍ത്തന മാതൃകയില്‍ ദേവസ്വത്തിലെ ആനകള്‍ക്ക് മികച്ച പരിപാലനം നല്‍കാന്‍ അവസരം ഒരുക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.പൊതു അവധി ദിനത്തില്‍ സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഉള്ളതിനാല്‍ 25 പേര്‍ക്കായി ശ്രീകോവില്‍ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയാണ് മുകേഷ് അംബാനി ക്ഷേത്രത്തില്‍ പ്രവേശിച്ചത്. നാലമ്ബലത്തിലെത്തി ഗുരുവായൂരപ്പനെ കണ്ട് തൊഴുത് പ്രാര്‍ത്ഥിച്ചു. സോപാനപടിയില്‍ കാണിക്കയുമര്‍പ്പിച്ചു. മേല്‍ശാന്തിയില്‍ നിന്ന് പ്രസാദവും ഏറ്റുവാങ്ങി.തുടര്‍ന്ന് ഉപദേവന്മാരെയും തൊഴുത്, കൊടിമര ചുവട്ടിലെത്തിയ അദ്ദേഹത്തിന് ദേവസ്വം ചെയര്‍മാന്‍ കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ നല്‍കി. ദേവസ്വത്തിന്റെ ഉപഹാരമായി ചുവര്‍ചിത്രവും സമ്മാനിച്ചു. രാവിലെ എട്ടു മണിയോടെ അദ്ദേഹം ക്ഷേത്രത്തില്‍ നിന്ന് മടങ്ങി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ