കാണാതായ കുട്ടിയുടെ മൃതദേഹം പള്ളിക്കുളത്തിൽ നിന്ന് കണ്ടെത്തി. വട്ടേക്കാട് സ്വദേശി കണ്ടരാശേരി വീട്ടില് സുബൈറിന്റെ മകന് മുഹമ്മദ് റസലിനെയാണ് (14) മുങ്ങി മരിച്ച നിലയില് കുളത്തിൽ കണ്ടെത്തിയത്.ഒരുമനയൂര് തെക്കേതലക്കല് ജുമാഅത്ത് പള്ളിയുടെ പള്ളിക്കുളത്തിലാണ് മൃതദേഹം കണ്ടത്. സുഹൃത്തുമായി പള്ളിക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ റസൽ മുങ്ങി മരിക്കുകയായിരുന്നു.ഇന്നലെ വൈകിട്ട് കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊലിസിൽ പരാതി നല്കിയിരുന്നു. മൊബൈൽ ടവർ ലൊക്കേഷനിൽ കുട്ടിയുടെ മൊബൈൽ ചുള്ളിപ്പാടം പരിസരത്തെ ടവർ ലൊക്കേഷനിൽ ഉള്ളതായും കണ്ടെത്തി. തുടർന്നാണ് പൊലിസും നാട്ടുകാരും മറ്റും പരിശോധന നടത്തിയത്.പള്ളിക്കുളത്തിനു സമീപത്ത് ചെരിപ്പും ഡ്രെസ്സും മൊബൈൽ ഫോണും ഇരിക്കുന്നത് കണ്ടതിനെ തുടർന്ന് സമീപത്തെ സിസിടിവി പരിശോധന നടത്തിയപ്പോഴാണ് റസലും കൂട്ടുകാരനും ചേർന്ന് കുളിക്കാൻ വരുന്നതും കൂട്ടുകാരൻ പിന്നീട് ഓടി പോകുന്നതിന്റെയും ദൃശ്യങ്ങൾ കണ്ടെത്തിയത്.പുലർച്ചെ ഗുരുവായൂരിൽ നിന്നു ഫയര്ഫോഴ്സിനെ വിളിച്ചുവരുത്തി കുളത്തിൽ തെരച്ചിൽ നടത്തുകയായിരുന്നു. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. കുളിക്കുന്നതിനിടയിൽ റസൽ കുളത്തിൽ മുങ്ങിത്താഴ്ന്നു പോവുകയായിരുന്നു. ഇതു കണ്ട കൂട്ടുകാരന് ഭയന്നു ഓടി പോകുകയും വിവരം പുറത്തു പറയാതിരിക്കുകയുമായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ