Pudukad News
Pudukad News

ഗുരുവായൂരില്‍ വ്യാപാരിയുടെ ആത്മഹത്യ: ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വച്ച്‌ ക്രൂര മര്‍ദനം; കൊള്ളപ്പലിശക്കാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം


ഗുരുവായൂരില്‍ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി മൂലമാണ് മരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.സംഭവത്തില്‍ കുടുംബം പൊലിസില്‍ പരാതി നല്‍കി. ഗുരുവായൂർ നഗരസഭയുടെ മഞ്ജുളാല്‍ ഷോപ്പിംഗ് കോംപ്ലക്സില്‍ കച്ചവടം നടത്തിയിരുന്ന കർണംകോട്ട് ബസാർ മേക്കണ്ഠനകത്തു മുസ്തഫ (മുത്തു) വിനെയാണ് ഒക്ടോബർ പത്തിന് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.6 ലക്ഷം രൂപ പലിശക്കെടുത്തതിന് പകരമായി 40 ലക്ഷത്തോളം രൂപ തിരിച്ച്‌ നല്‍കിയിട്ടും പലിശക്കാർ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് സഹോദരൻ ഹക്കീമിന്റെ പരാതി. നെന്മിനി തൈവളപ്പില്‍ പ്രജിലേഷ്, ചൊവ്വല്ലൂർ പടി സ്വദേശി വിവേക് എന്നിവർക്കെതിരെയാണ് ഗുരുവായൂർ ടെമ്പിൾ പോലിസില്‍ പരാതി നല്‍കിയിട്ടുള്ളത്.ഒന്നര വർഷം മുൻപാണ് മുസ്തഫ പ്രജിലേഷ്, വിവേക് എന്നിവരില്‍ നിന്ന് 20 ശതമാനം പലിശ നിരക്കില്‍ 50 ദിവസത്തിനുള്ളില്‍ തിരിച്ചടയ്ക്കാമെന്ന ധാരണയില്‍ 6 ലക്ഷം രൂപ വീതം പലിശക്കെടുത്തതെന്ന് കുടുംബം പറയുന്നു. 6 ലക്ഷം രൂപ വാങ്ങിയതിന് മുതലും പലിശയുമായി ഏകദേശം 40 ലക്ഷം രൂപയോളം നല്‍കിയിട്ടും പലിശ മുടക്കിയെന്ന പേരില്‍ പ്രജിലേഷും വിവേകും പലപ്പോഴും വീട്ടിലും കടയിലും എത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു.മുസ്തഫയുടെ ആത്മഹത്യാക്കുറിപ്പ് പൊലിസ് കണ്ടെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും ഗുരുവായൂർ അസിസ്റ്റൻ്റ് പൊലിസ് കമ്മീഷണർ സി പ്രേമാനന്ദകൃഷ്ണൻ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price