Pudukad News
Pudukad News

സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകളാണോ? കേരള വനിത സംരംഭക കോണ്‍ക്ലേവ് നാളെ ആരംഭിക്കും


കേരളത്തിന്റെ വ്യാവസായിക രംഗത്ത് അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ച'സംരംഭക വർഷം' പദ്ധതിയുടെ വിജയത്തിന് പിന്നാലെ, സംസ്ഥാനത്തെ വനിതാ സംരംഭകത്വ മേഖലയ്ക്ക് കൂടുതല്‍ ഉണർവ് നല്‍കാനുള്ള വിപുലമായ ശ്രമങ്ങളുമായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്.എം.എസ്.എം.ഇ (MSME) മന്ത്രാലയം ലോകബാങ്കിന്റെ പിന്തുണയോടെ നടപ്പാക്കുന്ന റാംപ് (RAMP) പദ്ധതിയുടെ ഭാഗമായാണ്, സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ഈ സുപ്രധാന സംഗമം സംഘടിപ്പിക്കുന്നത്. ഈ കോണ്‍ക്ലേവ്, വെറുമൊരു കൂട്ടായ്മ എന്നതിലുപരി, കേരളത്തിലെ വനിതകളെ സാങ്കേതികവിദ്യയുടെയും ആഗോള മത്സരശേഷിയുടെയും ലോകത്തേക്ക് ഒരു പുതിയ ദിശാബോധം നല്‍കി കൈപിടിച്ച്‌ നടത്താനുള്ള സംസ്ഥാനസർക്കാരിന്റെ ശക്തമായ പ്രതിബദ്ധതയുടെ പ്രഖ്യാപനമാണ്. സംരംഭം തുടങ്ങാൻ സ്വപ്നം കാണുന്നവർക്കും, നിലവിലുള്ള സംരംഭങ്ങളെ ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ ആഗ്രഹിക്കുന്നവർക്കും, ഒരുപോലെ ഊർജ്ജവും ധൈര്യവും നല്‍കാൻ ഈ സംഗമം സഹായകമാകും.'സംരംഭക വർഷം' പദ്ധതിക്ക് കീഴില്‍ രജിസ്റ്റർ ചെയ്ത സംരംഭകരില്‍ 31% പേരും വനിതകളാണ് എന്ന അഭിമാനകരമായ നേട്ടം നിലനില്‍ക്കെ, ഈ പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് കോണ്‍ക്ലേവ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുൻകൂറായി രജിസ്റ്റർ ചെയ്ത ആയിരത്തിലധികം വനിതാ സംരംഭകരാണ്‌ ഈ സംഗമത്തില്‍ പങ്കാളികളാകുന്നത്. എസ്.എം.ഇ മേഖലയില്‍ സ്ത്രീകളുടെ വളർച്ച ഉറപ്പുവരുത്തുക, പ്രത്യേകിച്ച്‌ യുവതലമുറയെയും സാങ്കേതികവിദ്യാധിഷ്ഠിത ഉല്‍പ്പാദനത്തില്‍ താല്‍പ്പര്യമുള്ളവരെയും ആകർഷിക്കുക എന്നതാണ് പ്രധാനലക്ഷ്യം. ഇ-കൊമേഴ്‌സ്, ഡിജിറ്റലൈസേഷൻ, നിർമിതബുദ്ധി (AI) തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ സംരംഭകത്വത്തില്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് വിശദീകരിക്കാൻ കോണ്‍ക്ലേവ് ഊന്നല്‍ നല്‍കും.മികച്ച ഉല്‍പ്പന്നങ്ങളുള്ള വനിതാ സംരംഭകർക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ദേശിയ അന്തർദേശീയ തലങ്ങളില്‍ പ്രദർശനവും വിപണനസാധ്യതകളും ഉറപ്പുവരുത്തി, അടുത്ത ഘട്ടത്തിലേക്ക് കുതിക്കാൻ ആവശ്യമായ ധൈര്യവും പ്രചോദനവും നല്‍കുക എന്നതാണ് ലക്ഷ്യം. സംസ്ഥാനത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍, 2025 ഒക്ടോബർ 13-നാണ് ഈ വിപുലമായ സംഗമം ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മണിക്ക് തൃശ്ശൂർ ലുലു ഇന്റർനാഷണല്‍ കണ്‍വെൻഷൻ സെന്ററില്‍ വച്ച്‌ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിന് നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി. രാജീവ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. തൃശ്ശൂർ എംഎല്‍എ പി. ബാലചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി.എസ്. പ്രിൻസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ്ഹനീഷ് ഐഎഎസ് ഓഫീസർ ആനി ജൂല, വ്യവസായ വാണിജ്യ ഡയറക്ടർ പി. വിഷ്ണുരാജ് തുടങ്ങി വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ വ്യവസായ സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price