മുൻ വൈരാഗ്യത്തെ തുടർന്ന് ഗുണ്ടാനേതാവിന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികൾ കുറ്റക്കാരെന്ന് ഇരിഞ്ഞാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. ഏഴിന് ശിക്ഷ വിധിക്കും. കാട്ടൂർ സ്റ്റേഷനിൽ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട കാട്ടൂർകടവ് നന്താനത്ത്പറമ്പിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കാട്ടൂർകടവ് നന്തിലത്ത്പറമ്പിൽ വീട്ടിൽ ദർശൻ കുമാർ, കരാഞ്ചിറ ചെമ്പാപുള്ളി വീട്ടിൽ നിഖിൽദാസ്, ഒളരി നങ്ങേലി വീട്ടിൽ ശരത്ത്, ചൊവ്വൂർ കള്ളിയത്ത് വീട്ടിൽ രാകേഷ് എന്നിവരെയാണ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എൻ. വിനോദ് കുമാർ കണ്ടെത്തിയത്. 2021 ഫെബ്രുവരി 14ന് രാത്രി പത്തരയോടെയാണ് കാട്ടൂർ കടവിലെ വാടക വീടിനു മുൻപിൽ വച്ച് തോട്ട എറിഞ്ഞുവീഴ്ത്തി സംഘം ലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തിയത്. കാട്ടൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ
അന്നത്തെ എസ്എച്ച്ഒ ആയിരുന്ന വി.വി. അനിൽകുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾ നാലുപേരും നേരത്തെ കൊലപാതകം, കവർച്ച, അടിപിടി അടക്കം കേസുകളിൽ ഉൾപ്പെട്ടവരാണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജോജി ജോർജ്, മുൻ പ്രോസിക്യൂട്ടർ ആയിരുന്ന പി.ജെ. ജോബി എബിൽ ഗോപുരൻ, പി.എസ്. സൗമ്യ എന്നിവർ ഹാജരായി. സിപിഒ കെ.വി.വിനീഷ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ