സ്ഥാപനത്തില്‍ വർക്കിങ് പാർട്ണർ ആക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 22 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍.മലപ്പുറം കൊണ്ടോട്ടി ചെറുകാട് കോട്ടംപറമ്പത്ത് മുഹമ്മദ് ജാബിറിനെ (37) ആണ് തൃശൂർ റൂറല്‍ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.തളിക്കുളം അറക്കല്‍ ഷറഫുദ്ദീനെ തൃശൂർ ഒമാനിയോ ഇന്റർനാഷനല്‍ എന്ന സ്ഥാപനത്തിലെ വർക്കിങ് പാർട്ണർ ആക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. 2022 ഒക്ടോബർ 11നും 25നും അഞ്ചു ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ട് മുഖേന വാങ്ങിച്ചു. ഒരു മാസം കഴിഞ്ഞ് തൃശൂർ എം.ജി റോഡിലെ ഒമാനിയോ ഇന്റർനാഷനല്‍ ഓഫിസില്‍വെച്ച് 12 ലക്ഷം രൂപയും പ്രതി കൈപ്പറ്റി. പാലക്കാടുനിന്നാണ് പ്രതിയെ പിടികൂടിയത്.ഷറഫുദ്ദീൻ കാളത്തോടുള്ള സുഹൃത്ത് വഴിയാണ് മുഹമ്മദ് ജാബിറിനെ പരിചയപ്പെട്ടത്. വർക്കിങ് പാർട്ണർ ആക്കിയാല്‍ മൂന്നു മാസം കൂടുമ്ബോള്‍ കണക്ക് നോക്കി ലാഭത്തിന്റെ 20 ശതമാനം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തുക വാങ്ങിയത്. പണം കൊടുത്ത് മൂന്നു മാസത്തിനുശേഷം അന്വേഷിച്ചപ്പോള്‍ വർക്കിങ് പാർട്ണർ ആക്കിയിട്ടില്ലെന്നും മൂന്നു മാസത്തിനുശേഷം കാര്യങ്ങള്‍ ശരിയാക്കാമെന്നും പറഞ്ഞു. കാര്യങ്ങള്‍ ശരിയാക്കാത്തതിനെ തുടർന്ന് ഷറഫുദ്ദീൻ തൃശൂർ സിറ്റി പൊലീസ് കമീഷണർക്കും ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. ഇരു കൂട്ടരെയും വിളിച്ച് സംസാരിച്ചതില്‍ പണം തിരികെ കൊടുക്കാമെന്ന് പറഞ്ഞെങ്കിലും നല്‍കിയില്ല.2023 ജൂണ്‍ ഏഴിന് പണം തിരികെ നല്‍കാമെന്ന് കരാർ എഴുതി. പാലക്കാട്ടെ ബാങ്കിന്റെ 10 ലക്ഷം, 12 ലക്ഷം എന്നിങ്ങനെയുള്ള രണ്ടു ചെക്കുകള്‍ മുഹമ്മദ് ജാബിർ ഷറഫുദ്ദീന് നല്‍കി. എന്നാല്‍, ബാങ്കില്‍ ചെന്നപ്പോള്‍ അക്കൗണ്ടില്‍ പണമില്ലെന്ന അറിയിപ്പാണ് ലഭിച്ചത്. ഫോണില്‍ വിളിക്കുമ്പോൾ പണം നല്‍കാമെന്ന് പറയുന്നതല്ലാതെ മുഹമ്മദ് ജാബിറില്‍നിന്ന് പണം ലഭിക്കാത്തതിനാലാണ് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ