പുത്തൂർ സുവോളജിക്കല്‍ പാർക്ക് എത്രയുംവേഗം തുറന്നുകൊടുക്കാൻ മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ തീരുമാനം.തൃശ്ശൂർ മൃഗശാലയിലെ ഭൂരിഭാഗം ജീവികളെയും പുത്തൂരിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് അടുത്ത മാസം തന്നെ പാർക്ക് തുറക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുന്നത്.യോഗത്തില്‍ വനംമന്ത്രി എ.കെ. ശശീന്ദ്രൻ, പാർക്ക് ഡയറക്ടർ ബി.എൻ. നാഗരാജ്, സ്പെഷ്യല്‍ ഓഫീസർ കെ.ജെ. വർഗീസ്, ഫോറസ്റ്റ് ചീഫ് കണ്‍സർവേറ്റർ ഡോ. ആർ. ആടലരശൻ, പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു. ഒക്ടോബർ ആദ്യവാരത്തില്‍ തുറക്കാനാണ് നിലവിലെ തീരുമാനം. ഇതിന്റെ ഭാഗമായി മന്ത്രിമാരായ രാജനും ശശീന്ദ്രനും ബുധനാഴ്ച മുഖ്യമന്ത്രിയെ നേരില്‍ക്കാണും.തീയതി ലഭിക്കുന്ന മുറയ്ക്ക് ഉദ്ഘാടനത്തിനു മുൻപായി ഈ മാസം 20-ന് പുത്തൂരിലെ പാർക്കില്‍ ഹോളോഗ്രാം വെർച്വല്‍ സൂവിന് തറക്കല്ലിടും. 27-ന് മന്ത്രി കെ.എൻ. ബാലഗോപാല്‍ പെറ്റ് സൂ നിർമാണപ്രവർത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്നുതന്നെ പാർക്ക് തുറക്കുന്നതിന്റെ സ്വാഗതസംഘം രൂപവത്കരണയോഗവും നടക്കുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. ഇപ്പോള്‍ ഹോളോഗ്രാം സൂ ഉള്ളത് ആസ്ത്രേലിയയില്‍ മാത്രമാണ്.എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ജീവികളെ വെർച്വല്‍ സാങ്കേതികവിദ്യവഴി അടുത്തു കാണാനുള്ള 45 മിനിറ്റ് ദൈർഘ്യമുള്ള പ്രത്യേക ദൃശ്യാനുഭവമാണത്. തൃശ്ശൂരില്‍ നിന്ന് പുലി, കടുവ, ഒട്ടകപ്പക്ഷി, എമു, 60 മാനുകള്‍, മയിലുകള്‍, വർണപ്പക്ഷികള്‍, കാട്ടുപോത്ത് എന്നിവയെ പുത്തൂരിലേക്ക് മാറ്റി. വളരെ അവശതയുള്ള സിംഹത്തെ ഏറ്റവുമൊടുവിലാണ് മാറ്റുക. ഒരു ഹിപ്പോയെ അടുത്തയാഴ്ച മാറ്റും.തൃശ്ശൂരിലെ 439 ജീവികളില്‍ 191 എണ്ണം മാനുകളാണ്. ശേഷിക്കുന്ന 131 മാനുകളെ പുത്തൂരിലെ സഫാരി പാർക്കിലേക്ക് മാറ്റും. പുത്തൂരില്‍ ഇപ്പോള്‍ ഒൻപത് കടുവകള്‍, നാല് പുലികള്‍ എന്നിവയടക്കം ഇരുന്നൂറില്‍പ്പരം ജീവികളെ പാർപ്പിക്കുന്നുണ്ട്. രണ്ടു വർഷം മുൻപ് ജനവാസകേന്ദ്രങ്ങളില്‍നിന്നെത്തിച്ച കടുവകളും കൂട്ടത്തിലുണ്ട്.ഇവയെ പാർക്കിലെ ആവാസകേന്ദ്രങ്ങളിലേക്ക് തുറന്നുവിടേണ്ട സമയം കഴിഞ്ഞ ഘട്ടത്തിലാണ് പാർക്ക് വേഗത്തില്‍ തുറക്കാനുള്ള നീക്കം തുടങ്ങിയത്. പുത്തൂർ കുരിശു മൂലയില്‍ വനംവകുപ്പിന്റെ 336 ഏക്കറിലാണ് പാർക്ക് തുറക്കുന്നത്. കിഫ്ബി വഴി ലഭിച്ച 331 കോടി രൂപയില്‍ ഇതുവരെ 285 കോടിയാണ് പാർക്കിനുവേണ്ടി ചെലവഴിച്ചത്. 36 കോടി രൂപ പുത്തൂർ റോഡ് വികസനത്തിനും വിനിയോഗിച്ചതായി സ്പെഷ്യല്‍ ഓഫീസർ കെ.ജെ. വർഗീസ് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ