പുലർച്ചെ മൂന്നിന് തുറക്കുന്ന ഗുരുവായൂർ ക്ഷേത്രം ഇനി ഉച്ചയ്ക്ക് ഒരു മണിക്കൂർ മാത്രം അടയ്ക്കും. ഉച്ചയ്ക്ക് മൂന്നിന് നടയടച്ചാൽ നാലിന് തുറന്നു രാത്രി 9 വരെ ദർശനം തുടരും. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ഭരണസമിതി തീരുമാനമെടുത്തതായി ചെയർമാൻ ഡോ. വി കെ വിജയൻ അറിയിച്ചു. ഇപ്പോൾ ഉച്ചയ്ക്ക് രണ്ടിന് നട അടച്ചാൽ വൈകിട്ട് 4.30നാണ് തുറക്കുന്നത്. അവധി ദിവസങ്ങളിൽ 3.30നും തുറക്കും. എന്നാൽ ഭക്തരുടെ തിരക്ക് കാരണം ഉച്ചയ്ക്ക് രണ്ടിന് നടക്കാൻ കഴിയാറില്ല. 2.45 വരെ ദർശനം അനുവദിക്കാറുണ്ട്. തിരക്ക് പരിഗണിച്ച് തന്ത്രിയുടെ നിർദ്ദേശം കൂടി സ്വീകരിച്ചാണ് ക്രമീകരണം ഏർപ്പെടുത്തിയത്. വഴിപാട് നടത്താൻ ഭക്തർ ഏറെനേരം ക്യൂ നിൽക്കുന്നത് പരിഹരിക്കാനും സംവിധാനമായി. ഫെഡറൽ ബാങ്കുമായി സഹകരിച്ച് പിഒഎസ് സംവിധാനം ഉപയോഗിച്ച് വഴിപാട് ശീട്ടാക്കാൻ ദേവസ്വം ജീവനക്കാർ ഭക്തരുടെ അടുത്തേക്ക് എത്തും. തീരുമാനങ്ങൾ ഉടൻ നടപ്പാക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ