Pudukad News
Pudukad News

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നവംബര്‍ 13 ന് സമ്പൂർണ്ണ പണിമുടക്ക്, അത്യാഹിത വിഭാഗം ഒഴികെ വിട്ട് നില്‍ക്കും


നവംബർ 13 ന് സമ്പൂർണ്ണ പണിമുടക്ക് നടത്തുമെന്ന് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ.അത്യാഹിത സേവനങ്ങള്‍ ഒഴികെ എല്ലാ പ്രവർത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും സമാധാനപരമായി സമരം ചെയ്തിട്ടും സർക്കാർ ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് സംഘടന അറിയിച്ചു. ഇതുവരെ സമാധാനപരമായി സമരമാർഗങ്ങള്‍ സ്വീകരിച്ചിട്ടും സർക്കാർ അതിനെ കണ്ടില്ലെന്ന് നടിക്കുന്നതോടൊപ്പം, ജനാധിപത്യ മര്യാദകള്‍ ലംഘിച്ച്‌ അവഹേളനപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് മെഡിക്കല്‍ കോളേജ് ഡോക്ടർമാരോടും പൊതുജനങ്ങളോടുമുള്ള വെല്ലുവിളി ആയി കാണുന്നതാണെന്നും സംഘടന.

ആദ്യഘട്ടത്തില്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടില്ലാതെയാണ് സമരം മുന്നോട്ട് കൊണ്ടു പോയതെന്നും എന്നാല്‍ സർക്കാർ മുഖം തിരിഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ ഒ.പി. ബഹിഷ്‌കരണത്തിലേക്ക് കടക്കാൻ നിർബന്ധിതരായതാണെന്നും കെ.ജി.എം.സി.ടി.എ പറയുന്നു. മൂന്ന് ദിവസങ്ങളിലായി ഒ.പി. ബഹിഷ്‌കരണം നടത്തിയപ്പോള്‍, ദൂരപ്രദേശങ്ങളില്‍ നിന്ന് പോലും മുതിർന്ന ഡോക്ടർമാർ റഫർ ചെയ്ത് വിദഗ്ധചികിത്സയ്ക്കായി എത്തിയ രോഗികള്‍ക്ക് പി.ജി. വിദ്യാർത്ഥികളിലൂടെ താല്‍ക്കാലിക ചികിത്സ മാത്രമേ ലഭ്യമായിരുന്നുള്ളൂ.എന്നിട്ടും പ്രശ്നപരിഹാരത്തിനോ സമരത്തിനോടുള്ള ഇടപെടലിനോ സർക്കാർ തയ്യാറായില്ലെന്നും സംഘടന. ഈ സമരം മൂലം പൊതുജനങ്ങള്‍ക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളുടെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

കെ.ജി.എം.സി.ടി.എയുടെ പ്രധാന ആവശ്യങ്ങള്‍

1. പ്രവേശന തസ്തികകളിലെ ശമ്ബളത്തിലെ അപാകത പരിഹരിക്കുക.

2. 2016 മുതലുള്ള ശമ്ബള പരിഷ്കരണ കുടിശ്ശിക ഉടൻ നല്‍കുക.

3. പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നതിന് മുൻപ് ആവശ്യമായ അക്കാദമിക് തസ്തികകള്‍ സൃഷ്ടിക്കുക.

4. അശാസ്ത്രീയമായ പുനർവിന്യാസം അവസാനിപ്പിക്കുക.

5. ഒഴിവ് കിടക്കുന്ന തസ്തികകളില്‍ അടിയന്തിര നിയമനം നടത്തുക.

6. മെഡിക്കല്‍ കോളേജുകളില്‍ അധ്യാപകർക്കും രോഗികള്‍ക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക.

7. പെൻഷൻ സീലിംഗ് സംബന്ധമായ അപാകത പരിഹരിക്കുക.

8. ഡി.എ. കുടിശ്ശിക പൂർണ്ണമായും അനുവദിക്കുക.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price