വേർപിരിഞ്ഞു കഴിയുന്ന ഭാര്യയെ ജോലി സ്ഥലത്തും താമസിക്കുന്ന വാടകവീട്ടിലും എത്തി കോടതി ഉത്തരവ് ലംഘിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. കറുകുറ്റി സ്വദേശി പൈനിങ്കൽ വീട്ടിൽ ബിനീഷിനെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. വേർ പിരിഞ്ഞു കഴിയുന്ന ഭർത്താവിൽ നിന്നും ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമപ്രകാരം സംരക്ഷണം ആവശ്യപ്പെട്ട് യുവതി കോടതിയിൽ നൽകിയ പരാതിയിൽ യുവതിക്ക് അനുകൂല ഉത്തരവ് ലഭിച്ചിരുന്നു. ഇത് ലംഘിച്ച് ജൂൺ 23നും 24 നും യുവതി ജോലി ചെയ്യുന്ന ചാലക്കുടിയിലെ ബേക്കറിയുടെ മുന്നിലെത്തി യുവതിയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ബേക്കറിയിലെ മാനേജരോട് യുവതിയെ ജോലിയിൽനിന്ന് പറഞ്ഞു വിട്ടില്ലെങ്കിൽ കടയിൽ വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ ജോലി കളയുകയും ചെയ്തിരുന്നു. പിന്നീട് യുവതി താമസിക്കുന്ന ചാലക്കുടി ഗവൺമെൻറ് ആശുപത്രിക്ക് സമീപമുള്ള വാടകവീടിനു മുന്നിലെത്തി യുവതിയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതോടെ ചാലക്കുടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പരാതിക്കാരിയെ ആക്രമിച്ചതിന് അങ്കമാലിയിലും ഇരുചക്രവാഹനം തീവച്ച് നശിപ്പിച്ചതിനും വീട്ടിലേക്ക് അതിക്രമിച്ചുകയറി ആക്രമിച്ചതിനും കൊരട്ടിയിലും ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഭീഷണി തുടർന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ