Pudukad News
Pudukad News

പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും;കളക്ടറോട് ഇന്ന് തന്നെ സ്ഥലം സന്ദർശിച്ച് പരിശോധിക്കാൻ നിർദേശം


ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തുടരും. ടോള്‍ പിരിവ് പുനരാരംഭിക്കുന്നതിൽ വെള്ളിയാഴ്ച ഉത്തരവിറക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ദേശീയ പാത അതോറിറ്റിയുടെ ഹര്‍ജി ഇന്ന് പരിഗണിച്ചപ്പോള്‍ ജില്ലാ കളക്ടറോട് നിലവിലെ റോഡിന്‍റെ അവസ്ഥയെക്കുറിച്ച് കോടതി വിവരം തേടി. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഓണ്‍ലൈനായി ഹാജരായ തൃശൂര്‍ കളക്ടറോട് ചോദ്യങ്ങള്‍ ചോദിച്ചു. 
60 കിലോമീറ്റര്‍ ടോള്‍ പിരിക്കുന്ന ദൂരത്തിൽ മൂന്നോ നാലോ ഇടങ്ങളിൽ മാത്രമാണ് പ്രശ്നമെന്നാണ് എജി ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ, എവിടെയൊക്കെയാണ് പ്രശ്നമെന്ന് കോടതി കളക്ടറോട് ചോദിച്ചു. അഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണ് പ്രശ്നമെന്ന് കളക്ടര്‍ മറുപടി നൽകി. ഈ റോഡിലൂടെ സഞ്ചരിച്ചാൽ പ്രശ്നങ്ങള്‍ മനസിലാകുമെന്നും ഇവിടെ ഇരിക്കുന്ന എല്ലാവര്‍ക്കും അത് വ്യക്തമായി അറിയാമെന്നും ഹൈകോടതി എജിക്ക് മറുപടി നൽകി. ദേശീയപാത അതോറിറ്റി മനപ്പൂര്‍വം റോഡ് നന്നാക്കാതിരിക്കുന്നതല്ലെന്ന് എജി വാദിച്ചു. തുടര്‍ന്ന് ഇപ്പോള്‍ ഏതെങ്കിലും ഇടങ്ങളില്‍ ഗതാഗത കുരുക്ക് ഉണ്ടോയെന്ന് കളക്ടറോട് കോടതി ചോദിച്ചു. തുടര്‍ന്ന് ഇന്ന് തന്നെ സ്ഥലം സന്ദര്‍ശിച്ച് പരിശോധിക്കാനും കോടതി നിര്‍ദേശം നൽകി. സുഗമമായ ഗതാഗതം ഉറപ്പാക്കിയശേഷമേ ടോള്‍ പിരിക്കാവുവെന്ന സുപ്രീം കോടതി ഉത്തരവും ഹൈക്കോടതി ചൂണ്ടികാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price