തൃശ്ശൂർ അമല ആശുപത്രി വളപ്പിൽ പാർക്ക് ചെയ്തിരുന്ന ഡോക്ടറുടെ കാറിൻറെ ചില്ല് തകർത്ത് ഐപാഡും ബാഗും കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. കുന്നത്തങ്ങാടി അല്ലാണ്ടത്ത് അനീഷ്, മൈലിപാടം കള്ളിക്കാട്ടിൽ സന്തോഷ്, കടവല്ലൂർ ചെമ്പേക്കര ബിജേഷ് എന്നിവരാണ് പേരാമംഗലം പോലീസിന്റെ പിടിയിലായത്. ഒരാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം. രാവിലെ 9:30 യോടെ ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ വശത്തെ ചില്ല് പൊട്ടിച്ച് ബാഗും ഐപാഡും തട്ടിയെടുത്തെന്നാണ് കേസ്. ആശുപത്രിക്ക് മുന്നിൽ നിന്നും ഗുരുവായൂർ ഭാഗത്തേക്കുള്ള ബസ്സിൽ മോഷ്ടാക്കൾ രക്ഷപ്പെട്ടു. ബസ്സിൽ സിസിടിവി ഇല്ലാതിരുന്നതിനാൽ അന്വേഷണം ദുഷ്കരമായിരുന്നു. എന്നാൽ ഓരോ ബസ്റ്റോപ്പിന്റെയും പരിസരത്തെ അടക്കം നൂറോളം സിസിടിവി ക്യാമറകൾ പരിശോധിച്ചു ഒടുവിൽ പ്രതികളെ കണ്ടെത്തി. അനീഷിനും സന്തോഷിനും എതിരെ നാലു കേസുകൾ വിവിധ സ്റ്റേഷനുകളിൽ നിലവിലുണ്ട്. മുണ്ടൂരിൽ മൊബൈൽകട ഉടമയായ ബിജേഷ് പ്രതികളിൽനിന്ന് തൊണ്ടിമുതൽ വാങ്ങിയതിനാണ് പിടിയിലായത്.എസിപി കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ